ബംഗളൂരു: കര്‍ണാടകയിലെ വിജയപുരയില്‍ കുഴല്‍ക്കിണറില്‍ വീണ ഒന്നരവയസ്സുകാരനെ രക്ഷപ്പെടുത്തി. നീണ്ട 20 മണിക്കൂര്‍ നേരത്തെ രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. എന്നാല്‍ കുഞ്ഞിന്റെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല. വരും മണിക്കൂറുകളില്‍ ഇതെക്കുറിച്ച് വിശദമായി അറിയാൻ കരുതുമെന്നാണ് പ്രതീക്ഷ. വിജയപുരയിലെ ലച്ച്യാൻ എന്ന ഗ്രാമത്തിലെ കൃഷിയിടത്തിലുള്ള കുഴല്‍ക്കിണറില്‍ ഇന്നലെ വൈകിട്ടാണ് ഒന്നരവയസ്സുകാരനായ സാത്വിക് വീണത്. കളിച്ചുകൊണ്ടിരിക്കെയായിരുന്നു അപകടം. ഏറെ ദൂരം താഴേക്ക് കുഞ്ഞ് വീണിരുന്നു എന്നാണ് സൂചന.
കുഞ്ഞ് വീണ കുഴല്‍ക്കിണറിന് സമാന്തരമായി ട്രഞ്ച് കുഴിച്ചാണ് രക്ഷാ പ്രവർത്തനം നടത്തിയത്. ‘മാളൂട്ടി’ എന്ന മലയാള സിനിമയില്‍ ഇതിന് സമാനമായൊരു രക്ഷാപ്രവര്‍ത്തനം കാണിക്കുന്നുണ്ട്. ഇൻഡി പൊലീസ് സൂപ്രണ്ടിന്റെയും അഗ്നിശമനസേനയുടെയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. ഇന്ന് രാവിലെ കുഞ്ഞ് ശബ്ദങ്ങളോട് പ്രതികരിക്കാതിരുന്നതോടെ വലിയ ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ഉച്ചയോടെ കുഞ്ഞിന്റെ ശബ്ദം പുറത്തേക്ക് കേട്ടത് പ്രതീക്ഷ നല്കി. ഇന്നലെ രാത്രി മുതല്‍ കുഞ്ഞിന് നിരന്തരം ഓക്സിജൻ നല്കാൻ സജ്ജീകരണം ഒരുക്കിയിരുന്നു. കുഞ്ഞിന്റെ അമ്മ അടക്കമുള്ളവർ പുറത്ത് ആംബുലൻസില്‍ കാത്തിരിക്കുകയായിരുന്നു.