തിരുവല്ല : കാവുംഭാഗം കരുനാട്ടുകാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്രശ്രീബലി തിരുവുത്സവത്തോടു അനുബന്ധിച്ചു നടന്ന കാവിൽവേലയും, ജീവിതകളിയും നടന്നു. രാത്രി എട്ടര മണിയോടെ ആലംതുരുത്തി ഭഗവതി കരുനാട്ടുകാവ് ഭഗവതി ക്ഷേത്രത്തിനു പടിഞ്ഞാറേ നടയിൽ എഴുന്നള്ളി രണ്ടു പടികൾ കയറി കാവിൽ, പടപ്പാട് ഭഗവതിമാരുടെ എഴുന്നള്ളത്തിനായി കാത്തിരിക്കുന്ന നിമിഷത്തിൽ കരുനാട്ടുകാവ്, പടപ്പാട് ഭഗവതിമാർ കാവുംഭാഗം തിരു ഏറൻകാവ് ക്ഷേത്ര ഭരണസമിതി നൽകിയ സ്വീകരണം ഏറ്റുവാങ്ങി കാവിൽ നഗരിയിലേക്ക് എഴുന്നള്ളി. ഒണംതുരുത്തിൽ ദേവി ക്ഷേത്ര ഭരണസമിതി താലപ്പൊലി, വായ്ത്താരികൾ, ആർപ്പുവിളവികൾ എന്നിവയുടെ അകമ്പടിയോടെ ഭഗവതിമാരെ സ്വീകരിച്ചു. അഭിമുഖങ്ങളായി എഴുന്നള്ളിച്ചു നിന്ന മൂന്ന് ഭഗവതിമാർക്കു തിരുമുൻപിൽ അഷ്ടപദി സമർപ്പണം നടത്തി. പ്രശസ്ത ഇടയ്ക്ക വിദ്വാൻ വിനു കണ്ണഞ്ചിറ ഇടയ്ക്കയിൽ മാന്ത്രികം സൃഷ്ഠിച്ചപ്പോൾ തിരുവല്ല രതീഷ്‌കുമാർ ആലാപനം നടത്തി. തുടർന്ന് അഭിമുഖങ്ങളായി എഴുന്നള്ളി നിൽക്കുന്ന മൂന്നു ഭഗവതിമാർക്കും ഒരേ സമയം മഹാദീപാരാധന നടന്നു. ദീപാരാധന ദർശനത്തിന് നൂറു കണക്കിന് ഭക്തജനങ്ങൾ തൊഴുകൈകളോടെ ദർശിച്ചു. തിരുവല്ല പ്രേംകുമാർ, രാജൻ, ഹരികുമാർ, രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മൂന്ന് ഭഗവതിമാർക്കുമായി മേളപ്പകിട്ടൊരുക്കി. ശേഷം ആലംതുരുത്തി ഭഗവതി അഞ്ചൽകുറ്റി ജംഗ്‌ഷ നിലും, കാവിൽ പടപ്പാട് ഭഗവതിമാർ കരുനാട്ടുകാവ് ക്ഷേത്ര മൈതാനിയിലും ജീവിതയിൽ ആനന്ദ നൃത്തമാടി. രാത്രി 10 നു പടപ്പാട് ഭഗവതിയെ യാത്രയാക്കി കാവിൽ ഭഗവതിയെ അകത്തെഴുന്നള്ളിച്ചു ശ്രീഭൂതബലി നടത്തി കാവിൽ വേല ചടങ്ങുകൾ പൂർത്തീകരിച്ചു.ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തെക്കേടത്തു കുഴിക്കാട്ടില്ലത് പരമേശ്വരൻ വാസുദേവൻ ഭട്ടത്തിരിപ്പാട്, മേൽശാന്തി പുത്തൻ മഠം നാരായണൻ നമ്പൂതിരി എന്നിവർ മുഖ്യകാർമികത്വം വഹിച്ചു . കരുനാട്ടുകാവ് ഭഗവതി ക്ഷേത്ര ഉപദേശക സമിതി പ്രസിഡണ്ട് ജിനു ഓണംതുരുത്തിൽ, വൈസ് പ്രസിഡണ്ട് ശ്രീനിവാസ് പുറയാറ്റ് മറ്റു ഉപദേശക സമിതി അംഗങ്ങൾ എന്നിവർ ചടങ്ങുകൾക്ക് മേൽനോട്ടം വഹിച്ചു.