സമരം കടുപ്പിച്ച് ഗുസ്തി താരങ്ങൾ; ഹരിദ്വാറിൽ വച്ച് മെഡലുകൾ ഗംഗയിൽ ഒഴുക്കും ;ഇന്ത്യാ ഗേറ്റിൽ സമരമിരിക്കും

ദില്ലി: ബ്രിജ് ഭൂഷണെതിരായ സമരത്തിൽ കടുത്ത നിലപാടിലേക്ക് ഗുസ്തി താരങ്ങൾ. അന്താരാഷ്ട്ര മത്സരങ്ങളിലടക്കം രാജ്യത്തെ പ്രതിനിധീകരിച്ച് നേടിയ മെഡലുകൾ ഗംഗയിൽ ഒഴുക്കുമെന്നാണ് നിലപാടെടുത്തിരിക്കുന്നത്. തങ്ങൾ കഠിനാധ്വാനം ചെയ്തു നേടിയ മെഡലുകൾക്ക് ഗംഗയുടെ അതേ പരിശുദ്ധിയാണെന്ന് താരങ്ങൾ പറഞ്ഞു.

ഇന്ന് വൈകിട്ട് ആറുമണിക്ക് ഹരിദ്വാറിൽ വച്ച് മെഡലുകൾ ഗംഗയിൽ ഒഴുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മെഡലുകൾ ഗംഗയിൽ ഒഴുക്കിയ ശേഷം ഇന്ത്യാ ഗേറ്റിൽ സമരമിരിക്കും. പീഡിപ്പിക്കപ്പെട്ട പെൺകുട്ടികൾക്ക് ഒപ്പം നിൽക്കണോ പീഡിതർക്കൊപ്പം നിൽക്കണോ എന്ന് ജനങ്ങൾ തീരുമാനിക്കട്ടെയെന്നും ഗുസ്തി താരങ്ങൾ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം ഗുസ്തി താരങ്ങളുടെ ഹർജി പോക്സോ കോടതിയിലേക്ക് മാറ്റണമെന്ന ഹർജിയിൽ ദില്ലി ഹൈക്കോടതി രജിസ്ട്രാർക്കും ദില്ലി സർക്കാരിനും ഹൈക്കോടതി നോട്ടീസ് അയച്ചു. ജൂലായ് ആറിന് ഹർജി കോടതി കേസ് വീണ്ടും പരിഗണിക്കും.

ഗുസ്തി ഫെഡറേഷൻ അധ്യക്ഷന് ബ്രിജ് ഭൂഷന്റെ അറസ്റ്റ് വൈകുന്നതിനെതിരെ രാജ്യ വ്യാപക പ്രതിഷേധത്തിന് സംയുക്ത കിസാൻ മോർച്ചയും തയ്യാറെടുക്കുന്നുണ്ട്. ഇന്നലെ രാത്രിയിൽ ചേർന്ന നേതൃയോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.

യോഗത്തിൽ ഗുസ്തി താരങ്ങളെ പ്രതിനിധീകരിച്ച് ബജ്റംഗ് പുനിയയും പങ്കെടുത്തിരുന്നു. വ്യാഴാഴ്ച എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ബിജെപി എംപി കൂടിയായ ബ്രിജ് ഭൂഷന്റെ കോലം കത്തിക്കാനാണ് തീരുമാനം.

ബ്രിജ് ഭൂഷൺ അയോധ്യയിൽ ശക്തി പ്രകടന റാലി നടത്താനിരിക്കുന്ന ജൂൺ അഞ്ചിന് എല്ലാ ഗ്രാമങ്ങളിലും നഗരങ്ങളിലും പ്രതിഷേധ സംഗമവും കോലം കത്തിക്കലും സംഘടിപ്പിക്കും. അന്ന് തന്നെ ദില്ലിയിൽ ചേരുന്ന യോഗത്തിൽ തുടർ പരിപാടികൾ തീരുമാനിക്കുമെന്നും എസ്കെഎം അറിയിച്ചു.

സമരം അവസാനിച്ചിട്ടില്ലെന്നും രണ്ടാം ഘട്ടം ഉടൻ പ്രഖ്യാപിക്കുമെന്നും സാക്ഷി മാലിക് ഇന്നലെ വ്യക്തമാക്കിയിരുന്നു. ജന്തർ മന്തറിൽ ഇനി പ്രതിഷേധം അനുവദിക്കില്ലെന്നും അപേക്ഷ നൽകിയാൽ മറ്റൊരിടം നൽകാമെന്നുമാണ് ദില്ലി പൊലീസിന്റെ നിലപാട്.

Hot Topics

Related Articles