തിരുവനന്തപുരം : കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ചൊവ്വാഴ്ച രാത്രി വരെ കടലാക്രമണക്കിനും ഉയർന്ന തിരമാലകള്‍ രൂപംകൊള്ളാനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച രാത്രി 11.30 വരെ 0.5 മുതല്‍ 1.6 മീറ്റർ വരെ ഉയർന്ന തിരമാലകളുണ്ടായേക്കും. തിരമാലകളുടെ വേഗത സെക്കൻഡില്‍ 5 സെന്റിമീറ്റർ മുതല്‍ 20 സെന്റിമീറ്ററിനിടയില്‍ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. കേരളത്തിന് പുറമെ തെക്കൻ തമിഴ്‌നാട് തീരത്തും വടക്കൻ തമിഴ്‌നാട് തീരത്തും ഇന്ന് കടലാക്രമണത്തിനും ഉയർന്ന തിരമാലകള്‍ക്കുമുള്ള സാധ്യത അറിയിച്ചിട്ടുണ്ട്.
കള്ളക്കടല്‍ പ്രതിഭാസം തന്നെയാണ് ഇവിടെയും ഇതിന് കാരണമാവുന്നത്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ അറിയിപ്പിലുണ്ട്. അതേസമയം കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ ഞായറാഴ്ച ഉച്ച മുതല്‍ കണ്ട കടല്‍ കയറുന്ന പ്രതിഭാസം ‘കള്ളക്കടല്‍’ (swell surge) ആണെന്ന് ദേശിയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രമാണ് സ്ഥിരീകരിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മാർച്ച് 23ന് ഇന്ത്യൻ തീരത്ത് നിന്ന് 10,000 കിലോമീറ്റർ അകലെ ന്യുനമർദ്ദം രൂപപ്പെടുകയും രണ്ട് ദിവസം കഴിഞ്ഞ് ഈ ന്യുനമർദ്ദം ഇന്ത്യൻ മഹാസമുദ്രത്തിന്റെ തെക്ക് ഭാഗത്തേക്ക് നീങ്ങുകയും ചെയ്തതോടെ തെക്കൻ ഇന്ത്യൻ മഹാസമുദ്രത്തില്‍ 11 മീറ്റർ വരെ ഉയർന്ന തിരമാലകള്‍ രൂപപ്പെടുകയും ആ തിരമാലകള്‍ പിന്നീട് ഇന്ത്യൻ തീരത്തേക്ക് എത്തുകയും ചെയ്തു. പ്രത്യേകിച്ച് ലക്ഷണങ്ങള്‍ ഉണ്ടാവാതെ പെട്ടന്ന് തന്നെ ഇത്തരം തിരകള്‍ രൂപപ്പെടുകയാണ് പതിവ്. അതുകൊണ്ടാണ് ഇവയെ “കള്ളക്കടല്‍” എന്ന് വിളിക്കുന്നത്. ഈ തിരകള്‍ മൂലം തീരപ്രദേശങ്ങളില്‍ കടല്‍ ഉള്‍വലിയാനും, തീരത്തേക്ക് കയറാനും കാരണമാവും. അടുത്ത രണ്ട് ദിവസത്തേക്ക്, ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് ഈ പ്രവണത കാണപ്പെടും. തുടർന്ന് മെല്ലെ ഇവ ദുർബലമാകാനുമുളള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്.