കറുകച്ചാൽ : പൊലീസിന്റെ സഹായത്തോടെ 25 വർഷങ്ങൾക്കുശേഷം അമ്മയെയും സഹോദരിയെയും തിരിച്ചു കിട്ടി. 25 വർഷങ്ങൾക്ക് മുന്‍പ് അമ്മയെ ഉപേക്ഷിക്കേണ്ടിവന്ന് അച്ഛനോടൊപ്പം പോയ ഗോവിന്ദ് വർഷങ്ങൾക്കുശേഷം തന്റെ അമ്മയെയും സഹോദരിയെയും കറുകച്ചാൽ പൊലീസിന്റെ സഹായത്തോടെ കണ്ടെത്തി.
ഗുജറാത്തുകാരനായിരുന്ന രാം ഭായിയും കറുകച്ചാൽ കറ്റുവെട്ടി ഭാഗത്തുള്ള ഗീതയും തമ്മിൽ വിവാഹിതരാവുകയും ഗോവിന്ദ് ജനിച്ച് ഒന്നര വയസ്സ് കഴിയുമ്പോഴേക്കും മാതാപിതാക്കൾ തമ്മിൽ കുടുംബപരമായ പ്രശ്നങ്ങളാൽ പിണങ്ങുകയും ചെയ്തു. തുടർന്ന് രാംഭായി ഗർഭിണിയായ ഗീതയെ ഉപേക്ഷിച്ച് ഒന്നര വയസ്സുള്ള ഗോവിന്ദുമായി ഗുജറാത്തിലേക്ക് പോയി. പിന്നീട് 25 വർഷങ്ങൾക്കുശേഷം ഗോവിന്ദ് തന്റെ അമ്മയെ അന്വേഷിച്ച് കറുകച്ചാൽ പൊലീസിനെ സമീപിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒരു പോലീസുകാരന്റെ വീടിനടുത്താണ് ഗീതയുടെ വീട് എന്ന് മാത്രമേ അച്ഛന് ഓര്‍മയില്‍ ഉണ്ടായിരുന്നുള്ളൂ . ഇതായിരുന്നു ഗോവിന്ദ് പോലീസിനോട് പറഞ്ഞ ആകെയുള്ള വിവരം. തുടർന്ന് പൊലീസ് ആ കാലഘട്ടത്തിൽജോലിയില്‍ ഉണ്ടായിരുന്ന പൊലീസുകാരുടെ വിവരം ശേഖരിക്കുകയും, അവരോട് വിവരങ്ങള്‍ തിരക്കുകയും തുടര്‍ന്ന് നെടുംകുന്നം ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീജാ മനുവിനെയും സമീപിച്ച് ഗീതയെയും മകളെയും കണ്ടെത്തുകയായിരുന്നു. കറുകച്ചാല്‍ എ.എസ്.ഐ അജിത് കുമാർ,സി.പി.ഓ അൻവർ കരീം, പ്രമോദ് കെ.കെ എന്നിവരാണ് അന്വേഷണത്തിന് ഉണ്ടായിരുന്നത്.