പാലാ : കടുവാക്കുന്നേല്‍ കുര്യച്ചൻ എന്ന കഥാപാത്രത്തിന് പ്രചോദനമായ ജോസ് കുരുവിനാക്കുന്നേല്‍ എന്ന കുരുവിനാക്കുന്നേല്‍ കുറുവച്ചൻ മരണശേഷം സ്വന്തം ശരീരം മെഡിക്കല്‍ വിദ്യാർഥികള്‍ക്ക് പഠിക്കുവാൻ നല്‍കും.സമ്മതപത്രം അദ്ദേഹം നല്കി.
ഇടമറ്റം കുരുവിനാക്കുന്നേല്‍ തറവാട്ടിലാണ് ഇദ്ദേഹം ഇപ്പോള്‍ താമസിക്കുന്നത്. സമീപകാലത്തുണ്ടായ ഹൃദയാഘാതത്തില്‍നിന്ന് മുക്തനായിവരുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കടുവ എന്ന സിനിമയില്‍ കുര്യച്ചൻ എന്ന കഥാപാത്രമാണ് ജോസിന്റെ ജീവിതം പ്രശസ്തമാക്കിയത്. അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില മുഹൂർത്തങ്ങള്‍ ചേർത്ത് ഇനിയും ഒരു സിനിമ ഇറങ്ങാനുണ്ട്. സുരേഷ് ഗോപിയാണ് നായകൻ.
വർഷങ്ങള്‍ക്കുമുമ്ബ് സംസ്ഥാനത്തെ പ്രമുഖനും അയല്‍വാസിയുമായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥനുമായി ഉണ്ടായിരുന്ന തർക്കങ്ങളും സംഘർഷങ്ങളുമായിരുന്നു കുറുവച്ചന്റെ ജീവിതത്തിലെ വഴിത്തിരിവുകള്‍.
പോലീസ് ഉദ്യോഗസ്ഥനോടും ഒരു പുരോഹിതനോടും അവരെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങളോടും കുറുവച്ചൻ നടത്തിയ പോരാട്ടങ്ങള്‍ക്ക് സമാനമാണ് കടുവ സിനിമയില്‍ കടുവാക്കുന്നേല്‍ കുര്യച്ചൻ എന്ന കഥാപാത്രത്തിന്റെ ജീവിതം.
കോട്ടയം മെഡിക്കല്‍ കോളേജില്‍ ഭാര്യ മറിയമ്മയോടൊപ്പം എത്തിയാണ് കുറുവച്ചൻ പ്രിൻസിപ്പലിന് സമ്മതപത്രം കൈമാറിയത്. ദൈവം തന്ന ശരീരം ആർക്കെങ്കിലും ഉപകാരപ്പെടട്ടേയെന്ന് കരുതിയാണ് മരണശേഷം മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറുന്നതെന്ന് കുറുവച്ചൻ പറയുന്നു.
”കുഴിച്ചിട്ടാല്‍ പുഴുതിന്നും.. കത്തിച്ചുകളഞ്ഞാലോ ചാരമാകും. ദൈവമാണ് ശരീരം തന്നത്. അത് വെറുതെ കളയുന്നത് ദൈവനിന്ദയാണ്. വിദ്യാർഥികള്‍ക്ക് പഠിക്കുവാൻ നല്കുമ്ബോള് ശരീരം വരും തലമുറയ്ക്ക് ഉപകാരപ്പെടും”.-കുറുവച്ചൻ പറയുന്നു.
കുറുവച്ചനും ഉന്നതപോലീസ് ഉദ്യോഗസ്ഥനും തമ്മിലുള്ള പോരാട്ടം കേരളത്തിന്റെ നീതിന്യായ ചരിത്രത്തിലെ നിർണായകമായ ഏടുകളിലൊന്നാണ്. പോലീസില്‍നിന്ന് സംരക്ഷണംതേടി പൗരൻ ഹൈക്കോടതിയെ സമീപിച്ചതും അനുകൂലമായി വിധി സമ്ബാദിച്ചതും ഇന്ത്യയില്‍ ആദ്യം. പ്രമുഖ അഭിഭാഷകനായിരുന്ന റാം ജെഠ് മലാനിയാണ് ഇദ്ദേഹത്തിനുവേണ്ടി ഹൈക്കോടതിയില്‍ ഹാജരായത്. 27 വർഷം മുമ്ബ് രഞ്ജി പണിക്കർ കുറുവച്ചന്റെ കഥ സിനിമയാക്കുവാനൊരുങ്ങിയിരുന്നു. എന്നാല്‍ പോലീസ് ഉദ്യോഗസ്ഥനുമായുള്ള കേസ് കോടതിയില്‍ നിലനില്‍ക്കുന്നതിനാല്‍ ചിത്രീകരണം തുടങ്ങിയില്ല. കടുവ സിനിമയില്‍ തന്റെ കഥ വളച്ചൊടിച്ചുവെന്നാരോപിച്ച് കുറുവച്ചൻ കോടതിയെ സമീപിച്ചിരുന്നു. ഇത് ഏറെ വിവാദമായി. മക്കളായ ഔസേപ്പച്ചന്റെയും റോസ്മേരിയുടെയും അനുവാദത്തോടെയാണ് മരണാനന്തരം ദേഹം കോട്ടയം മെഡിക്കല്‍ കോളേജിന് കൈമാറുന്നതെന്നും കുറുവച്ചൻ പറയുന്നു.