പായല്‍ കപാഡിയ സംവിധാനം ചെയ്ത് മലയാള താരങ്ങളായ കനി കുസൃതിയും ദിവ്യപ്രഭയും പ്രധാന വേഷങ്ങളിലെത്തിയ ഇന്ത്യൻ ചിത്രം ഓള്‍ വി ഇമാജിൻ ആസ് ലൈറ്റിന് കാൻ ചലച്ചിത്രവേളയില്‍ ഗ്രാൻ പ്രീ പുരസ്കാരം. മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരമാണ് ഓള്‍ വി ഇമാജിൻ ആസ് ലൈറ്റ് നേടിയത്.
നേരത്തെ ഛായാഗ്രാഹകൻ സന്തോഷ് ശിവൻ പിയർ പ്രശസ്തമായ ആഞ്ചനിയോ പുരസ്കാരം ഏറ്റുവാങ്ങി. ലോകത്തെ ഏറ്റവും മികച്ച ഛായാഗ്രാഹകരെ ആദരിക്കുന്ന സ്വതന്ത്ര പുരസ്കാരം കാനിലെ നിറഞ്ഞ സദസിലാണ് സന്തോഷ് ശിവൻ സ്വീകരിച്ചത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഏഷ്യൻ ഛായാഗ്രാഹകനാണ്. ആഞ്ചനിയോ സ്ഥാപന മേധാവി ഇമ്മാനുവേലും ബോളിവുഡ് നടി പ്രീതി സിന്റയും ചേർന്നാണ് സന്തോഷ് ശിവൻ എന്ന പേര് ആലേഖനം ചെയ്ത ലെൻസുകളടങ്ങുന്ന പുരസ്ക്കാരം സമ്മാനിച്ചത്. വെള്ളിയാഴ്ച രാത്രി അദ്ദേഹത്തിന് റെഡ് കാർപ്പറ്റ് വരവേല്‍പ്പ് നല്‍കിയിരുന്നു. സന്തോഷ് ശിവന്റെ ഭാര്യ ദീപ, മകൻ സർവ്വജിത് എന്നിവരും സന്നിഹിതരായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അണ്‍ സെർട്ടെൻ റിഗാർഡ് വിഭാഗത്തില്‍ ഇന്ത്യൻ നടി അനസൂയ സെൻഗുപ്ത. മികച്ച നടിക്കുള്ള പുരസ്കാരം അനസൂയക്കാണ്. ബള്‍ഗേറിയൻ സംവിധായകൻ കോണ്‍സ്റ്റന്റിൻ ബോഷനോവ് ഒരുക്കിയ ‘ ദ ഷെയിംലെസ് ‘ എന്ന ഹിന്ദി ചിത്രത്തിലെ അഭിനയത്തിനാണ് അംഗീകാരം. ആദ്യമായാണ് ഒരു ഇന്ത്യൻ നടി ഈ നേട്ടം സ്വന്തമാക്കുന്നത്.
രേണുക എന്ന ലൈംഗികത്തൊഴിലാളിയുടെ വേഷമാണ് അനസൂയ അവിസ്മരണീയമാക്കിയത്. ഡല്‍ഹിയിലെ ഒരു വേശ്യാലയത്തില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥനെ കുത്തിയ ശേഷം രക്ഷപെടുകയും പിന്നീട് 17കാരിയായ ദേവിക എന്ന ലൈംഗികത്തൊഴിലാളിയുമായി പ്രണയത്തിലാവുകയും ചെയ്യുന്നതാണ് പ്രമേയം.
ഇന്ത്യയിലും നേപ്പാളിലെ കാഠ്‌മണ്ഡുവിലുമായിരുന്നു സിനിമയുടെ ചിത്രീകരണം.
2009ല്‍ മാഡ്‌ലി ബംഗാളി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ അനസൂയ പ്രൊഡക്‌ഷൻ ഡിസൈനർ കൂടിയാണ്. കൊല്‍ക്കത്ത സ്വദേശിയാണ്.
ചൈനീസ് ചിത്രമായ ‘ബ്ലാക്ക് ഡോഗ് ‘ ആണ് അണ്‍ സെർട്ടെൻ റിഗാർഡ് വിഭാഗത്തിലെ മികച്ച ചിത്രം. റോബർട്ടോ മിനർവിനി (ദ ഡാംഡ്), റുൻഗാനോ ന്യോനി (ഓണ്‍ ബികമിംഗ് എ ഗിനി ഫോള്‍) എന്നിവർ മികച്ച സംവിധായകരായി. അബു സാൻഗാരെ ( ദ സ്റ്റോറി ഒഫ് സുലൈമാൻ) ആണ് മികച്ച നടൻ.