കോഴിക്കോട്: ബാലുശേരി കിനാലൂരില്‍ പരിക്കേറ്റ നിലയില്‍ ബീഹാർ സ്വദേശിയെ നാട്ടുകാർ പിടികൂടി.രക്തം പുരണ്ട നിലയിലുള്ള സ്‌ത്രീകളുടെ അടിവസ്ത്രങ്ങളും ഒരു ഷൂവും ഇയാളുടെ പക്കല്‍ നിന്ന് കണ്ടെടുത്തു.കിനാലൂർ പാറത്തലയ്ക്കല്‍ ബാബുരാജിന്റെ വീടിന്റെ പിൻവശത്താണ് ബീഹാർ സ്വദേശിയായ യുവാവ് കിടക്കുന്നതായി കണ്ടത്.ഇന്നുരാവിലെയാണ് സംഭവം.രാവിലെ ആറുമണിയോടെ വീട്ടുകാർ വാതില്‍ തുറന്ന് പുറത്തിറങ്ങിയപ്പോഴാണ് തലയില്‍ മുറിവുമായി ഇയാളെ കണ്ടത്.
കയ്യില്‍ ഷൂസും അടിവസ്ത്രങ്ങളും ഉണ്ടായിരുന്നു. ഇയാള്‍ കഴിഞ്ഞദിവസം മദ്യപിച്ചിരുന്നതായാണ് വിവരം. ശേഷം താമസസ്ഥലത്തേയ്ക്ക് പോകുന്നതിനിടെ എവിടെയെങ്കിലും വീണ് പരിക്കേല്‍ക്കുകയും പരിസരത്തുകണ്ട വസ്ത്രങ്ങള്‍ എടുത്ത് മുറിവ് തുടയ്ക്കാൻ ശ്രമിച്ചതാകാമെന്നുമാണ് പൊലീസിന്റെ നിഗമനം.നിലവില്‍ പ്രദേശത്ത് ആരെങ്കിലും കാണാതായതായോ കൊല്ലപ്പെട്ടതായോ ആർക്കെങ്കിലും പരിക്കേറ്റതായോ ഉള്ള വിവരം ഇതുവരെ ലഭിച്ചിട്ടില്ല. യുവാവിനെ താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. മുറിവ് ആയുധം ഉപയോഗിച്ചുണ്ടായതല്ല എന്നാണ് പൊലീസിന്റെ പ്രാഥമിക അനുമാനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.