കോട്ടയം : എറണാകുളം റോഡിൽ കാണക്കാരി ജംഗ്ഷന് സമീപം ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് വഴിയിലേക്ക് തെറിച്ചു വീണ ഗായകൻ മരിച്ചു.കോട്ടയം സ്റ്റാർ വോയിസ് ഗാനമേള സംഘത്തിലെ ഗായകനായ കൊടുങ്ങൂർ സ്വദേശി അയ്യപ്പദാസ് (45) ആണ് മരിച്ചത്.അപകടം നടന്ന അരമണിക്കൂറോളം റോഡിൽ കിടന്ന ശേഷമാണ് അയ്യപ്പദാസിനെയും സൈക്കിൾ യാത്രക്കാരനെയും ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞത്.ഇന്നലെ രാത്രി 11 15ന് കാണക്കാരി ജംഗ്ഷന് സമീപം ആയിരുന്നു അപകടം.
കുറുപ്പന്തറ കല്ലറ ഭാഗത്ത് വിവാഹ ചടങ്ങിൽ ഗാനമേളയിൽ പങ്കെടുത്ത ശേഷം കൊടുങ്ങൂരിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന അയ്യപ്പദാസ് സഞ്ചരിച്ചിരുന്ന ബൈക്കും റോഡ് അരികത്തെ കടയിൽ നിന്ന് ഇറങ്ങി വരികയായിരുന്ന സൈക്കിളും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.രണ്ടുപേരും റോഡിലേക്ക് തെറിച്ചു വീണു.ചോര വാർന്നു കിടന്നിരുന്ന അയ്യപ്പദാസിനെയും സൈക്കിൾ യാത്രക്കാരനെയും ഏറെ സമയത്തിന് ശേഷമാണ് ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചത് ആശുപത്രിയിൽ എത്തിച്ചെങ്കിലും അയ്യപ്പദാസിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല . അപകട വിവരം അറിഞ്ഞ് ഗാനമേള സംഘത്തിലെ സഹപ്രവർത്തകരും ബന്ധുക്കളും എത്തിയിട്ടുണ്ട്.