കോട്ടയം: കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ പതിനെട്ടുകാരനെ ആക്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. കൂവപ്പള്ളി പട്ടിമറ്റം കന്നുപറമ്പിൽ വീട്ടിൽ അബ്ദുൽ അസീസ് (56), ഇയാളുടെ മക്കളായ ഷെഫീഖ് (36), ഷമീർ ( 31) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം അബ്ദുൾ അസീസ് നടത്തുന്ന കടയിൽ സാധനം വാങ്ങാൻ വന്ന മുഹമ്മദ് ഷഹനാസിനെയാണ് അബ്ദുൽ അസീസും മക്കളും ആക്രമിച്ചത്. സാധനം വാങ്ങിയതിനു ശേഷം മഴ ആയതിനാൽ കടയുടെ പരിസരത്തുള്ള പടുതയുടെ കീഴിൽ നിൽക്കുകയും ഷഹനാസും ഷെഫീക്കും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും ചെയ്തു.
തുടർന്നാണ് ഇവർ ഇയാളെ ആക്രമിച്ചത് . ഷഹനാസും ഷെഫീക്കും തമ്മിൽ മുൻവൈരാഗ്യം ഉണ്ടായിരുന്നു. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് മൂവരെയും പിടികൂടിയത്. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ഷിന്റോ. പി. കുര്യൻ, എസ്.ഐ മാരായ അരുൺ തോമസ്, ബിനോയ്, സിവിൽ പൊലീസ് ഓഫീസർമാരായ സതീഷ്,സതീഷ് ചന്ദ്രൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളിൽ ഒരാളായ ഷമീറിന് കാഞ്ഞിരപ്പള്ളി സ്റ്റേഷനിൽ തന്നെ അടിപിടി കേസുകൾ നിലവിലുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി.