കടുത്തുരുത്തി: “എത്രകാലം കഴിഞ്ഞാലും സത്യം ജയിക്കുമെന്ന ആത്മവിശ്വാസമാണ് തന്നെ ജീവിതത്തിൽ പിടിച്ചുനിർത്തിയത്’- മധുരവേലി ചാന്തുരുത്തിൽ സി.ഡി. ജോമോ(48)ന്റെ വാക്കുകളാണിത്. വ്യാജ പീഡനപരാതിമൂലം ഏഴു വർഷത്തിലധികം വേട്ടയാടപ്പെട്ട ജോമോനിത് ഉയിർപ്പിന്റെ കാലം. താൻ നല്‍കിയത് വ്യാജപരാതിയായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞതോടെയാണ് ജോമോന് ആശ്വാസമായത്.
“സത്യം പറഞ്ഞിട്ടും ആരും വിശ്വസിച്ചില്ല. എല്ലാവരും കുറ്റവാളിയെപ്പോലെ നോക്കുന്ന ദയനീയസ്ഥിതി. ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു. പകലിനെപ്പോലും ഭയന്നു. സ്വന്തം സ്ഥാപനം തകർന്നു. പെയിന്റിങ്ങിനും കൂലിപ്പണിക്കും പോയി. ഭാര്യയെയും മക്കളെയും നോക്കണമല്ലോ. കുടുംബം ഒപ്പം നിന്നത് മാത്രമായിരുന്നു ആശ്വാസം.”-ജോമോൻ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവം ഇങ്ങനെ-ജോമോൻ കുറുപ്പന്തറയില്‍ സ്വന്തമായി പാരാമെഡിക്കല്‍ സ്ഥാപനം നടത്തുകയായിരുന്നു. ഒട്ടേറെ കുട്ടികള്‍ പഠിക്കാൻ വന്നിരുന്നു. ഒരു വിദ്യാർഥിനി, സ്ഥാപനം ഉടമയും അധ്യാപകനുമായ ജോമോന് എതിരേ പീഡനപരാതി നല്കി. പരാതി നല്കുന്നതിനു മുമ്ബേ പണം ആവശ്യപ്പെട്ട് പലരും ഇദ്ദേഹത്തെ വിളിച്ചിരുന്നു. പണം നല്‍കിയില്ല. ജോമോൻ അറസ്റ്റിലായി. ഒരുമാസം കോട്ടയം ജില്ലാ ജയിലില്‍. ജാമ്യം കിട്ടി പുറത്തിറങ്ങിയപ്പോള്‍ വേണ്ടപ്പെട്ടവർപ്പോലും തള്ളിപ്പറയാൻ തുടങ്ങി. സ്ഥാപനം ഇല്ലാതായി. ജീവിതം സങ്കടക്കടലിലായി.
ഈ വിവരമെല്ലാം പരാതിക്കാരി സഹപാഠികളില്‍നിന്നും മനസ്സിലാക്കി. ജനുവരിയില്‍ കോട്ടയം സെഷൻസ് കോടതിയില്‍ കേസ് പരിഗണിക്കുന്നതിനിടെ, ജോമോൻ തന്നെ പീഡിപ്പിച്ചിട്ടില്ലെന്ന് പരാതിക്കാരി പറഞ്ഞതോടെ ഇദ്ദേഹത്തെ കോടതി വെറുതെ വിട്ടു. മൂന്നാഴ്ച മുമ്ബ് മധുരവേലി പള്ളിയിലെ ധ്യാനത്തില്‍ പങ്കെടുക്കാനായെത്തിയ പരാതിക്കാരിയും കുടുംബവും അന്നത്തേത് വ്യാജ പരാതിയായിരുന്നുവെന്ന് ഏറ്റുപറഞ്ഞു. പരസ്യമായി ക്ഷമയും ചോദിച്ചു. നിയമത്തിനും പൊതുസമൂഹത്തിനും മുന്നില്‍ സത്യം തെളിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ജോമോൻ പറഞ്ഞു.