അഹമ്മദാബാദ് : ചെന്നൈ സൂപ്പര്‍ കിങ്സിന് അഞ്ചാം ഐ.പി.എല്‍ കിരീടം സമ്മാനിച്ച ശേഷം വിരമിക്കല്‍ തീരുമാനത്തെക്കുറിച്ച് പ്രതികരിച്ച് നായകൻ മഹേന്ദ്ര സിങ് ധോണി.വിരമിക്കാൻ പറ്റിയ ഏറ്റവും നല്ല സമയമാണിതെന്ന് ധോണി പറഞ്ഞു. എന്നാല്‍, ആരാധകര്‍ തനിക്കു നല്കുന്ന അളവറ്റ സ്നേഹത്തിന് എന്തെങ്കിലും പകരം നല്‍കണം. അവര്‍ക്കുള്ള സമ്മാനമായി ഒരു സീസണ് കൂടി കളിക്കുന്നതാകും നല്ലതെന്നും ധോണി വ്യക്തമാക്കി.
സാഹചര്യം നോക്കിയാല്‍ വിരമിക്കല്‍ പ്രഖ്യാപിക്കാനുള്ള ഏറ്റവും മികച്ച സമയമാണിത്. ഇപ്പോള്‍ എല്ലാവര്ക്കും നന്ദി പറഞ്ഞ് വിരമിക്കുന്നതാണ് ഏറ്റവും എളുപ്പം. എന്നാല്‍, ഇനിയും ഒൻപത് മാസം കഠിനാധ്വാനം ചെയ്ത് ഒരു സീസണ് കൂടി കളിക്കുക ദുഷ്കരമാണ്. ഏറെയും എന്റെ ശരീരത്തെ ആശ്രയിച്ചിരിക്കുമത്. തീരുമാനമെടുക്കാൻ ആറേഴു മാസം കൂടി കൈയിലുണ്ട്-ഫൈനലിനുശേഷം ധോണി കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെയോട് പ്രതികരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സി.എസ്.കെ ആരാധകരില്‍ നിന്ന് ലഭിക്കുന്ന ഈ അളവറ്റ സ്നേഹത്തിന് ഒരു സീസണ് കൂടി കളിച്ച് പകരം വീട്ടുന്നതാകും നല്ലതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അത്രയെളുപ്പമുള്ള കാര്യമല്ലെങ്കിലും എന്റെ ഭാഗത്തുനിന്നുള പാരിതോഷികമാണത്. അവര്‍ കാണിച്ച സ്നേഹത്തിനും വികാരവായ്പിനുമെല്ലാം പകരം നല്‍കേണ്ടതുണ്ട്. എന്റെ കരിയറിന്റെ അവസാന നിമിഷങ്ങളായതിനാല്‍ ഞാൻ ആസ്വദിക്കുകയാണ്. ഇവിടെ തന്നെയാണ് അത് ആരംഭിച്ചത്. ചെപ്പോക്കിലും ഇതേ വികാരം തന്നെയായിരുന്നുവെന്നും ധോണി കൂട്ടിച്ചേര്‍ത്തു.
ഐ.പി.എല്ലില്‍ ധോണിയുടെ 250-ാമത്തെ മത്സരമായിരുന്നു ഇന്നലെ ഗുജറാത്തിനെതിരെ നടന്ന കലാശപ്പോരാട്ടം. 14 സീസണുകളില്‍ ചെന്നൈയെ പ്ലേഓഫിലേക്ക് നയിച്ച നായകനാണ് ധോണി. ഇതില്‍ 11 തവണയും ഫൈനല്‍ വരെ ടീമിന്റെ പോരാട്ടം നീണ്ടുവെന്നതാണ് ധോണിയുടെ വിജയം. അതില്‍ അഞ്ച് കിരീടങ്ങളും.