ന്യൂഡല്‍ഹി: 13 മത്സരങ്ങളില്‍നിന്ന് ആകെ അഞ്ച് ജയം, എട്ട് തോല്‍വി, പത്തു പോയിന്റ്. ഇത്തവണ ഐ.പി.എല്ലില്‍നിന്ന് പ്ലേഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. എന്നാല്‍, സ്വന്തം തട്ടകത്തില്‍ പലതും കരുതിവച്ചാകും ഡല്‍ഹി നാളെ ചെന്നൈയ്ക്കെതിരെ ഇറങ്ങുക. സ്വന്തം കാണികള്ക്കുമുന്നിലുള്ള അവസാന മത്സരം ജയിച്ച് നാണക്കേടിന്റെ ആഘാതം കുറയ്ക്കുകയാകും റിക്കി പോണ്ടിങ്ങിന്റെ സംഘം ലക്ഷ്യമിടുന്നത്.
പതിവ് ജഴ്സി മാറ്റിയാകും നാളെ ഡല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ഇറങ്ങുക. മഴവില്‍ നിറത്തിലുള്ള ഭാഗ്യജഴ്സിയിലായിരിക്കും ഡല്‍ഹി താരങ്ങളുടെ സീസണിലെ അവസാന മത്സരം. ഈ ജഴ്സിയില്‍ നൂറുശതമാനം വിജയമുള്ളതിനാല്‍ ഭാഗ്യ ഫാക്ടറായാണ് ഇതിനെ ടീമും ആരാധകരും കാണുന്നത്. ഇതെല്ലാം കൊണ്ടുതന്നെ പ്ലേഓഫ് സാധ്യതകള്‍ ഉറപ്പിക്കാന്‍ ജയം അനിവാര്യമായ ചെന്നൈയ്ക്ക നാളത്തെ മത്സരം വെല്ലുവിളി നിറഞ്ഞതാകും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2020 മുതലാണ് റെയിന്‍ബോ ജഴ്സിയില്‍ ഡല്‍ഹി കളിച്ചിട്ടുള്ളത്. ഓരോ വര്‍ഷവും ഓരോ മത്സരങ്ങളിലായിരുന്നു ഭാഗ്യപരീക്ഷണം നടത്തിയത്. മൂന്നും വിജയം കാണുകയും ചെയ്തു. 2020ല്‍ ബാംഗ്ലൂരിനെതിരെയായിരുന്നു ആദ്യമായി ഈ ജഴ്സിയില്‍ ഇറങ്ങിയത്. അന്ന് 59 റണ്‍സിനാണ് ഡല്‍ഹിപ്പട ബാംഗ്ലൂരിനെ തകര്‍ത്തത്. 2021ല്‍ മുംബൈയെ നാലു വിക്കറ്റിനും തോല്പിച്ചു. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയായിരുന്നു ഇര. കൊല്‍ക്കത്തയെയും ഡല്‍ഹി നാലു വിക്കറ്റിനു തോല്പിച്ചു.
നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ചെന്നൈ. 13 മത്സരങ്ങളില്‍നിന്ന് ഏഴ് ജയവും അഞ്ച് തോല്‍വിയും ഒരു സമനിലയും. ആകെ പോയിന്റ് 15. ഇതേ മാര്‍ജിനില്‍ ലഖ്നൗവും തൊട്ടുപിന്നാലെയുണ്ട്. റണ്‍റേറ്റിന്റെ ബലത്തിലാണ് ചെന്നൈ രണ്ടാം സ്ഥാനത്തുള്ളത്. 14 പോയിന്റുമായി ബാംഗ്ലൂരും മുംബൈയും തൊട്ടരികെയുള്ളതും ചെന്നൈയ്ക്ക് ഭീഷണിയാണ്.