കോട്ടയം : നെൽകർഷകർ നേരിടുന്ന ചൂഷണത്തിൽ നിന്ന് അവരെ സംരക്ഷിക്കുന്നതിനും വിപണിയിൽ മികച്ച അരി ലഭ്യമാക്കാനും ലക്ഷ്യമിടുന്ന കേരള പാഡി പ്രൊക്യൂർമെൻറ് പ്രോസസ്സിംഗ് ആൻഡ് മാർക്കറ്റിംഗ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (കാപ്‌കോസ്) രണ്ടാമത് വാർഷിക പൊതുയോഗം നാളെ ഡിസംബർ 4 ബുധനാഴ്ച് ഉച്ചയ്ക്ക് ശേഷം 2 മണിക്ക് കോട്ടയം അർബൻ കോ ഓപ്പറേറ്റീവ് ബാങ്ക് ഹാളിൽ കാപ്കോസ് പ്രസിഡന്റ് കെ.എം രാധാകൃഷ്ന്റെ അധ്യക്ഷതിയിൽ നടക്കും.
കോട്ടയം അർബൻബാങ്ക് ഹാളിൽ ചേരുന്ന പൊതുയോഗത്തിൽ സംഘത്തിന്റെ വാർഷികറിപ്പോർട്ടും കണക്കും , അടുത്ത വർഷത്തെ ബജറ്റും ഭാവിപദ്ധതികളും അവതരിപ്പിക്കും. സംസ്ഥാനത്ത് പാലക്കാട് ഒഴികെ ഏല്ലാ ജില്ലകളും പ്രവർത്ത പരിധിയായുള്ള കാപ്കോസിന്റെ ആദ്യമില്ലിന്റെ നിർമ്മാണ പ്രവർത്തനം ഏറ്റുമാനൂർ കിടങ്ങൂർ കൂടല്ലൂർ കവലയ്ക്ക് സമീപം പത്തേക്കർ ഭൂമിയിൽ ആരംഭിച്ചു കഴിഞ്ഞു.ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റീവ് സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല .
ഇതിനായി നബാർഡിന്റെ ധനസഹായം കാപ്‌കോസിന് ലഭിച്ചു.നബാർഡിന്റെ റൂറൽ ഇൻഫ്രാസ്ട്രകച്ചറൽ ഡെവലപ്പ് മെന്റ് ഫണ്ട് ( ആർ. ഐ . ഡി. എഫ് ) പദ്ധതിപ്രകാരമുള്ള 74 കോടി രൂപയുടെ ധനസഹായമാണ് കാപ്കോസിന് അനുവദിച്ചത്. കാപ്കോസിന്റെ പദ്ധതിക്ക് പത്തുകോടി രൂപ സംസ്ഥാന സർക്കാരിന്റെ ധനസഹായമാണ്. ഇതിൽ ഒരു കോടി രൂപ അനുവദിച്ചുകഴിഞ്ഞു. ആറുകോടി 33ലക്ഷം രൂപ 48 സംഘങ്ങളിൽ നിന്ന് ഓഹരിയായി ലഭിച്ചിട്ടുണ്ട്. സംഘത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 20 ലക്ഷം രൂപയും സഹകരണ വകുപ്പ് അനുവദിച്ചിരുന്നു.