കോട്ടയം: കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതക കേസിൽ പ്രതിയ്ക്ക് ഇരട്ടജീവപര്യന്തം ശിക്ഷ വിധിച്ചതോടെ തെളിഞ്ഞത് പൊലീസിന്റെ അന്വേഷണ മികവ്. കേസിലെ പ്രതിയായ ജോർജ് കുര്യൻ രക്ഷപെടാതിരിക്കാൻ അന്ന് കാഞ്ഞിരപ്പള്ളി സ്റ്റേഷൻ ഹൗസ് ഓഫിസർ ആയിരുന്ന ഡിവൈഎസ്പി റെജോ പി.ജോസഫിന്റെ കാട്ടിയ ജാഗ്രതയാണ് കേസിൽ ഏറെ നിർണ്ണായകമായത്. കേസിൽ കൃത്യമായ തെളിവുകൾ ശേഖരിക്കുകയും അന്വേഷണം കൃത്യമായി പൂർത്തിയാക്കി തെളിവുകൾ കോടതിയിൽ എത്തിക്കുകയും ചെയ്തതോടെയാണ് പ്രതിയ്ക്ക് പരമാവധി ശിക്ഷ വാങ്ങി നൽകാൻ പ്രോസിക്യൂഷൻ സാധിച്ചത്. അന്ന് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ആയിരുന്ന പി.എൻ ബാബുക്കുട്ടന്റെ മേൽനോട്ടത്തിലായിരുന്നു കേസിന്റെ അന്വേഷണം നടന്നത്.
2022 ലായിരുന്നു കേസിനാസ്പദമായ സംഭവം. കാഞ്ഞിരപ്പള്ളി മണ്ണാറയക്കം കരിമ്പനാൽ രഞ്ജു കുര്യൻ (50), മാതൃസഹോദരൻ കൂട്ടിക്കൽ പൊട്ടംകുളം മാത്യു സ്കറിയ (പൂച്ചക്കല്ലിൽ രാജു -78) എന്നിവരെയാണ് ബന്ധു ജോർജ് കുര്യൻ (52) റിമാൻഡ് ചെയ്തത്. സ്വത്ത് തർക്കത്തെ തുടർന്നാണ് പ്രതി വീട്ടിൽ എത്തി രണ്ടു ബന്ധുക്കളെയും വെടിവച്ചു കൊലപ്പെടുത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേസിലെ പ്രതിയും സാക്ഷികളും ഇരകളും എല്ലാം ബന്ധുക്കളായിട്ടും തെളിവുകൾ ചോർന്നു പോകാതിരിക്കാൻ പൊലീസ് നിർണ്ണായകമായ ഇടപെടലാണ് നടത്തിയത്. കേസിൽ നിർണ്ണായകമായ തെളിവുകൾ കൃത്യമായി പൊലീസ് ശേഖരിച്ചു. ശാസ്ത്രീയമായ തെളിവുകൾ ശേഖരിക്കാനടക്കം പൊലീസിന് കൃത്യ സമയത്ത് സാധിച്ചത് പ്രോസിക്യൂഷന് കേസ് തെളിയിക്കുന്നതിൽ നിർണ്ണായകമായി മാറി. കേസിൽ 26 സാക്ഷികളെയാണ് പൊലീസ് കോടതിയിൽ ഹാജരാക്കിയത്. 278 പ്രമാണങ്ങളും 75 തൊണ്ടി മുതലുകളും ഹാജരാക്കുകയും ചെയ്തു.
കേസിൽ ഏറെ നിർണ്ണായകമായത് വെടിവയ്ക്കാൻ ഉപയോഗിച്ച് തോക്ക് തന്നെയാണ്. ബാലസ്റ്റിക്ക്സ് വിദഗ്ധനെക്കൊണ്ടും, ആർമർ എസ്.ഐയെക്കൊണ്ടും അന്വേഷണ സംഘം കൃത്യമായി തെളിവുകൾ ശേഖരിക്കുകയായിരുന്നു. ഇതാണ് കോടതിയിൽ സമർപ്പിച്ചത്. സംഭവ സ്ഥലത്തു നിന്നും കൊല്ലപ്പെട്ടവരുടെ ശരീരത്തിൽ നിന്നും രക്തസാമ്പിളുകൾ പൊലീസ് ശേഖരിച്ചിരുന്നു. ഈ രക്തസാമ്പിളുകളും പ്രതിയുടെ ശരീരത്തിൽ നിന്നും ശേഖരിച്ച രക്ത സാമ്പിളുകളും ഒത്തു നോക്കി രണ്ടും മാച്ചിംങ് ആണെന്നു കണ്ടെത്തിയതും കോടതി നിർണ്ണായക തെളിവായി ശേഖരിച്ചു. കൊലപാതകത്തിന് പ്രതി ഉപയോഗിച്ച തോക്കും, മൃതദേഹത്തിൽ നിന്ന് കണ്ടെത്തിയ തിരകളും പരിശോധിച്ച് രണ്ടും ഒന്നാണ് എന്നുള്ള ബാലസ്റ്റിക്സ് വിദഗ്ധന്റെ റിപ്പോർട്ട് പൊലീസ് കോടതിയിൽ ഹാജരാക്കിയതും കേസിന്റെ വിചാരണ ഘട്ടത്തിൽ ഏറെ നിർണ്ണായകമായി.
സംഭവസ്ഥലത്തു നിന്നും ഷർട്ടിന്റെ ബട്ടൻസ് പൊലീസിനു ലഭിച്ചിരുന്നു. ഈ ബട്ടൻസും പ്രതി സംഭവ ദിവസം താമസിച്ചിരുന്ന ക്ലബിലെ മുറിയിൽ നിന്നും കണ്ടെത്തിയ ഷർട്ടിന്റെ ബട്ടൺസും ഒന്നാണ് എന്ന് പൊലീസ് കണ്ടെത്തി. ഇതും കേസിലെ അതി നിർണ്ണായക തെളിവുകളിൽ ഒന്നായി മാറി. ഹൈദരാബാദിലെ ഫോറൻസിക് ലാബറട്ടറിയിലെ ഫിസിക്സ്, ബയോളജി, ബാലസ്റ്റിക്ക്സ് ഡിവിഷനുകളിൽ നിന്നുള്ള പരിശോധനാ റിപ്പോർട്ടുകൾ പൊലീസ് കോടതിയിൽ സമർപ്പിച്ചത് കേസിലെ ഏറെ നിർണ്ണായകമായി മാറി.
പ്രതി വെടിവയ്ക്കുന്നതിൽ പരിശീലനം നേടിയ ആളാണെന്നും, ഷാർപ്പ് ഷൂട്ടർആണെന്നുമുള്ള തെളിവ് പൊലീസ് സംഘം ശേഖരിച്ചിരുന്നു. മൃതദേഹങ്ങളിൽ തലയിലും നെഞ്ചിലും വെടിയുണ്ടകൾ ആഴ്ന്നിറങ്ങിയ പാടുകളുണ്ടായിരുന്നു. ഇത് തോക്ക് തലയോട്ടിയോടും, ഇടനെഞ്ചിനോടും ചേർത്തു വച്ച് വെടിവെച്ചതിൽ നിന്നാണ് എന്നു വ്യക്തമാകുന്നതായി ബാലസ്റ്റിക്ക് എക്സ്പേർട്ട് റിപ്പോർട്ട് നൽകിയിരുന്നു. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറും സമാന രീതിയിലുള്ള റിപ്പോർട്ടാണ് സമർപ്പിച്ചത്. രണ്ടും കോടതിയിൽ നിർണ്ണായക തെളിവായി മാറി.
പ്രതിയുടെ ഷൂട്ടിംങ് പ്രാവീണ്യം തെളിയിക്കുന്നതിനു ഇടുക്കി റൈഫിൾ ക്ലബ് സെക്രട്ടറിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇത് കോടതിയിൽ നിർണ്ണായക തെളിവായി മാറി. ഇത് കൂടാതെ കൊലപാതകത്തിനു മുൻപും കൊലപാതകത്തിനു ശേഷവും പ്രതി നടത്തിയ വാട്സ്അപ്പ് ചാറ്റ് പൊലീസ് റിക്കവർ ചെയ്ത് എടുത്തതും കോടതിയിൽ ഏറെ നിർണ്ണായക തെളിവായി മാറി.