കാഞ്ഞിരപ്പള്ളി: വജ്രജൂബിലി ആഘോഷിക്കുന്ന സെൻ്റ് ഡൊമിനിക്സ് കോളജ് പൂർവ്വ വിദ്യാർത്ഥികൾ, അദ്ധ്യാപകർ, അഭ്യുദയകാംക്ഷികൾ മുതലായവർ ഡിസംബർ 27 വെള്ളിയാഴ്ച കോളജിൽ ഒത്തു ചേരുന്നു. ഈ വജ്രജൂബിലി മഹാസംഗമത്തിനു മുന്നോടിയായി 10-ാം തീയതി 02.00 മണിക്ക് കോളജ് മാനേജർ ഫാ. വർഗീസ് പരിന്തിരിക്കലിൻ്റെ അധ്യക്ഷതയിൽ വിപുലമായ സംഘാടകസമിതി ചേരുന്നതാണ്. പൂർവ്വ വിദ്യാർത്ഥി സംഘടനാ സെക്രട്ടറി അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ ഏ പങ്കെടുക്കും. 1965 മുതൽ 2024 വരെയുള്ള കാലയളവിൽ കോളജിൽ പഠിച്ചവരും പഠിപ്പിച്ചവരുമായ 75000 വരുന്ന സമൂഹത്തെ പ്രതിനിധീകരിക്കുന്ന സംഘാടക സമിതിയാണ് ചേരുന്നത്. കോളജ് ഓഡിറ്റോറിയത്തിൽ ചേരുന്ന ഈ യോഗത്തിലേക്ക് കോളജുമായി ബന്ധപ്പെട്ട് സമൂഹത്തിൻ്റെ നാനാതുറകളിൽ പ്രവർത്തിക്കുന്ന എല്ലാവരും എത്തിച്ചേരണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കോളജ് യൂണിയൻ, എൻ സി സി, എൻ എസ് എസ് മുതലായ മേഖലകളിൽ നേതൃത്വം വഹിച്ചവർ, ഇന്ന് വിവിധതലങ്ങളിൽ ജനപ്രതിനിധികളായി പ്രവർത്തിക്കുന്നവർ, സർക്കാർ സേവനങ്ങളിലും അഭിഭാഷകവൃത്തിയിലും സംരംഭകരായും ജോലി ചെയ്യുന്നവർ, മാധ്യമപ്രവർത്തകർ, വൈദികർ, അധ്യാപകർ, അനധ്യാപകർ, കോളജിൻ്റെ അഭ്യുദയകാംക്ഷികൾ മുതലായവരിലൂടെ മുഴുവൻ പൂർവ്വ വിദ്യാർത്ഥികളിലേക്കും എത്താനാണ് കോളജ് ശ്രമിക്കുന്നത്.ചങ്ങനാശ്ശേരി അതിരൂപതയുടെ ഫൊറോനാപള്ളിയായിരുന്ന കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്സ് പള്ളിയുടെ മാനേജ്മെൻ്റിൽ ആർച്ച് ബിഷപ്പ് മാർ മാത്യു കാവുകാട്ട് 1965ൽ ശിലാസ്ഥാപനം നിർവഹിച്ച സെൻറ് ഡൊമിനിക്സ് കോളജ് 60 വർഷങ്ങൾ പിന്നിട്ട് വജ്രജൂബിലി നിറവിൽ എത്തിനിൽക്കുകയാണ്. മാർച്ച് 25ന് ശിലാസ്ഥാപനം നടന്ന കോളേജിൽ ജൂലൈ 8നു തന്നെ ക്ലാസുകൾ ആരംഭിച്ചു. സിറിയക് തുരുത്തുമാലിൽ അച്ചനായിരുന്നു ആദ്യ മാനേജർ. ആദ്യ പ്രിൻസിപ്പൽ കുര്യാക്കോസ് ഏണക്കാട്ട് അച്ചനായിരുന്നു. കാവുകാട്ടിൽ പിതാവിന് ശേഷം മാർ ആൻറണി പടിയറ, മാർ ജോസഫ് പൗവ്വത്തിൽ, മാർ മാത്യു വട്ടക്കുഴി, മാർ മാത്യു അറക്കൽ, എന്നിവർ കോളജിന്റെ രക്ഷാധികാരികളായിരുന്നു. കാഞ്ഞിരപ്പള്ളി ഇടവകാംഗങ്ങളുടെ നിസ്തുലമായ ത്യാഗസമർപ്പണങ്ങളുടെ ഫലമായാണ് കോളജ് രൂപം കൊണ്ടത്.നിലവിൽ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ ആണ് കോളേജിൻറെ രക്ഷാധികാരി. മാനേജർ കാഞ്ഞിരപ്പള്ളി ആർച്ച് പ്രീസ്റ്റ് പരിന്തിരിക്കൽ വർഗ്ഗീസച്ചനും പ്രിൻസിപ്പൽ ഡോ സീമോൻ തോമസും ഗവേണിങ് ബോഡും ബർസാർ പാലക്കുടി മനോജച്ചനും കോളജിന് ശക്തമായ നേതൃത്വം നല്കുന്നു.
കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളുടെ മലയോരപ്രദേശങ്ങളിലെ കർഷകരും സാധാരണക്കാരുമായ എല്ലാ വിഭാഗം ജനങ്ങളുടെയും വിദ്യാഭ്യാസ സാമൂഹിക പുരോഗതി ലക്ഷ്യമിട്ടുകൊണ്ടാണ് സെൻ്റ് ഡൊമിനിക്സ് കോളജ് പ്രവർത്തനമാരംഭിച്ചത്. അറുപതു വർഷങ്ങൾ പിന്നിടുന്ന കോളേജ് ഇന്ന് നേട്ടങ്ങളുടെ നിറവിലും മാറ്റങ്ങളുടെ പാതയിലുമാണ്. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന കോളേജ് നാക് അക്രഡിറ്റേഷനിൽ എ പ്ലസ് ഗ്രേഡ് സ്വന്തമാക്കിയിട്ടുണ്ട്. എൻഐആർഎഫ് റാങ്കിങ്ങിൽ ഇന്ത്യയിലെ മുൻനിര കോളേജുകളിൽ ഒന്നുമാണ്. കോളേജിൽ 22 പഠന പ്രോഗ്രാമുകളും 1600 വിദ്യാർത്ഥികളും 92 അധ്യാപകരുമാണ് ഉള്ളത്. എല്ലാ പഠന പ്രോഗ്രാമുകളിലും യൂണിവേഴ്സിറ്റിയിലെ ഏറ്റവും മികച്ച വിജയശതമാനവും ഉന്നത റാങ്കുകളും സ്വന്തമാക്കുന്നതിനൊപ്പം സംസ്ഥാന ദേശീയ തലങ്ങളിൽ കൈവരിച്ചിട്ടുള്ള കായികരംഗത്തെ നേട്ടങ്ങളും കോളേജിന്റെ അഭിമാനം വാനോളം ഉയർത്തുന്നു. സെൻറ് ഡൊമിനിക്സിന്റെ കാംപസ്സിൽ പുതിയതായി ആരംഭിച്ചിരിക്കുന്ന ലോ കോളജും ആ മേഖലയിൽ സംസ്ഥാനത്തെ മുൻനിരസ്ഥാപനമായി വളർന്നുകൊണ്ടിരിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൊല്ലം-ദിണ്ടിഗൽ ദേശീയപാതയോട് ചേർന്നുകിടക്കുന്ന സെൻറ് ഡൊമിനിക്സിന്റെ കാമ്പസ് കേരളത്തിലെ ഏറ്റവും മനോഹരമായ കാമ്പസുകളിലൊന്നാണ്. അക്കാദമിക കായിക കലാരംഗങ്ങളിലെ നേട്ടങ്ങൾക്കൊപ്പം കോളേജിലെ ഭൗതിക സൗകര്യങ്ങളും കാലാകാലങ്ങളിൽ വികസിച്ചിട്ടുണ്ട്. ദേശീയ നിലവാരത്തിലുള്ള റിസർച്ച് ലാബുകളും ജില്ലയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗ്രൗണ്ടും ഫിറ്റ്നസ് – സ്പോർട്സ് ഉപകരണങ്ങളും ജിംനേഷ്യവും മികച്ച രണ്ട് ഓഡിറ്റോറിയങ്ങളും ആറ് കോൺഫറൻസ് ഹാളുകളും അത്യാധുനിക രീതിയിലുള്ള കാൻറീനും ഹോസ്റ്റലുകളും കോളേജിന്റെ ഭൗതിക സൗകര്യങ്ങളിൽ ചിലതാണ്. ആഗോള നിലവാരത്തിലുള്ള സുരക്ഷയും ഭൌതികസംവിധാനങ്ങളും കുട്ടികളെ കാഴ്ചപ്പാടിലും തൊഴിൽശേഷിയിലും ആഗോളനിലവാരത്തിലെത്തിക്കുമെന്ന് ഈ കലാലയം വിശ്വസിക്കുന്നു. നാലുവർഷ ബിരുദവും ആഗോള പഠന,തൊഴിൽരംഗങ്ങളിലെ മാറ്റങ്ങളും മുന്നിൽ കണ്ടുകൊണ്ട് വലിയ മാറ്റങ്ങൾക്ക് ഒരുങ്ങുകയാണ് കോളജ്. സമ്പൂർണ്ണശുചിത്വവും ലിംഗരഹിത യൂണിഫോമും അച്ചടക്കവും സൗഹൃദവും സമാധാനവും ഉള്ള കാമ്പസും കോളജിന്റെ മുഖമുദ്രയാണ്. ‘ഇന്മേറ്റ്സ്’ എന്ന സ്വകാര്യകമ്പനിയുമായി ചേർന്നുകൊണ്ട് കോളേജിലെ വിദ്യാർത്ഥികൾക്ക് ഐ ടി മേഖലയിലെ തൊഴിൽപരിശീലനവും പഠനത്തോടൊപ്പം മികച്ച വരുമാനവും സ്വന്തമാക്കുന്നതിന് അവസരമൊരുക്കുന്ന പരിപാടികൾ ആസൂത്രണം ചെയ്തുവരികയാണ്.
കോളേജിലെ എല്ലാ പഠന പ്രോഗ്രാമുകളിലും തൊഴിൽ പരിശീലനത്തിനുള്ള അവസരങ്ങൾ, ഭാഷാവൈദഗ്ധ്യം വർദ്ധിപ്പിക്കുന്നതിനുള്ള അവസരങ്ങൾ, ആഗോള തൊഴിൽമേഖലാപരിചയം, തൊഴിൽ അന്വേഷണസഹായം മുതലായവയും ഉൾപ്പെടുത്തിയിട്ടുണ്ട്.കോളജിന്റെ ഏറ്റവും വലിയ സ്വത്തും അഭിമാനവും ലോകത്തിൻറെ എല്ലാ ഭാഗങ്ങളിലും ജഡ്ജിമാർ, ഉന്നത ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, വ്യവസായികൾ, കർഷകർ, കലാകായിക പ്രതിഭകൾ എന്നിങ്ങനെ വ്യത്യസ്തമേഖലകളിൽ കഴിവ് തെളിയിച്ച കോളജിന്റെ പൂർവവിദ്യാർത്ഥികളാണ്. ഒരു വർഷം നീണ്ടുനിൽക്കുന്ന വൈവിധ്യമാർന്ന ആഘോഷ പരിപാടികളാണ് മാനേജ്മെൻ്റും അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് വജ്രജൂബിലിയുടെ ഭാഗമായി ആസൂത്രണം ചെയ്തിട്ടുള്ളത്. ജൂബിലിയുടെ പ്രാരംഭമായി നടത്തിയ വജ്രജൂബിലി എക്സിബിഷൻ ‘സ്പെക്ട്ര’ വലിയ വിജയമായിരുന്നു. വജ്രജൂബിലി ആഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം ഇക്കഴിഞ്ഞ ഒക്ടോബർ 28ന് കേന്ദ്രമന്ത്രി അഡ്വ ജോർജ്ജ് കുര്യൻ നിർവ്വഹിച്ചു.
ഈ ഡിസംബർ 27ന് പൂർവ്വവിദ്യാർത്ഥി മഹാസംഗമവും 27 മുതൽ അഖിലേന്ത്യാ ബാസ്കറ്റ് ബോൾ മത്സരവും ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോളജിൽ നടക്കും. തുടർന്ന്, വൈവിധ്യമാർന്ന കലാ,കായിക,സാംസ്കാരിക,അക്കാദമിക പരിപാടികൾ വരുന്ന ഒരു വർഷ കാലത്തിനിടയ്ക്ക് സംഘടിപ്പിക്കപ്പെടും.വജ്രജൂബിലി ആഘോഷങ്ങളെ വളർച്ചയുടെ പാതയിൽ ഊർജ്ജവും വെളിച്ചവും പകർന്നവരെ നന്ദിയോടെ ഓർക്കാനും മഹത്തായ ലക്ഷ്യങ്ങൾക്കായി പുനരർപ്പണം ചെയ്യാനുമുള്ള അവസരമായാണ് കോളജ് കാണുന്നത്. പ്രദേശവാസികളും പൂർവ്വവിദ്യാർത്ഥികളും ജ്ഞാനകാംക്ഷികളും വജ്രജൂബിലിയും കടന്ന് സാധ്യതകളുടെ പുത്തനാകാശങ്ങളിലേക്ക് ഈ വിദ്യാലയത്തിന്റെ പ്രഭ വളരുന്നത് കാത്തിരിക്കുകയാണ്.
വജ്രജൂബിലി മഹാസംഗമത്തിന് ഒരുക്കമായുള്ള സംഘാടക സമിതിയിൽ കോളജിൻ്റെ രാഷ്ട്രീയ, സാമൂഹിക പ്രവർത്തനങ്ങൾക്കു നേതൃത്വം നല്കിയവരും കോളജിൽ നിന്നു നേടിയ പരിശീലനത്തിലൂടെ ആഗോള ദേശീയ തലങ്ങളിൽ വിവിധ മേഖലകളിൽഉന്നത സേവനം നടത്തുന്നവരും മികച്ച കർഷകരായി കലാലയത്തിന് അഭിമാനം വളർത്തുന്നവരും കോളജിനെ സ്നേഹിക്കുന്ന എല്ലാവരും പങ്കെടുക്കണമെന്ന് കോളജ് നേതൃത്വം അറിയിച്ചു. വിശദാംശങ്ങൾക്ക് സംഘാടകസമിതി പ്രസിഡൻ്റ് മാത്യു ചാക്കോ വെട്ടിയാങ്കൽ (94471 50973), സെക്രട്ടറി ഇ ജെ ജോണി (9567540770), പി ആർ ഒ. ജോജി വാളിപ്ലാക്കൽ (9447279159), പ്രൊഫ സി ഏ തോമസ് (9447572763), പ്രൊഫ പ്രതീഷ് ഏബ്രഹാം (9447090869) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.