പാലക്കാട് :രണ്ടാം തേരുത്സവമായ ഇന്നലെ ഗ്രാമക്കാരെയും ഭക്തരെയും സാക്ഷിയാക്കി പുതിയ കൽപാത്തി മന്തക്കര മഹാഗണപതിയും ദേവരഥത്തിലേറി പ്രദക്ഷിണം തുടങ്ങി. നാല് ദേവരഥങ്ങളും വൈകുന്നേരം മുഖാമുഖം കണ്ട് വണങ്ങുന്നതോടെ ഇത്തവണത്തെ ഉല്‍സവത്തിന് സമാപനമാകും.വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിനു മുൻവശത്തുള്ള തേരുമുട്ടിയിൽ ത്രിസന്ധ്യയ്ക്കു ദേവരഥങ്ങൾ മുഖാമുഖം എത്തുന്നതോടെ കൽപാത്തി ദേവരഥ സംഗമമാകും. കണ്ടു തൊഴാൻ പതിനായിരങ്ങൾ എത്തും. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി, ഗണപതി, വള്ളിദൈവാന സമേത സുബ്രഹ്മണ്യസ്വാമി, മന്തക്കര മഹാഗണപതി തേരുകളാണു പ്രദക്ഷിണ വഴികളിലുള്ളത്. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെത്തി അനുഗ്രഹം തേടിയാണ് മന്തക്കര മഹാഗണപതി തേരിലേറിയത്. ദേവരഥ പ്രദക്ഷിണം തുടങ്ങിയതിന് ശേഷം ഏറ്റവും കൂടുതല്‍ ഭക്തരെത്തിയതും രണ്ടാം നാളിലായിരുന്നു. സ്ത്രീകളും കുട്ടികളും അവേശത്തില്‍ രഥപ്രയാണത്തിന്റെ ഭാഗമായി. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സേനാംഗങ്ങളും രഥമുരുളും വഴികളില്‍ വടംവലിച്ച് പങ്കാളികളായി. തിരക്ക് കണക്കിലെടുത്ത് കര്‍ശന സുരക്ഷാ സംവിധാനങ്ങളാണ് കൽപാത്തിയിലും പരിസരത്തും ഒരുക്കിയിരിക്കുന്നത്. രഥോത്സവത്തോടനുബന്ധിച്ച് ഇന്ന് പാലക്കാട് താലൂക്ക് പരിധിയിലെ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്