കണ്ണൂർ വിസ്മയ പാർക്കിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രൊഫസർ റിമാൻഡിൽ

കണ്ണൂര്‍: വിസ്മയ പാര്‍ക്കില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് പെരിയയിലെ കേന്ദ്ര സർവകലാശാല പ്രൊഫസർ റിമാൻഡില്‍. പ്രൊഫസർ ഇഫ്തിക്കർ അഹമ്മദിനെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. ഇന്നലെ വൈകുന്നേരമാണ് സംഭവം നടക്കുന്നത്. മലപ്പുറം സ്വദേശിയായ ഇരുപത്തിരണ്ടുകാരിയോട് ഇഫ്തിക്കര്‍ അഹമ്മദ് അപമര്യാദയായി പെരുമാറുകയായിരുന്നു. പാര്‍ക്കിലെ വേവ്‍പൂളില്‍ വച്ചാണ് മോശമായി പെരുമാറിയത്.

ഇതോടെ യുവതി ബഹളം വച്ചു. തുടര്‍ന്ന് സ്ഥലത്ത് പൊലീസെത്തി, ഇഫ്തിക്കര്‍ അഹമ്മദിനെതിരെ കേസെടുത്തു. ഇന്ന് കോടതിയില്‍ ഹാജരാക്കിയ ശേഷമാണ് രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തിരിക്കുന്നത്. മുമ്ബും ഇദ്ദേഹത്തിനെതിരെ സമാനമായ രീതിയില്‍ ലൈംഗികാതിക്രമ പരാതികളുയര്‍ന്നിട്ടുണ്ട് എന്നാണ് ലഭ്യമാകുന്ന വിവരം. കഴിഞ്ഞ നവംബറില്‍ യൂണിവേഴ്സിറ്റിയില്‍ തന്നെ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന് പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തിരുന്നു. ശേഷം തിരികെ സര്‍വീസില്‍ എടുത്തതിന് ഏറെ പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു.

Hot Topics

Related Articles