കേരളത്തോടുള്ള കേന്ദ്രസമീപനം സാമ്പത്തിക ഫാസിസം : ജോസ് കെ.മാണി

കോട്ടയം – കേരള വികസന മാതൃകയെ അട്ടിമറിക്കാന്‍ സംസ്ഥാനത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സമീപനം സാമ്പത്തിക ഫാസിസമാണെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി. കേരളത്തിന് അവകാശപ്പെട്ട 40,000 കോടി രൂപയുടെ കേന്ദ്രവിഹിതമാണ് കേന്ദ്ര ബജറ്റില്‍ ഇത്തവണ വെട്ടിക്കുറച്ചത്. ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ കാരണം പത്താം ധനകാര്യകമ്മീഷന്‍ കേരളത്തിന് അനുവദിച്ച 3.9 ശതമാനം കേന്ദ്ര നികുതി വിഹിതം പതിനഞ്ചാം ധനകാര്യകമ്മീഷന്‍ 1.9 ശതമാനമായി വെട്ടിക്കുറച്ചത് ഫെഡറല്‍ തത്വങ്ങളുടെ നഗ്നമായ ലംഘനമാണ്. 2022 ജൂണിന് ശേഷം സംസ്ഥാനങ്ങള്‍ക്കുള്ള ജി.എസ്.ടി നഷ്ടപരിഹാരം നിര്‍ത്തലാക്കിയത് തുടരണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിച്ചില്ല. ഇക്കാരണംകൊണ്ട് നടപ്പുസാമ്പത്തികവര്‍ഷം മാത്രം 9000 കോടി രൂപയുടെ കുറവ് സംസ്ഥാനത്തിനുണ്ടാവുന്നത്. കിഫ്ബിയും സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ കമ്പനിയും എടുത്ത വായ്പകള്‍ ധനഉത്തരവാദിത്വ നിയമത്തിന്റെ മറവില്‍ സംസ്ഥാനത്തിന്റെ പൊതു കടത്തില്‍ ഉള്‍പ്പെടുത്തിയത് കേന്ദ്ര സംസ്ഥാന ബന്ധങ്ങളുടെ അന്തസത്തയ്ക്ക് നിരക്കാത്ത നടപടിയാണ്. ഇതുമൂലം 3000 കോടി രൂപയാണ് നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തിന്റെ വായ്പാ പരിധിയില്‍ കുറവ് വരുന്നത്.

Advertisements

ദേശീയ തൊഴിലുറപ്പ് പദ്ധതിയെ ദയാവധത്തിന് വിധേയമാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമം രാജ്യത്തെ പാവപ്പെട്ടവരോടുള്ള വെല്ലുവിളിയാണ്. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും 33 ശതമാനത്തോളമാണ് തൊഴിലുറപ്പ് പദ്ധതിക്കുള്ള തുക വെട്ടിക്കുറച്ചത് .പദ്ധതി നടത്തിപ്പിനുള്ള സംസ്ഥാന വിഹിതം 40 ശതമാനമായി ഉയര്‍ത്തണമെന്ന കേന്ദ്ര ഗ്രാമവികസന മന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന ഇതുമായി കൂട്ടിവായിക്കേണ്ടതാണ്. നിലവില്‍ 10 ശതമാനമുള്ള സംസ്ഥാന വിഹിതം 40 ശതമാനമായി ഉയര്‍ത്തിയാല്‍ കേരളം 1000 കോടി രൂപയിലധികം ഒരു വര്‍ഷം അധികമായി കണ്ടെത്തേണ്ടിവരും. ഭക്ഷ്യ-രാസവള-സബ്‌സിഡികള്‍ വെട്ടിക്കുറച്ച് ക്രമേണ ഇല്ലാതാക്കുക എന്ന നയമാണ് കേന്ദ്രസര്‍ക്കാര്‍ പിന്തുടരുന്നത്. ഇത് സംസ്ഥാനങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടും. ബി.ജെ.പി ഇതരസര്‍ക്കാരുകളെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വരുതിയിലാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന കേന്ദ്രഗവണ്‍മെന്റ് ഇപ്പോള്‍ സാമ്പത്തികമായി സംസ്ഥാനങ്ങളെ അസ്ഥിരപ്പെടുത്തി ജനാധിപത്യപരമായി തെരെഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ദിനംപ്രതി രാജ്യസ്‌നേഹം വിളമ്പുന്നവര്‍
ന്യൂനപക്ഷ അവകാശങ്ങളെ അട്ടിമറിക്കുന്നു.

ദേശീയതയെക്കുറിച്ചും രാജ്യസ്‌നേഹത്തെക്കുറിച്ചും തുടര്‍ച്ചയായി പ്രചരണം നടത്തുന്നവര്‍ ഭരണഘടന ഉറപ്പുനല്‍കുന്ന ന്യൂനപക്ഷ അവകാശങ്ങളെയെല്ലാം അട്ടിമറിക്കുകയാണ്. 2023- 24 കേന്ദ്രബജറ്റില്‍ ന്യൂനപക്ഷങ്ങള്‍ക്കുള്ള വിഹിതം നിര്‍ദാക്ഷിണ്യം വെട്ടിക്കുറച്ചത് സംഘപരിവാറിന്റെ രാഷ്ട്രീയ നിലപാടിന്റെ ഭാഗമാണ്. വിവിധ മന്ത്രാലയങ്ങള്‍ നടപ്പിലാക്കുന്ന സ്‌ക്കോളര്‍ഷിപ്പുകള്‍ക്കായി കഴിഞ്ഞ ബജറ്റില്‍ 5020 കോടി അനുവദിച്ചത് ഇത്തവണ 3097 കോടിയാക്കി വെട്ടിക്കുറച്ചു. ഏകദേശം 2000 കോടി രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്. ഇതില്‍ പ്രധാനമായും പ്രീമെട്രിക് സ്‌കോളര്‍ഷിപ് ഇനത്തിലാണ്. ദളിത് – ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് കഴിഞ്ഞ കാലത്ത് ലഭ്യമായ സ്‌കോളര്‍ഷിപ് പോലും എട്ടും പത്തും മാസം കുടിശ്ശിക വരുത്തിയാണ് വിതരണം ചെയ്യുന്നത്. സാമ്പത്തിക – സാമൂഹിക പിന്നാക്കാവസ്ഥ നേരിടുന്നവരെ കൂടുതല്‍ പിന്നാക്കാവസ്ഥയിലേക്ക് തള്ളുന്നതാണ് കേന്ദ്രനയം.

കര്‍ഷകമഹാസംഗമം
കര്‍ഷകര്‍ നേരിടുന്ന നിരവധി വെല്ലുവിളികളും കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങളും ചര്‍ച്ചചെയ്യുന്നതിനും പ്രക്ഷോഭങ്ങള്‍ക്ക് രൂപം നല്‍കുന്നതിനുമായി കേരളാ കോണ്‍ഗ്രസ് (എം) പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സംസ്ഥാതലത്തില്‍ കര്‍ഷകമഹാസംഗമം മാര്‍ച്ച് 17 ന് കോട്ടയത്ത് സംഘടിപ്പിക്കും. ഇതിനോട് അനുബന്ധിച്ച് തൊടുപുഴയില്‍വെച്ച് മാര്‍ച്ച് 10, 11 തീയതികളില്‍ കേരള കര്‍ഷകയൂണിയന്‍ (എം) ആഭിമുഖ്യത്തില്‍ സംസ്ഥാന പ്രതിനിധി സമ്മേളനവും, കര്‍ഷകസെമിനാറുകളും സംഘടിപ്പിക്കും. കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങളുടെ ആഘാതം ഏറ്റവും കൂടുതല്‍ ഏറ്റുവാങ്ങേണ്ടി വരുന്നത് കേരളത്തിലെ കര്‍ഷകരാണ്. റബര്‍ ബോര്‍ഡ് ഇല്ലാതാക്കാനും, റബര്‍ ഇറക്കുമതിയുടെ കാര്യത്തില്‍ ഇരട്ടത്താപ്പ് കാണിച്ചും കേന്ദ്രം കാട്ടുന്ന സമീപനങ്ങള്‍ കേരളത്തിലെ റബര്‍ മേഖലയെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്കാണ് നയിക്കുന്നത്. ബഫര്‍സോണ്‍ വിഷയത്തില്‍ ഏറ്റവും ആശങ്കയില്‍ ആയതും കര്‍ഷകരാണ്. വന്യമൃഗശല്യവും, കാലാവസ്ഥ മാറ്റം കൊണ്ടുണ്ടാകുന്ന പ്രതിസന്ധി ഇങ്ങനെ ഒട്ടേറെ കാര്യങ്ങളില്‍ മലയോര കര്‍ഷകര്‍ ഉള്‍പ്പടെയുള്ളവര്‍ ആശങ്കയിലാണ്. കര്‍ഷകര്‍ എല്ലാവരെയും അണിനിരത്തി രാഷ്ട്രീയത്തിന് അതീതമായ കാര്‍ഷിക മുന്നേറ്റമാണ് കേരള കോണ്‍ഗ്രസ് (എം) ലക്ഷ്യമിടുന്നതെന്നും ജോസ് കെ.മാണി പറഞ്ഞു. കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പാര്‍ട്ടി നയങ്ങള്‍ വിശദീകരീകരിച്ച് അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ മന്ത്രി റോഷി അഗസ്റ്റിന്‍, വൈസ് ചെയര്‍മാന്‍മാരായ തോമസ് ചാഴികാടന്‍ എം.പി, ചീഫ് വിപ്പ് ഡോ. എന്‍.ജയരാജ്, പി.കെ സജീവ്, ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്, എം.എല്‍.എമാരായ ജോബ് മൈക്കിള്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ട്രഷറര്‍ എന്‍.എം രാജു എന്നിവര്‍ പ്രസംഗിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.