ജനവിരുദ്ധ കര്‍ഷക വിരുദ്ധ കേരള വനനിയമ ഭേദഗതി കരട് വിജ്ഞാപനം പിന്‍വലിക്കണം. ജോസ് കെ. മാണി : ജനങ്ങളെ നേരിടാനല്ല വന്യജീവികളെ നേരിടാനാണ് നിയമനിര്‍മ്മാണം വേണ്ടത്

കോട്ടയം: കേരളത്തില്‍ വനാതിര്‍ത്തി പങ്കിടുന്ന 430 പഞ്ചായത്തുകളിലെ ഒരു കോടി മുപ്പത് ലക്ഷം കര്‍ഷകരെ അവരുടെ കൃഷിയിടങ്ങളില്‍ നിന്നും കുടിയിറക്കി വന്യജീവികള്‍ക്കായി വനവസ്തൃതി വര്‍ദ്ധിപ്പിക്കുകയെന്ന ഒരു വിഭാഗം ഉന്നത ഐ.എഫ്.എസ് ഉദ്യോഗസ്ഥരുടെ ഗൂഢോദ്ദേശ പദ്ധതിയാണ് വനനിയമ ഭേദഗതി കരട് വിജ്ഞാപനമായി പുറത്തുവന്നതെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. വന്യജീവി ആക്രമണ ഭയം വളര്‍ത്തി വനാതിര്‍ത്തിയിലെ കൃഷിയിടങ്ങളില്‍ നിന്നും എങ്ങനെയും കര്‍ഷകരെ കുടിയിറക്കുക എന്നതാണ് ചില ഉന്നത ഐ.എഫ്.എസ്. ഉദ്യോഗസ്ഥരുടെ രഹസ്യ പദ്ധതി. വനാതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന കൃഷിയിടങ്ങള്‍ പണം കൊടുത്തു വാങ്ങി വനം വകുപ്പിന് കൈമാറുന്ന ചില സംഘടനകള്‍ വനമേഖലകളില്‍ ഇപ്പോഴും സജീവമാണെന്ന് കര്‍ഷകര്‍ പരാതി പറയുന്നുണ്ട്.വനംവകുപ്പിന്റെ കെടുകാര്യസ്ഥതകള്‍ക്കെതിരെ കഴിഞ്ഞ കുറെ നാളുകളായി രാഷ്ട്രീയ നേതൃത്വത്തിന്റെ പിന്‍ബലത്തോടെ ഉയര്‍ന്നുവരുന്ന ജനകീയ പ്രതിരോധം വനംവകുപ്പിലെ ഒരു പ്രത്യേക വിഭാഗത്തെ പ്രകോപിപ്പിച്ചിരിക്കുന്നു. ഇക്കാരണത്താലാണ് വനാതിര്‍ത്തിയില്‍ താമസിക്കുന്ന ജനങ്ങളെയാകെ നിരന്തരം ഭീഷണിപ്പെടു ത്തുന്നതിനും പീഡിപ്പിക്കുന്നതിനുമായി 1.11.2024-ല്‍ 18556/2024 ഗസറ്റ് വിജ്ഞാപനത്തിലൂടെ തികച്ചും ജനദ്രോഹപരമായ 2024 ലെ സംസ്ഥാന വന നിയമഭേദഗതി കരട് വിജ്ഞാപനം അവതരിപ്പിച്ചിരിക്കുന്നത്. അടുത്ത നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കിയെടുക്കാനാണ് വനം വകുപ്പ് ശ്രമിക്കുന്നത്. മുഖ്യമന്ത്രി അടിയന്തിരമായി ഇടപെട്ട് ഈ നീക്കം റദ്ദാക്കണം.

Advertisements

പശ്ചിമഘട്ടത്തിലെ വനാതിര്‍ത്തികളില്‍ താമസിക്കുന്നവരെ മാത്രമല്ല കേരളത്തില്‍ എവിടെയും സംസ്ഥാന പോലീസിനെ നോക്കുകുത്തിയാക്കി ആരെ വേണമെങ്കിലും വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനും കോടതിയെ അറിയിക്കാതെ എത്ര നാള്‍ വേണമെങ്കിലും ആരെയും കസ്റ്റഡിയില്‍ വയ്ക്കാനും വനംവകുപ്പിന് അധികാരം നല്‍കുന്ന വന നിയമഭേദഗതി നിര്‍ദ്ദേശം നിയമവാഴ്ച ആഗ്രഹിക്കുന്ന ഭരണകൂടത്തിന് ഭൂഷണമല്ല. അടിയന്തിരാവസ്ഥയില്‍ പ്രയോഗിച്ച കരിനിയമങ്ങളെ വെല്ലുന്ന കിരാത നിയമമാണിത്.കേരള വനനിയമം 63-ാം വകുപ്പില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന നിയമഭേദഗതി തന്നെ ഉദാഹരണം. ഒരു പൗരനെ അറസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച് സുപ്രീംകോടതി പുറത്തിറക്കിയ കര്‍ശന മര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ളെയും ഭേദഗതി നിര്‍ദ്ദേശത്തില്‍ അട്ടിമറിച്ചിരിക്കുകയാണ്.ഇത് തികഞ്ഞ പൗരാവകാശ ലംഘനമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മന്ത്രിസഭയുടെ അംഗീകാരത്തിനെത്തുന്ന ബില്ലുകളുടെ നിയമവശം നിയമ സെക്രട്ടറി ആദ്യമെ തന്നെ പരിശോധിച്ചിരിക്കണം എന്നുള്ളപ്പോള്‍ സുപ്രീംകോടതി നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായ വകുപ്പുകള്‍ പുതിയ വനനിയമത്തില്‍ എങ്ങനെ ഇടംപിടിച്ചു എന്ന കാര്യത്തില്‍ ഗൗരവമേറിയ അന്വേഷണം ആവശ്യമാണ്. സുപ്രീംകോടതി വിധിക്കെതിരായ വകുപ്പുകള്‍ ചേര്‍ത്ത് സമാനമായ ഒരു സംസ്ഥാന വനനിയമഭേദഗതി ബില്‍ 2019-ല്‍ നിയമസഭയില്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ആ നിയമ ഭേദഗതിയിലെ പല നിര്‍ദ്ദേശങ്ങളും അതികിരാതവും പൗരാവകാശങ്ങള്‍ നിഷേധിക്കുന്നതും സുപ്രീംകോടതി വിധിക്കുമെതിരാണെന്നും വലിയ ജനകീയ പ്രക്ഷോഭം ഉയരുമെന്നും മനസ്സിലായതോടെ ആ ബില്‍ 2019-ല്‍ നിയമസഭയില്‍ അവതരിപ്പിക്കാതെ പിന്‍വലിച്ചിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള സംസ്ഥാനമാണ് കേരളം. 30-ലക്ഷത്തിലധികം കുടുംബങ്ങള്‍ ഒരു സെന്റ് ഭൂമി പോലും സ്വന്തമായിട്ടില്ലാത്തവരാണ്. കൂടിയ ജനസാന്ദ്രതയുള്ള കേരളത്തില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ വനഭൂമി ഉള്ളത്. കേരളത്തിലെ വനാതിര്‍ത്തി ദൂരം 16846 കിലോമീറ്ററാണ്. 2023-ലെ സംസ്ഥാന വനം സ്റ്റാറ്റിസ്റ്റിക്‌സ് പ്രകാരം 430 പഞ്ചായത്തുകള്‍ വനാതിര്‍ത്തി പങ്കിടുന്നു. ഏകദേശം 1.3 കോടി ജനങ്ങള്‍ വനാതിര്‍ത്തികളില്‍ താമസിക്കുന്നു. ദേശീയ തലത്തില്‍ വനാവരണം 24.6% ആണെങ്കില്‍ കേരളത്തില്‍ അത് 54.7% ആണ്.റിസര്‍വ് വനവും വന്യജീവി സങ്കേതങ്ങളും ജനവാസ കേന്ദ്രങ്ങളും അതിര്‍ത്തികള്‍ പങ്കിടുന്ന മേഖലകളില്‍ വന്യജീവി ആക്രമണം വര്‍ഷാവര്‍ഷം കൂടിക്കൊണ്ടിരിക്കുന്നു. 2020-21 ല്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 114 പേരായിരുന്നു. പരിക്കേറ്റവര്‍ 758. കന്നുകാലികളെ കൊന്നത് 514. വിളനഷ്ടം 6580. വര്‍ഷാവര്‍ഷം വന്യജീവി ആക്രമണങ്ങള്‍ കൂടി കൊണ്ടിരിക്കുന്നു.

വന്യജീവികള്‍ കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിക്കുന്നു. പശ്ചിമഘട്ടത്തിലെ സാധാരണ ജനങ്ങളും കര്‍ഷകരും വന്യജീവികളെ നിരന്തരം ആക്രമിക്കുകയാണെന്നും വനം വ്യാപകമായി കയ്യേറുകയാണെന്ന തെറ്റായ കാര്യം സംസ്ഥാന വനം വകുപ്പിലെ ചിലര്‍ ബോധപൂര്‍വ്വം പ്രചരിപ്പിക്കുന്നു.1958-59 കാലഘട്ടത്തില്‍ കേരളത്തിലെ വനവിസ്തൃതി 9014.67 ച.കി.മീ. ആയിരുന്നെങ്കില്‍ 2020-21 ല്‍ അത് 11524.91 ച.കി.മീ. ആയി വര്‍ദ്ധിക്കുകയാണുണ്ടായത്. കേന്ദ്ര സര്‍ക്കാരിന്റെ പ്രോജക്ട് എലിഫന്റ് ഡിവിഷന്റെ പ്രസിദ്ധീകരണമായ ‘ട്രംപറ്റില്‍’ 1993 – 2017 കാലഘട്ടത്തില്‍ ദേശീയ തലത്തില്‍ ആനകളുടെ എണ്ണം 17.2% വര്‍ദ്ധിച്ചപ്പോള്‍ കേരളത്തിലായിരുന്നു രാജ്യത്ത് ഏറ്റവും കൂടുതല്‍ ആനവര്‍ദ്ധനവ്. 63%. മറ്റ് വന്യജീവികളുടെ കാര്യത്തിലും കേരളത്തില്‍ വന്‍വര്‍ദ്ധനവാണ്. കേരളീയര്‍ വന്യജീവികളെ സംരക്ഷിക്കുന്നു എന്നതാണ് സത്യം.

മനുഷ്യര്‍ വന്യജീവികളെ വേട്ടയാടുകയല്ല വന്യജീവികള്‍ മനുഷ്യരെ അവരുടെ ജനവാസ കേന്ദ്രങ്ങളിലെത്തി നിരന്തരം കൊലപ്പെടുത്തുന്ന സാഹചര്യമാണിപ്പോള്‍. കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ വന്യജീവികള്‍ നാട്ടിലിറങ്ങി മനുഷ്യരെ കൊന്ന ഒരു കേസില്‍ പോലും മനുഷ്യജീവന്‍ സംരക്ഷിക്കാന്‍ ഒരു വനംവകുപ്പ് ഉദ്യോഗസ്ഥന്‍ പോലും സ്ഥലത്തെത്തിയില്ല. കുറ്റകരമായ ക്രിമിനല്‍ ഉത്തരവാദിത്വ ലംഘനമാണിതെന്ന് കേരള ഹൈക്കോടതി തന്നെ ചൂണ്ടിക്കാണിച്ചിരുന്നു.വനത്തില്‍ കഴിയേണ്ട വന്യജീവികള്‍ ജനവാസകേന്ദ്രങ്ങളിലെത്തി മനുഷ്യരെ കൊല്ലുകയോ കൃഷിനാശം വരുത്തുകയോ ചെയ്താല്‍ അതിന്റെ ഉത്തരവാദിത്വം അതാത് പ്രദേശങ്ങളിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കാണെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. മേല്‍വിധിയുടെ അടിസ്ഥാനത്തില്‍ നാളിതുവരെ ഒരു വനംവകുപ്പ് ഉദ്യോഗസ്ഥരെ പോലും സര്‍ക്കാര്‍ ശിക്ഷിച്ചില്ല.

വന്യജീവികള്‍ മനുഷ്യരെ കൊല്ലുന്ന വിഷയത്തില്‍ സംസ്ഥാനത്തൊട്ടാകെ ജനങ്ങള്‍ വനംവകുപ്പിന്റെ അനാസ്ഥയ്ക്കും നിസ്സംഗതയ്ക്കുമെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടിരിക്കുന്നു. ആലുവ – മൂന്നാര്‍ ദേശീയ പാത വികസന വിഷയത്തില്‍ പോലും കേരള ഹൈക്കോടതി സംസ്ഥാന വനംവകുപ്പിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

കേരളത്തിലെ വനവിസ്തൃതിയും വനാതിര്‍ത്തികളും പരിഗണിച്ച് വന്യജീവി സംഘര്‍ഷത്തില്‍ നിന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ നിലവിലെ 7000-ല്‍ താഴെയുള്ള വനം വകുപ്പ് ജീവനക്കാരിലെ 4000-ല്‍ താഴെയുള്ള എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ജീവനക്കാര്‍ പോരാ എന്ന കണ്ടെത്തലില്‍ വനമേഖലയിലെ പോലീസ് സ്റ്റേഷനുകളില്‍ ട്രാഫിക് പോലീസിന് സമാനമായി വനം-പോലീസ് വിഭാഗം പുതുതായി രൂപീകരിച്ച് എല്ലാ വനാതിര്‍ത്തി പോലീസ് സ്റ്റേഷനുകളിലും നിയമിക്കണമെന്നും വന്യജീവി ആക്രമണം നേരിടാന്‍ സംസ്ഥാന വനനിയമം ഭേദഗതി ചെയ്ത് വനം പോലീസിന് ആവശ്യമായ അധികാരങ്ങള്‍ നല്‍കണമെന്നും ജനപ്രതിനിധികള്‍ തന്നെ ആവശ്യപ്പെടുന്നു. അതിനൊക്കെ കടകവിരുദ്ധമായ നിര്‍ദ്ദേശങ്ങളാണ് കരട് വിജ്ഞാപനത്തില്‍ ഇടം പിടിച്ചിരിക്കുന്ന വസ്തുത ഏവര്‍ക്കും ബോധ്യപ്പെടുമെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.