കൊച്ചി: എറണാകുളം മൂഴിക്കുളത്ത് അമ്മ പുഴയിൽ എറിഞ്ഞുകൊന്ന നാല് വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായെന്ന കേസില്‍ പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ്. പീഡനം നടന്നത് വീടിനുള്ളിൽ വെച്ചു തന്നെയാണെന്ന് പൊലീസ് പറയുന്നു. പോസ്റ്റ്‌മോർട്ടത്തിൽ ലഭിച്ച വിവരങ്ങൾ നിർണ്ണായകമായി.
മറ്റ് തെളിവുകളും ലഭിച്ചെന്ന് പൊലീസ് പറയുന്നു. ചോദ്യം ചെയ്യലിനിടെ പ്രതി പൊട്ടികരഞ്ഞുവെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. പ്രതിയുടെ അറസ്റ്റ് ഇന്ന് രാവിലെ രേഖപ്പെടുത്തി. പോക്സോ, ബാലനീതി വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുട്ടിയുടെ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ പൊലീസിന് നൽകിയ സൂചനകളുടെ അടിസ്ഥാനത്തിലാണ് ഇയാളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. കൊല്ലപ്പെടും മുൻപ് കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്നാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തലിന് പിന്നാലെയായിരുന്നു നടപടി. പോസ്റ്റ്മോർട്ടത്തിൽ കുട്ടിയുടെ ശരീരത്തിൽ കണ്ട ചില പാടുകളാണ് പീഡനത്തിന്റെ സൂചനകൾ നൽകിയിരുന്നു.
ഇന്നലെ രാവിലെ മുഴുവൻ കുട്ടിയുടെ അടുത്ത ബന്ധുക്കളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന് ഒടുവിലാണ് കുട്ടിയുടെ അച്ഛന്റെ ബന്ധുവിനെ പുത്തൻകുരിശ് പൊലീസ് ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ പോക്സോ, ബാലനീതി വകുപ്പുകൾ ചുമത്തി പൊലീസ് ഇന്നലെ രാത്രി തന്നെ കേസെടുത്തു.