ജെറ്റ് എയർവേയ്സിന്റെ ‘147 കോടിയുടെ തട്ടിപ്പിൽ കുടുങ്ങി’ കോട്ടയം ലയൺസ് പിആർഒ; കേസിൽ കുടുക്കി അകത്താക്കാതിരിക്കാൻ മുംബൈ പൊലീസ് ആവശ്യപ്പെട്ടത് അഞ്ചു ലക്ഷം രൂപ; മുംബൈയിലെ ‘അക്കൗണ്ടിൽ 20 കോടി രൂപയുടെ’ നിക്ഷേപമുള്ള കുടമാളൂർ സ്വദേശി എംപി രമേഷ് കുമാർ മുംബൈ പൊലീസിന്റെ പിടിയിൽ നിന്നും രക്ഷപെട്ടത് ഇങ്ങനെ

കോട്ടയം: ജെറ്റ് എയർവെയ്‌സിന്റെ 147 കോടിയുടെ തട്ടിപ്പിൽ പ്രതിയായി ജയിലിൽ കിടക്കുന്ന നരേഷ് ഗോയലിന്റെ പേരിൽ കോട്ടയം കുടമാളൂർ സ്വദേശിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ അന്തർ സംസ്ഥാന ഓൺലൈൻ തട്ടിപ്പ് സംഘത്തിന്റെ ശ്രമം. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് കുടമാളൂർ സ്വദേശിയും ലയൺസ് ക്ലബ് പി.ആർ.ഒയും ലയൺസ് റാഫിൾ (റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് ഇൻ ലയൺസ്) ചെയർമാനുമായ എം.പി രമേഷ്‌കുമാറിന്റെ ഫോണിലേയ്ക്ക് വാട്‌സ്അപ്പ് വീഡിയോ കോൾ എത്തുന്നത്. മുംബൈ പൊലീസിൽ നിന്നാണ് എന്നു പരിചയപ്പെടുത്തിയാണ് തട്ടിപ്പ് സംഘം രമേഷ്‌കുമാറിനെ ബന്ധപ്പെടുന്നത്.

Advertisements

ജെറ്റ് എയർവെയ്‌സ് തട്ടിപ്പുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന നരേഷ് ഗോയൽ മുംബൈയിൽ ആരംഭിച്ച അറുപതോളം ബാങ്ക് അക്കൗണ്ടുകളിൽ ഒന്ന് രമേഷ് കുമാറിന്റെ പേരിലുള്ളതാണ് എന്നതായിരുന്നു മുംബൈ പൊലീസ് സംഘത്തിന്റെ കണ്ടെത്തൽ. ആദ്യം വീഡിയോ കോളിൽ എത്തിയ പൊലീസ് ഉദ്യോഗസ്ഥൻ കാര്യങ്ങൾ രമേഷ്‌കുമാറിനോട് വിശദമാക്കി. എന്നാൽ, തന്റെ പേരിൽ ബാങ്ക് അക്കൗണ്ട് മുംബൈയിൽ ഇല്ലെന്ന് രമേഷ്‌കുമാർ തറപ്പിച്ചു പറഞ്ഞതോടെ , ഇദ്ദേഹത്തിന്റെ പേരിലുള്ള കാനറാ ബാങ്കിന്റെ മുംബൈയിലെ അക്കൗണ്ട് വിശദാംശങ്ങളും എടിഎം കാർഡും സഹിതം മുംബൈ പൊലീസ് ഉദ്യോഗസ്ഥൻ വാട്‌സ്അപ്പിൽ അയച്ചു നൽകി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതൊന്നും കണ്ടിട്ടും രമേഷ്‌കുമാറിന് കുലുക്കമില്ലന്ന് കണ്ടതോടെ വീഡിയോ കോളിൽ രണ്ട് ഉന്നത ഉദ്യോഗസ്ഥർ കൂടി ചേർന്നു. രണ്ടു കോടി രൂപ ഓപ്പണിംങ് ബാലൻസ് ഉണ്ടായിരുന്ന അക്കൗണ്ടിൽ നിലവിൽ 20 കോടി രൂപയുണ്ടെന്നും, അത് അഴിമതിപ്പണമാണെന്നുമായി മുംബൈ പൊലീസ് സംഘം. മൂന്നു പേരുടെയും ചോദ്യം ചെയ്യൽ മാറി മാറി തുടർന്നു. ഭക്ഷണം പോലും കഴിക്കാൻ വിടാതെ ചോദ്യം ചെയ്യൽ രണ്ടു മണിക്കൂറിലേയ്ക്കു കടന്നതോടെ രമേഷ്‌കുമാർ ക്ഷുഭിതനായി. തനിക്ക് ഭക്ഷണം കഴിക്കണമെന്നും പ്രമേഹ രോഗിയാണെന്നും പറഞ്ഞതോടെ ചോദ്യം ചെയ്യലിന് ഇടവേള നൽകി സംഘം.

ഇതിന് ശേഷം വീണ്ടും എത്തിയ മുംബൈ പൊലീസ് സംഘം, രമേഷ് കുമാറിനെ സിബിഐ ഉടൻ അറസ്റ്റ് ചെയ്യുമെന്ന ഭീഷണി മുഴക്കി. സിബിഐ സംഘം ഉടൻ എത്തുമെന്നും അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നുമായി സംഘത്തിന്റെ ഭീഷണി. ഇതിനൊന്നും രമേഷ് വഴങ്ങുന്നില്ലെന്ന് കണ്ടതോടെ സംഘം അടവ് മാറ്റി പിടിച്ചു. കേസ് മുഴുവൻ തങ്ങൾ തന്നെ സെറ്റിൽ ചെയ്യാമെന്നും നിർദേശിക്കുന്ന അക്കൗണ്ടിലേയ്ക്ക് അഞ്ചു ലക്ഷം രൂപ നിക്ഷേപിച്ചാൽ മതിയെന്നുമായിരുന്നു തട്ടിപ്പ് സംഘത്തിന്റെ വാഗ്ദാനം. എന്നാൽ, ഇതിനും പിടികൊടുക്കാതിരുന്ന രമേഷ്, നിങ്ങൾ എത്രയും വേഗം വിവരം കോട്ടയം ജില്ലാ പൊലീസ് മേധാവിയെ അറിയിച്ച് എന്നെ അറസ്റ്റു ചെയ്യു എന്നു പറഞ്ഞു. ഇതോടെ മുംബൈ പൊലീസ് സംഘം കോൾ കട്ട് ചെയ്യുകയും, അയച്ചു നൽകിയ രേഖകൾ എല്ലാം ഒറ്റയടിയ്ക്ക് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

എം.പി രമേഷ്‌കുമാറിന്റെ പേരിലുള്ള മുംബൈയിലെ കാനറാ ബാങ്കിലെ അക്കൗണ്ടിന്റെ സ്റ്റേറ്റ്‌മെന്റ്, ഈ ബാങ്കിലെ എടിഎം കാർഡ്, ചോദ്യം ചെയ്ത മുംബൈ പൊലീസിലെ ഉദ്യോഗസ്ഥരുടെ തിരിച്ചറിയൽ കാർഡ് എന്നിവ എല്ലാം അയച്ചു നൽകിയവയിൽ ഉൾപ്പെട്ടിരുന്നു. സംഗതി തട്ടിപ്പാണ് എന്നു തിരിച്ചറിഞ്ഞ രമേഷ് കുമാർ ഉടൻ തന്നെ ഈ ഡേറ്റകൾ സഹിതം ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിനും, കോട്ടയം ജില്ലാ സൈബർ സെല്ലിനും പരാതി നൽകിയിട്ടുണ്ട്. ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ നിന്നും സാധാരണക്കാരെ ബോധവത്കരണം നടത്തുകയും, രക്ഷിക്കുകയും ലക്ഷ്യമിട്ട് ലയൺസ് ക്ലസ് ആരംഭിച്ച റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് ഇൻ ലയൺസ് റാഫിളിന്റെ ജില്ലാ ചെയർമാനാണ് എം.പി രമേഷ് കുമാർ.

Hot Topics

Related Articles