ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി മുൻസിപ്പാലിറ്റിയുടെയും, മോട്ടോർ വാഹന വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ചങ്ങനാശ്ശേരി താലൂക്കിലെ വിവിധ പ്രദേശങ്ങളിലെ പൊതുജനങ്ങൾക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിനായി എല്ലാ ഗ്രാമങ്ങളിലേക്കും പുതിയ ബസ് റൂട്ടുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ 11 മണിക്ക് ഒരു ജനകീയ സദസ് ചങ്ങനാശ്ശേരി താലൂക്ക് കോൺഫറൻസ് ഹാളിൽ വച്ച് നടത്തി. ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാറിന്റെ നിർദ്ദേശപ്രകാരമാണ് ഇത്തരത്തിലൊരു സദസ്സ് നടത്തിയത്. ചങ്ങനാശ്ശേരി എംഎൽഎ അഡ്വ. ജോബ് മൈക്കിളിന്റെ അധ്യക്ഷതയിലായിരുന്നു പരുപാടി സംഘടിപ്പിച്ചത്. പ്രസ്തുത പരിപാടിയിൽ ചങ്ങനാശ്ശേരി മുൻസിപ്പൽ ചെയർപേഴ്സൺ ബീനാ ജോർജ് മുഖ്യ പ്രഭാഷണം നടത്തി.
പുതിയ ബസ്സ് റൂട്ടിനായുള്ള ശുപാർശകൾ മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം സോഫി സിബി, കുറിച്ചി ഗ്രാമ പഞ്ചായത്തു പ്രസിഡൻ്റ് സുജാത എന്നിവർ എംഎൽഎ അഡ്വ. ജോബ് മൈക്കിളിന് നൽകി. കോട്ടയം ആർടിഓ അജിത് കുമാർ കെ, സ്വാഗതം പറഞ്ഞു. മുൻസിപ്പൽ വൈസ് ചെയർമാൻ ശ്രീ. മാത്യൂസ് ജോർജ് ചങ്ങനാശ്ശേരി തഹസീൽദാർ ശ്രീ ലിജു കുര്യൻ, പഞ്ചായത്ത് പ്രസിഡന്റ്മാർ, ജില്ലാ പഞ്ചായത്ത് മെമ്പർമാർ മുനിസിപ്പൽ കൗൺസിലർമാർ അടക്കമുള്ള വിവിധ ജനപ്രതിനിധികൾ, പോലീസ്, കോട്ടയം പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ, റെസിഡന്റ്‌സ് അസോസിയേഷനുകൾ, ബസ് ഉടമസ്ഥർ, മോട്ടോർ വാഹന തൊഴിലാളി സംഘടനാ നേതാക്കൾ, മറ്റു രാഷ്ട്രീയ, സാംസ്‌കാരിക പ്രാദേശീക നേതാക്കളെല്ലാം അവരുടെ അഭിപ്രായങ്ങൾ അറിയിച്ചു. ചങ്ങനാശ്ശേരി താലൂക്കിലെ നൂറ് കണക്കിന് ആളുകൾ പങ്കെടുക്കുകയും വിവിധ പഞ്ചായത്തുകളിലെ കെഎസ്ആർടിസി റൂട്ടുകളിലല്ലാത്ത റൂട്ടുകളിൽ പുതിയ ബസ് പെർമിറ്റുകൾ അനുവദിക്കുന്നതിനായുള്ള നിരവധി ശുപാർശകൾ സമർപ്പിക്കുകയും ചെയ്തു. അവയെല്ലാം പരിശോധിച്ച് നടപടികൾ സ്വീകരിക്കുമെന്ന്
ആർടിഓ അറിയിച്ചു.