ദില്ലി: പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് തന്ത്രപ്രധാനമായ വിവരങ്ങൾ പങ്കുവെച്ചതിന് അറസ്റ്റിലായ ഹരിയാനയിലെ ഹിസാറിൽ നിന്നുള്ള ട്രാവൽ വ്ളോഗറും യൂട്യൂബറുമായ ജ്യോതി മൽഹോത്രയുടെ ചാറ്റുകള്‍ പുറത്ത്. പാകിസ്ഥാനെതിരായ ഓപ്പറേഷന് സിന്ദൂറിന് തൊട്ടുമുമ്പായി ഇന്ത്യയില്‍ ബ്ലാക്ക് ഔട്ട് ഏര്‍പ്പെടുത്തിയതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ജ്യോതി പാക് ഏജന്റുമാര്‍ക്ക് ചോര്‍ത്തിനല്‍കിയതായി എന്‍.ഐ.എ കണ്ടെത്തി.
ഇന്ത്യയിലെ ചാരവൃത്തിയില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് രാജ്യത്തുനിന്ന് പുറത്താക്കിയ ദില്ലിയിലെ പാക് മുന്‍ ഹൈക്കമ്മിഷന് ഉദ്യോഗസ്ഥന് ഡാനിഷുമായി നടത്തിയ ചാറ്റിങ്ങിലാണ് ഇക്കാര്യങ്ങള്‍ ജ്യോതി പങ്കുവച്ചതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പാകിസ്ഥാൻ ബീകവാദ കേന്ദ്രങ്ങൾ തകർത്ത് ഇന്ത്യ നടത്തിയ സിന്ദൂര്‍ ഓപ്പറേഷനെയും, ആ സമയത്തെ ഇന്ത്യയിലെ സാഹചര്യങ്ങളെ കുറിച്ചും ജ്യോതി ഡാനിഷിന് പങ്കുവെച്ചതായാണ് എൻഐഎ കണ്ടെത്തിയത്. പാക് ചാരസംഘടനയായ ഐഎസ്ഐ ഏജന്റ് അലി ഹസനുമായി ജ്യോതി നടത്തിയ വാട്ട്സ്ആപ്പ് ചാറ്റുകളുടെ വിവരങ്ങളും പുറത്തായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാകിസ്ഥാനെ പ്രശംസിക്കുകയും പാക് പൗരനുമായി വിവാഹം കഴിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതായും എൻഐഎ കണ്ടെത്തിയ വാട്ട്സ് ആപ് ചാറ്റിൽ പറയുന്നു. ഐഎസ്ഐ ഏജന്റായ അലി ഹസനുമായി ജ്യോതി നിരന്തരം ബന്ധപ്പെട്ടിരുന്നതിനും അന്വേഷണ സംഘത്തിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.
രഹസ്യവിവരങ്ങള്‍ കൈമാറുന്നതിനായി കോഡ് ഭാഷയിലാണ് ഇവരുടെ സംഭാഷണങ്ങളത്രയും. പാകിസ്ഥാനുമായി തനിക്ക് വൈകാരിക ബന്ധമുണ്ടെന്നാണ് ഇവർ ചാറ്റിൽ പറഞ്ഞത്. അധികം വൈകാതെ തന്നെ ബംഗ്ലാദേശ് സന്ദര്‍ശിക്കാനും ജ്യോതി പ്ലാനിട്ടിരുന്നെന്നും അന്വേഷണത്തിൽ കണ്ടെത്തി. എന്നാല്‍ ചാരപ്രവർത്തിക്ക് ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തതിനാൽ യാത്ര മുടങ്ങി.
ബംഗ്ലാദേശ് വിസയ്ക്ക് വേണ്ടിയുള്ള അപേക്ഷാ ഫോമുകള്‍ പൊലീസ് ഇവരില്‍നിന്ന് കണ്ടെടുത്തു. പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് സൈനിക രഹസ്യങ്ങളടക്കം ചോർത്തിയതിന് അറസ്റ്റിലായവരിൽ പ്രധാനിയാണ് ഹരിയാന ഹിസാർ സ്വദേശിയായ ട്രാവൽ വ്ളോഗറും യൂട്യൂബറുമായ ജ്യോതി മൽഹോത്ര.
ട്രാവൽ വിത്ത് ജോ എന്ന യൂട്യൂബ് ചാനലിൽ പാകിസ്ഥാൻ സന്ദശിച്ച നിരവധി വീഡിയോകൾ ഇവർ പോസ്റ്റ് ചെയ്തിരുന്നു. ആകെ 487 വീഡിയോകൾ യൂട്യൂബിൽ അപ്ലോഡ് ചെയ്തതിൽ മിക്കവയും പാക്കിസ്ഥാനും തായ്ലാൻഡും ബംഗ്ലാദേശുമൊക്കെ സന്ദർശിച്ചവയാണ്.
കൊവിഡ് കാലത്ത് ജോലി ഉപേക്ഷിച്ചാണ് മുഴുവൻ സമയ വ്ലോഗറായി 33 കാരിയായ ജ്യോതി രംഗത്തെത്തുന്നത്. ഹരിയാന പൊലീസ് രെജിസ്റ്റർ ചെയ്ത എഫ്ഐആറിൽ ജ്യോതി റാണിയെന്നാണ് യഥാർത്ഥ പേര്. ട്രാവൽ വിത്ത് ജോ എന്ന പേരിലുള്ള ജ്യോതിയുടെ യൂട്യൂബ് ചാനലിന് മൂന്ന് ലക്ഷത്തി എഴുപത്തേഴായിരം ഫോളോവേഴ്സുണ്ട്. ഇൻസ്റ്റഗ്രാമിൽ ഒന്നരലക്ഷത്തിനടുത്തും, ഫേസ്ബുക്കിൽ മൂന്ന് ലക്ഷത്തിലധികവും ഫോളോവേഴ്സുണ്ട്.