-മന്ത്രിമാർ നേരിട്ടുപങ്കെടുക്കുന്ന പരാതിപരിഹാര അദാലത്തിന് മേയ് രണ്ട് ചൊവ്വാഴ്ച ജില്ലയിൽ തുടക്കം; മന്ത്രിമാരായ വി.എൻ. വാസവൻ, റോഷി അഗസ്റ്റിൻ എന്നിവർ പരാതികൾ കേൾക്കും
കോട്ടയം: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മന്ത്രിമാർ നേരിട്ട് പങ്കെടുക്കുന്ന ‘കരുതലും കൈത്താങ്ങും’ താലൂക്കുതല അദാലത്തുകളിൽ മുൻപ് ഓൺലൈനായി സ്വീകരിച്ച അപേക്ഷയ്ക്കുപുറമേ പുതിയ പരാതികളും സ്വീകരിക്കും. ഇതിനായി പ്രത്യേക കൗണ്ടറുകൾ സജ്ജീകരിക്കും. അദാലത്തിൽ പരിഗണിക്കുന്ന വിഷയങ്ങൾക്കു പുറമേയുള്ള പരാതികൾ/അപേക്ഷകൾ നൽകാൻ അക്ഷയ കേന്ദ്രത്തിന്റെ സേവനവും അദാലത്ത് നടക്കുന്ന സ്ഥലങ്ങളിൽ സജ്ജീകരിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
താലൂക്കുതല അദാലത്തുകൾക്ക് മേയ് 2 ചൊവ്വാഴ്ച, ജില്ലയിൽ തുടക്കമാകും. കോട്ടയം താലൂക്ക് തല അദാലത്ത് മേയ് രണ്ടിന് രാവിലെ 10 മുതൽ കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.
മന്ത്രി വി.എൻ. വാസവൻ അദാലത്ത് ഉദ്ഘാടനം ചെയ്യും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിക്കും. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, എം.പിമാരായ തോമസ് ചാഴികാടൻ, ആന്റോ ആന്റണി, ജോസ് കെ. മാണി, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഉമ്മൻ ചാണ്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, കോട്ടയം നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ, ഏറ്റുമാനൂർ നഗരസഭാ അധ്യക്ഷ ലൗലി ജോർജ്, കോട്ടയം നഗരസഭാംഗം സിൻസി പാറയിൽ, റവന്യു ഡിവിഷണൽ ഓഫീസർ വിനോദ് രാജ് എന്നിവർ പങ്കെടുക്കും.
ചങ്ങനാശേരി താലൂക്കുതല അദാലത്ത് മേയ് നാലിന് ചങ്ങനാശേരി മുനിസിപ്പൽ ടൗൺ ഹാളിലും കാഞ്ഞിരപ്പള്ളി താലൂക്കുതല അദാലത്ത് മേയ് ആറിന് പൊൻകുന്നം മഹാത്മാ ഗാന്ധി ടൗൺ ഹാളിലും നടക്കും. മീനച്ചിൽ താലൂക്കുതല അദാലത്ത് മേയ് എട്ടിന് പാലാ മുനിസിപ്പൽ ടൗൺ ഹാളിലും വൈക്കം താലൂക്കുതല അദാലത്ത് മേയ് ഒമ്പതിന് വൈക്കം സീതാറാം ഓഡിറ്റോറിയത്തിലും നടക്കും.
ഭൂമി സംബന്ധമായ വിഷയങ്ങൾ (അതിർത്തി നിർണയം, അനധികൃത നിർമാണം, ഭൂമി കൈയേറ്റം), സർട്ടിഫിക്കറ്റുകൾ / ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം, നിരസിക്കൽ, തണ്ണീർത്തട സംരക്ഷണം, ക്ഷേമപദ്ധതികൾ (വീട്, വസ്തു, ലൈഫ്, വിവാഹ/പഠന സഹായം തുടങ്ങിയവ), പ്രകൃതി ദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം, സാമൂഹിക സുരക്ഷ പെൻഷൻ, പരിസ്ഥിതി മലിനീകരണം, തെരുവ് നായ സംരക്ഷണം/ ശല്യം, അപകടകരങ്ങളായ മരങ്ങൾ മുറിച്ചു മാറ്റുന്നത്, തെരുവുവിളക്കുകൾ, അതിർത്തി തർക്കങ്ങളും വഴി തടസപ്പെടുത്തലും, വയോജന സംരക്ഷണം, കെട്ടിട നിർമാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ, പൊതുജലസ്രോതസുകളുടെ സംരക്ഷണവും കുടിവെള്ളവും, റേഷൻ കാർഡ്,വന്യജീവി ആക്രമണങ്ങളിൽ നിന്നുളള സംരക്ഷണം, വിവിധ സ്കോളർഷിപ്പ് സംബന്ധിച്ച പരാതികൾ/ അപേക്ഷകൾ, വളർത്തുമൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം, കൃഷിനാശത്തിനുള്ള സഹായങ്ങൾ, കാർഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇൻഷുറൻസ്, ഭക്ഷ്യ സുരക്ഷ, മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ, ആശുപത്രികളിലെ മരുന്നുക്ഷാമം, ശാരീരിക / ബുദ്ധി / മാനസിക വൈകല്യമുള്ളവരുടെ പുനരധിവാസം, ധനസഹായം, പെൻഷൻ,വിവിധ ക്ഷേമനിധി ബോർഡുകളിൽ നിന്നുള്ള ആനുകൂല്യങ്ങൾ, പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ, വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തിൽ പരിഗണിക്കുന്നത്.