ദില്ലി: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ഒരു പ്രശ്നവുമില്ലെന്ന് കെസി വേണുഗോപാൽ. സ്ഥാനാർത്ഥിയാകാൻ താൽപര്യമുള്ള ചിലരുടെ ആഗ്രഹത്തെ ഊതിവീർപ്പിച്ച് കോൺഗ്രസിൽ ഭിന്നതയാണെന്ന് വരുത്തി തീർക്കുകയാണ്. ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഉടൻ സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകുമെന്നും കെസി വേണുഗോപാൽ പറഞ്ഞു. ദില്ലിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിഷികാന്ത് ദുബൈക്കെതിരെ സുപ്രീംകോടതി സ്വമേധയാ കേസെടുക്കണം. അങ്ങേയറ്റം ഭരണഘടന വിരുദ്ധമായ പ്രസ്താവനയാണ് നിഷികാന്ത് പറഞ്ഞത്. സുപ്രീംകോടതിയെ സമ്മർദ്ദത്തിലാക്കാനുള്ള ശ്രമമാണ്. ജുഡീഷ്യറിക്കെതിരായ അക്രമണം രാജ്യത്തിന്റെ ആരോഗ്യകരമായ അവസ്ഥയ്ക്ക് ഗുരുതര ഭീഷണിയാണ്. അനുകൂലമല്ലാത്ത തീരുമാനങ്ങളുണ്ടാകുമ്പോൾ ജുഡീഷ്യറിയെ ഭീഷണിപ്പെടുത്തുകയാണ്. ലോക്സഭാ സ്പീക്കർ നടപടിയെടുക്കണമെന്നും കെസി വേണുഗോപാൽ പറഞ്ഞു.