പാലക്കാട് : പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചൂട് ലളിതമായി കാണാനാവില്ലെന്നും മനുഷ്യ ശരീരത്തിന് താങ്ങാനാവുന്നതിലും അപ്പുറമുള്ള ചൂടാണ് ജില്ലയില്‍ അനുഭവപ്പെടുന്നതെന്നും ജില്ലാ കളക്ടർ ഡോ ചിത്ര ഐഎഎസ് പറഞ്ഞു. പാലക്കാട് ജില്ലയില്‍ ഒരു മരണം റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യചത്തില്‍ പ്രത്യേക മുൻകരുതല്‍ എടുത്ത് കൊണ്ട് മാത്രമേ ജനങ്ങള്‍ പുറത്തിറങ്ങാൻ പാടുള്ളൂവെന്നും ജില്ലാ കളക്ടർ മുന്നറിയിപ്പ് നല്‍കി. 26 വരെ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യം നിലനില്‍ക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും അടുത്ത ദിവസങ്ങളിലും 41 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്. പാലക്കാട് കൂടാതെ 11 ജില്ലകളിലും താപനില ഉയരുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജനങ്ങളോട് അത്യാവശ്യ കാര്യത്തിനല്ലാതെ വെയിലത്ത് പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പില്‍ ആവശ്യപ്പെടുന്നുണ്ട്.
28വരെ കൊല്ലം ജില്ലയില്‍ ഉയർന്ന താപനില 39°C വരെയും, തൃശൂർ, കോഴിക്കോട് ജില്ലകളില്‍ ഉയർന്ന താപനില 38°C വരെയും, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോട്ടയം, കണ്ണൂർ ജില്ലകളില്‍ ഉയർന്ന താപനില 37°C വരെയും, തിരുവനന്തപുരം, മലപ്പുറം, കാസറഗോഡ് ജില്ലകളില്‍ ഉയർന്ന താപനില 36°C വരെയുമായിരിക്കും. സാധാരണയെക്കാള്‍ 2-4 °C കൂടുതല്‍ ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2024 ഏപ്രില്‍ 24 മുതല്‍ 28 വരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ – ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏല്‍ക്കാൻ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്.