കൊച്ചി: ഫ്യൂച്ചര്‍ കേരള മിഷന്റെ ഭാഗമായി ജെയിന്‍ യൂണിവേഴ്‌സിറ്റി പ്രവേശന നടപടിക്കൊപ്പം നോ ടു ഡ്രഗ്‌സ് പ്രതിജ്ഞ നിര്‍ബന്ധമാക്കിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി. ലഹരി വിരുദ്ധ ക്യാംപയിന്റെ ഭാഗമായി യൂണിവേഴ്‌സിറ്റിയുടെ കൊച്ചി ക്യാമ്പസില്‍ നടന്ന ചടങ്ങിലാണ് പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. താരങ്ങളായ മോഹന്‍ലാല്‍, പൃഥ്വിരാജ്, ജെയിന്‍ യൂണിവേഴ്‌സിറ്റി ന്യൂ ഇനിഷ്യേറ്റീവ്‌സ് ഡയറക്ടര്‍ ഡോ. ടോം ജോസഫ്, പി.വി.സി ഡോ. ജെ ലത എന്നിവര്‍ ചേര്‍ന്നാണ് പ്രഖ്യാപനം നടത്തിയത്. എംപൂരാന്‍ ചലച്ചിത്ര ടീം അംഗങ്ങളായ മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
തുടര്‍ന്ന് ആയിരങ്ങള്‍ പങ്കെടുത്ത ഡ്രോണ്‍ ഷോയും സംഘടിപ്പിച്ചു. ലഹരി ശൃംഖല തകര്‍ക്കുന്ന ഉരുക്കു കരത്തിന്റെ രൂപത്തില്‍ 250 ഓളം ഡ്രോണുകള്‍ ആകാശത്തു വിരിഞ്ഞ വിസ്മയക്കാഴ്ച്ചയ്ക്ക് കൊച്ചി സാക്ഷിയായി. യൂണിവേഴ്‌സിറ്റിയുടെ സഹകരണത്തോടെ ഇന്‍ഫോപാര്‍ക്ക് ജനമൈത്രി പൊലീസിന്റെ നേതൃത്വത്തില്‍ നടക്കുന്ന ക്യാംപയിന്റെ പോസ്റ്റര്‍ എസ്.എച്ച്.ഒ ജെ.എസ് സജീവ് കുമാര്‍, ബീറ്റ് ഓഫീസര്‍ ബൈജു പി വര്‍ഗീസ് എന്നിവരില്‍ നിന്ന് മോഹന്‍ലാല്‍ ഏറ്റുവാങ്ങി. ലഹരി വിരുദ്ധ സന്ദേശം ഉയര്‍ത്തി ഏറ്റവും കൂടുതലാളുകളെ പങ്കെടുപ്പിച്ച് ഒരു യൂണിവേഴ്‌സിറ്റി ക്യാംപസില്‍ നടത്തിയ ഡ്രോണ്‍ ഷോയ്്ക്കുള്ള ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോഡ്‌സും ഇന്ത്യന്‍ ബുക്‌സ് ഓഫ് റെക്കോഡ് നേട്ടവും പരിപാടിക്ക് ലഭിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിദ്യാര്‍ത്ഥികള്‍ക്ക് ‘നോ ടു ഡ്രഗ്‌സ് ‘ പ്രതിജ്ഞ നിര്‍ബന്ധമാക്കുന്ന രാജ്യത്തെ ആദ്യ സര്‍വകലാശാലയാണ് കൊച്ചി ജെയിന്‍ യൂണിവേഴ്സിറ്റി. കൊച്ചി ക്യാമ്പസില്‍ പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഈ പ്രതിജ്ഞ രേഖാമൂലം എഴുതി നല്‍കണം. തീരുമാനം നിര്‍ബന്ധമാക്കിയതിലൂടെ മയക്കുമരുന്നിനെതിരെയുള്ള തങ്ങളുടെ കര്‍ക്കശമായ നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കിയിരിക്കുകയാണ് ജെയിന്‍ യൂണിവേഴ്സിറ്റി. പുതിയതായി പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ നിലവിലെ വിദ്യാര്‍ത്ഥികള്‍ക്കും പ്രതിജ്ഞ നിര്‍ബന്ധമാക്കിയതായി അധികൃതര്‍ അറിയിച്ചു.
ഗവേഷണാധിഷ്ഠിത വിദ്യാഭ്യാസം, നൂതനാശയങ്ങള്‍ അവതരിപ്പിക്കുക, സംരംഭകത്വം,യുവജന ശാക്തീകരണം എന്നിവയിലൂടെ കേരളത്തെ മികച്ച വാസസ്ഥലമാക്കി മാറ്റുവാന്‍ സര്‍വകലാശാല വിഭാവനം ചെയ്ത ഫ്യൂച്ചര്‍ കേരള മിഷന്റെ ഭാഗമായാണ് ഡ്രഗ് ഫ്രീ ക്യാമ്പസ് പദ്ധതി പ്രഖ്യാപിച്ചത്. ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ആഗോളശ്രദ്ധ കൈവരിച്ച സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തയാറാക്കിയ ദീര്‍ഘകാല പദ്ധതിയാണ് ഫ്യൂച്ചര്‍ കേരള മിഷന്‍.
പ്രവേശന വേളയില്‍ ലഹരി ഉപയോഗിക്കില്ലെന്ന് രേഖാമൂലം എഴുതി വാങ്ങുന്നതിലൂടെ ക്യാമ്പസില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളില്‍ ഉത്തരവാദിത്തം, ലീഡര്‍ഷിപ്പ്, സത്യസന്ധത എന്നീ മൂല്യങ്ങള്‍ ഉറപ്പാക്കുവാനും സര്‍വകലാശാലയ്ക്ക് കഴിയുമെന്ന് കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി ന്യൂ ഇനിഷ്യേറ്റീവ്‌സ് ഡയറക്ടര്‍ ഡോ. ടോം ജോസഫ് പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ ക്ഷേമത്തിനും ആരോഗ്യകരമായ ജീവിതശൈലി രൂപപ്പെടുത്തുന്നതിനും യൂണിവേഴ്‌സിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മാതാപിതാക്കളുടെ പിന്തുണയും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. വിദ്യാര്‍ത്ഥികളുടെ ഭാവി സംരക്ഷിക്കുന്നതില്‍ മുന്‍കരുതല്‍ സ്വീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാതൃകയാവുകയാണ് കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റിയെന്ന് കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി പ്രോ- വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. ജെ ലത പറഞ്ഞു.
30ലേറെ വര്‍ഷങ്ങളായി വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന, രണ്ട് യൂണിവേഴ്സിറ്റികള്‍ അടക്കം 80-ലേറെ സ്ഥാപനങ്ങളുള്ള ജയിന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ ഉടമസ്ഥതയിലുള്ളതാണ് ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി. നാക്ക് എ ഡബിള്‍ പ്ലസ് അംഗീകാരവും യുജിസിയുടെ കാറ്റഗറി വണ്‍ ഗ്രേഡഡ് ഓട്ടോണമിയുമുള്ള രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നാണ് ജെയിന്‍ യൂണിവേഴ്‌സിറ്റി. ഫ്യൂച്ചര്‍ കേരള മിഷന്റെ ഭാഗമായി കോഴിക്കോട് ആസ്ഥാനമായി ജെയിന്‍ ഗ്ലോബല്‍ യൂണിവേഴ്‌സിറ്റി എന്ന പേരില്‍ പുതിയ സ്വകാര്യ സര്‍വകലാശാലയും ഉടന്‍ സ്ഥാപിക്കും. പുതിയ യൂണിവേഴ്‌സിറ്റിക്ക് തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഉപക്യാമ്പസുകളുമുണ്ടാകും.