വൈക്കം:ഇവാന്റെ ഓർമ്മയിൽ ഇനിചെട്ടിമംഗലത്തെ ജനങ്ങൾ കരയാറിന്റെ മറുകരെ എത്തും. പി ഡബ്ല്യു ഡി കൈവിട്ടതോടെ കഴിഞ്ഞ ഒരു വർഷമായി നിലച്ച ചെട്ടി മംഗലം-തോട്ടകം കടത്താണ് ഇന്നലെ പുനരാരംഭിച്ചത്. ഉദയനാപുരം പഞ്ചായത്ത് ഒൻപതാം വാർഡ് മെമ്പർ ദീപേഷാണ് കഴിഞ്ഞ ജൂണിൽ കരയാറിൽ വള്ളം മുങ്ങിമരിച്ച നാലു വയസുകാരൻ മകൻ ഇവാന്റെ ഓർമ്മയ്ക്കായി രണ്ടു പതിവിന്റെ വള്ളം വാങ്ങി നൽകിയതോടെയാണ് കടത്തു പുനരാംഭിച്ചത്. പഞ്ചായത്തിലെചെട്ടിമംഗലംകാർക്കും വൈക്കം നഗരസഭയിലെ കപ്പോളച്ചിറ നിവാസികൾക്കും തലയാഴം തോട്ടകത്തേയ്ക്കെത്താനുള്ള എളുപ്പമാർഗമായിരുന്നു ഈ കടത്ത്.
കടത്തു നിലച്ചതോടെ പ്രദേശവാസികൾ കിലോമീറ്റർ ചുറ്റിയാണ് തലയാഴത്തും വൈക്കത്തുമെത്തിയിരുന്നത്. പ്രദേശവാസികൾ ചെട്ടിമംഗലത്ത് നിന്നും തലയാഴത്തേക്ക് എളുപ്പത്തിൽ എത്തുന്നതിനായി കടത്ത് പുനരാംഭിക്കണമെന്ന് ഏറെ നാളായി ആവശ്യപ്പെട്ടു വരികയായിരുന്നു. പഞ്ചായത്ത് ഇടപെട്ട് പലതവണ ടെൻഡർ ക്ഷണിച്ചുവെങ്കിലും ആരും ടെൻഡർ ഏറ്റെടുക്കുന്നതിനോ കടത്ത് ഏറ്റെടുത്തു നടത്തുന്നതിനോ തയ്യാറാകാതെ വന്നതോടെ കടത്ത് പ്രതിസന്ധിയിലായി. ഇതോടെയാണ് വാർഡ് മെമ്പർകൂടിയായ കെ. ദീപേഷ് കരിയാറിൽ ഉണ്ടായ തോണി അപകടത്തിൽ മരണപ്പെട്ട തന്റെ മകൻ ഇവാന്റെ ഓർമ്മയ്ക്കായി സ്വന്തം നിലയിൽ വള്ളം നാടിന് സമ്മാനിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വള്ളം ലഭിച്ചതോടെ കടത്തിന്റെ തുടർന്നുള്ള പ്രവർത്തനങ്ങൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടക്കും. കഴിഞ്ഞ ജൂൺ21ന് കരിയാറിലൂടെ കുടുംബത്തോടൊപ്പം വള്ളത്തിൽ പോകുമ്പോൾ വള്ളം മുങ്ങി നാലു വയസുകാരൻ ഇവാനും മാതൃസഹോദരൻ ശരത്തും (നൻപൻ) മരിച്ചത്.ഇനി ഇവാന്റെ ജീവൻ പൊലിഞ്ഞ കരിയാറിന് കുറുകെ ഇവാന്റെ ഓർമ്മകളിലൂടെ നാട്ടുകാർ മറുകര കടക്കും.ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ആനന്ദവല്ലി കടത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി.അനൂപ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കെ. ദീപേഷ്, പഞ്ചായത്ത് അംഗങ്ങളായ ജിനു ബാബു, ശ്യാമള ജിനേഷ്, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ കെ.ബി. സുബിൻ, കെ.കെ. സാബു തുടങ്ങിയവർ സംബന്ധിച്ചു.