ആലപ്പുഴ: ഏറ്റുമാനൂർ ജെയ്നമ്മ തിരോധാനക്കേസില്‍ നിര്‍ണായക വഴിത്തിരിവ്. ക്രൈം ബ്രാഞ്ചിന് നിർണായക തെളിവ് ലഭിച്ചു. പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ വീട്ടിൽ നിന്നു കണ്ടെത്തിയ രക്തകറ ജെയ്നമ്മയുടേത് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ഫോറെൻസിക് ലാബിൽ നടത്തിയ പരിശോധനയിൽ ആണ് സ്ഥിരീകരണം വന്നത്. ഡിഎന്‍എ പരിശോധന ഫലം ഇതുവരെ വന്നിട്ടില്ല.

പ്രതി സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടില്‍ പലപ്പോഴായി നടത്തിയ പരിശോധനയില്‍ കേസിന്റെ ചുരുളഴിക്കുന്ന വിധത്തിലുള്ള ചില തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ജെയ്നമ്മ ഉൾപ്പെടെ 2006 നും 2025 നും ഇടയിൽ കാണാതായത് നാല്പതിനും 50 നും ഇടയിൽ പ്രായമുള്ള 4 സ്ത്രീകളാണ്. ഇവരിൽ മൂന്നുപേരുടെ തിരോധാനം നേരിട്ട് വിരൽച്ചൂണ്ടുന്നത് സെബാസ്റ്റ്യനെന്ന 68 കാരനിലേക്കാണ്.

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2006 ൽ കാണാതായ ബിന്ദു പത്മനാഭൻ, 2012 ൽ കാണാതായ ഐഷ, 2020 ൽ കാണാതായ സിന്ധു, 2024 ഡിസംബറിൽ കാണാതായ ജെയ്നമ്മ, ഈ നാല് സ്ത്രീകൾക്കും പിന്നീട് എന്ത് സംഭവിച്ചു എന്ന ചോദ്യത്തിന് ഇപ്പോഴും വ്യക്തമായ ഉത്തരമില്ല. സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടിൽ നിന്ന് അസ്ഥികൂട അവശിഷ്ടങ്ങൾ ലഭിച്ചതോടെ ജെയ്നമ്മയുടെ കേസ് കൊലപാതകമെന്ന തരത്തിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്.

മകളുടെ വിവാഹനിശ്ചയത്തിന് രണ്ട് ദിവസം മുൻപ് 2020 ഒക്ടോബർ 19 ന്ന് വൈകീട്ട് അമ്പലത്തിൽ പോയതാണ് തിരുവിഴ സ്വദേശി സിന്ധു. പിന്നീട് സിന്ധുവിനെ ആരും കണ്ടിട്ടില്ല. അർത്തുങ്കൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും സിന്ധുവിന് എന്ത് സംഭവിച്ചു എന്ന് കണ്ടെത്താൻ കഴിഞ്ഞില്ല. സെബാസ്റ്റുമായി ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടില്ല. ഈ കേസ് ഉൾപ്പടെ ചേർത്തലയിലും പരിസരപ്രദേശങ്ങളിലുമുള്ള സ്ത്രീകളുടെ തിരോധാന കേസുകൾ വീണ്ടും അന്വേഷിക്കുകയാണ് പൊലീസ്.

സെബാസ്റ്റ്യൻ പ്രതിസ്ഥാനത്ത് നിൽക്കുന്ന ആദ്യതിരോധാനം എന്ന് പൊലീസ് കരുതുന്നത് 2006 ൽ ബിന്ദു പത്മനാഭന്റേത് ആണ്. അവസാനത്തേത് 2024 ൽ ജൈനമ്മയുടേതും. ഇതിനിടയിലുള്ള കാലയളവിൽ അതായത് 2006 ന്നും 2025നും ഇടയിലുള്ള തിരോധാന കേസുകളാണ് അന്വേഷിക്കുന്നത്. കൂടുതൽ പേരെ സെബാസ്റ്റ്യൻ അപായപ്പെടുത്തിയിട്ടുണ്ടോ എന്നാണ് സംശയം.