ടെല്‍ അവീവ്: ആശുപത്രികള്‍ക്കും ജനങ്ങള്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ക്കും നേരേ ഇറാൻ ആക്രമണം നടത്തിയതിന് പിന്നാലെ കനത്ത തിരിച്ചടി നല്‍കാൻ ഇസ്രയേല്‍.ഇറാനിലെ തന്ത്രപ്രധാനകേന്ദ്രങ്ങള്‍ക്ക് നേരേയുള്ള ആക്രമണം ശക്തിപ്പെടുത്താൻ താനും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും സൈന്യത്തിന് നിർദേശം നല്‍കിയതായി ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്സ് പറഞ്ഞു. വ്യാഴാഴ്ച സൊറോക്കയിലെ ആശുപത്രിക്ക് നേരേയടക്കം ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണമാണ് ഇസ്രയേലിനെ കൂടുതല്‍ ചൊടിപ്പിച്ചത്.
ഭീരുവായ ഇറാൻ ഏകാധിപതി ബങ്കറില്‍ ഒളിച്ചിരുന്ന് ഇസ്രയേലിലെ ആശുപത്രികളും വീടുകളും ആക്രമിക്കുകയാണെന്ന് ഇസ്രയേല്‍ കാറ്റ്സ് കുറ്റപ്പെടുത്തി. ആയത്തുള്ള അലി ഖമീനിയുടെ ഭരണകൂടത്തെ അസ്ഥിരപ്പെടുത്താനും ഇസ്രയേല്‍ നേരിടുന്ന ഭീഷണികള്‍ ഒഴിവാക്കാനും ഇറാന്റെ തന്ത്രപ്രധാനകേന്ദ്രങ്ങളില്‍ ആക്രമണം ശക്തമാക്കാൻ ഇസ്രയേല്‍ പ്രതിരോധസേനയ്ക്ക് നിർദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വ്യാഴാഴ്ചയാണ് ബീർഷേവയിലെ സൊറോക്ക മെഡിക്കല്‍ സെന്ററിന് നേരേ ഇറാന്റെ മിസൈല്‍ ആക്രമണമുണ്ടായത്. ഇറാന്റെ ആക്രമണത്തില്‍ വ്യാഴാഴ്ച മാത്രം 65-ഓളം പേർക്ക് പരിക്കേറ്റതായി ഇസ്രയേല്‍ അധികൃതർ പറഞ്ഞു. അതിനിടെ, ആശുപത്രി ആയിരുന്നില്ല ഇതിനുസമീപത്തെ ഇസ്രയേല്‍ പ്രതിരോധസേനയുടെ നിയന്ത്രണത്തിലുള്ള ടെക്നോളജി പാർക്കായിരുന്നു ഇറാന്റെ പ്രധാനലക്ഷ്യമെന്ന് ഇറാൻ വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു. ടെല്‍ അവീവിന് സമീപവും വ്യാഴാഴ്ച ഇസ്രയേലിന്റെ മിസൈലുകള്‍ പതിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.
അതിനിടെ, ഇറാനിലെ അരാക് ആണവകേന്ദ്രത്തിന് നേരേ ഇസ്രയേലും കനത്ത ആക്രമണം നടത്തി. ബുധനാഴ്ച രാത്രി തങ്ങളുടെ പോർവിമാനങ്ങള്‍ ഉപയോഗിച്ചാണ് തെക്കുപടിഞ്ഞാറൻ ടെഹ്റാനിലെ അരാക് ആണവകേന്ദ്രം തകർത്തതെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു. ആക്രമണത്തിന് മുൻപ് പ്രദേശത്തുള്ളവരോട് ഒഴിഞ്ഞുപോകാൻ ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് ആണവകേന്ദ്രത്തിന് നേരേ ശക്തമായ ആക്രമണമുണ്ടായത്.
എന്നാല്‍, ഇസ്രയേല്‍ ആക്രമണത്തില്‍ ആണവകേന്ദ്രത്തിന് കാര്യമായ തകരാറുണ്ടായില്ലെന്നും പ്രദേശത്ത് ആണവവികിരണമില്ലെന്നുമാണ് ഇറാന്റെ അവകാശവാദം. നതാൻസിലെ യുറേനിയം സമ്ബുഷ്ടീകരണകേന്ദ്രത്തിന് നേരേ വ്യാഴാഴ്ചയും ഇസ്രയേല്‍ ആക്രമണമുണ്ടായെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം, ഇസ്രയേല്‍ തങ്ങളുടെ ആണവകേന്ദ്രങ്ങള്‍ക്ക് നേരേ ആക്രമണം നടത്തിയതില്‍ ഇറാൻ അന്താരാഷ്ട്ര ആണവോർജ ഏജൻസി(ഇന്റർനാഷണല്‍ അറ്റോമിക് എനർജി ഏജൻസി-IAEA)യെ പരാതിയുമായി സമീപിച്ചു. ആണവകേന്ദ്രങ്ങള്‍ക്ക് നേരേയുള്ള ആക്രമണം തടഞ്ഞുകൊണ്ടുള്ള അന്താരാഷ്ട്രനിയമങ്ങളുടെ ലംഘനമാണ് ഇസ്രയേല്‍ നടത്തുന്നതെന്നും ഇറാൻ കുറ്റപ്പെടുത്തി.