കോട്ടയം: പാർലമെൻറ് തിരഞ്ഞെടുപ്പ് ഫലത്തിന്റെ സന്ദേശം ഉൾക്കൊണ്ട് തിരുത്തേണ്ടതെല്ലാം തിരുത്തി ജനവിശ്വാസമാർജിച്ച് എൽഡിഎഫ് തിരഞ്ഞെടുപ്പ് വിജയവഴിയിൽ വീണ്ടുമെത്തുമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.ഒരു തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആവർത്തനമായിരിക്കില്ല അടുത്ത തെരഞ്ഞെടുപ്പ് ഫലം.ജനവിധിയുടെ സന്ദേശം പൂർണ്ണമായും ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ടു പോയപ്പോഴൊക്കെ സംസ്ഥാനത്തെ ജനങ്ങൾ എൽഡിഎഫിനൊപ്പം ഉറച്ചുനിന്നിട്ടുണ്ടെന്നതാണ് കേരളത്തിൻ്റെ രാഷ്ട്രിയ ചരിത്രം.ഇനി നടക്കാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലും തുടർന്നു വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഈ ചരിത്രം ആവർത്തിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.
കേരള കോൺഗ്രസ് എം കോട്ടയം ജില്ല അർദ്ധദിന നേതൃ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ. എൻ. ജയരാജ്,സ്റ്റീഫൻ ജോർജ് , ജോബ് മൈക്കിൾ എം എൽ എ , സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ,സണ്ണി തെക്കേടം, വിജി എം.തോമസ്, ഔസേപ്പച്ചൻ വാളിപ്ലാക്കൽ,ഫിലിപ്പ് കുഴി കുളം,ജോസ് ട്രോം,ബേബി ഉഴുത്തുവാൽ, ജോർജുകുട്ടി ആഗസ്തി , സഖറിയാസ് കുതിരവേലി, ജോസഫ് പുത്തൻകാല,ജോസഫ് ചാമക്കാല , പെണ്ണുമ്മ ജോസഫ് പന്തലാനി , ബ്രൈറ്റ് വട്ടനിരപ്പേൽ ,ലാലിച്ചൻ കുന്നിപ്പറമ്പിൽ , ജോജി കുറത്തിയാടാൻ , എ എം മാത്യു ആനിത്തോട്ടം , അഡ്വ സാജൻ കുന്നത്ത് , ബെപ്പിച്ചൻ തുരുത്തി ,ജോസ് ഇടവഴിക്കൽ , ടോബിൻ കെ അലക്സ് , തോമസ് കീപ്പുറം എന്നിവർ പ്രസംഗിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ജനാഭിലാഷം മനസ്സിലാക്കി ഭരണതലത്തിൽ നയങ്ങളിലും മുൻഗണനകളിലും സമഗ്രമായ മാറ്റങ്ങൾ വരുത്തണമെന്ന് കോട്ടയത്ത് ഇന്ന് ചേർന്ന കേരള കോൺഗ്രസ് (എം) നേതൃയോഗം ആവശ്യപ്പെട്ടു. ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉദ്യോഗതലത്തിൽ വളരെ വേഗം തീർപ്പുണ്ടാവണം. കെട്ടിട നിർമ്മാണത്തിന് അമിത പെർമിറ്റ് ഫീസും, കെട്ടിട നികുതിയും, കെട്ടിടങ്ങൾ കൈമാറുമ്പോളുള്ള പിഡബ്ല്യു ഡി നിരക്കിലുള്ള രജിസ്ട്രേഷൻ ചെലവു ഉൾപ്പെടെ ഉള്ള കാര്യങ്ങൾ കൊണ്ടാണ് സംസ്ഥാനത്ത് നിർമ്മാണ രംഗത്ത് മാന്ദ്യം ഉണ്ടായത്. കെട്ടിടം പണിയാൻ കൈവശഭൂമിയിലെ മണ്ണ് നീക്കം ചെയ്യുന്നതിനും കല്ല് പൊട്ടിച്ചു മാറ്റുന്നതിനും മറ്റും ഉദ്യോഗസ്ഥ തലത്തിൽ അനാവശ്യ ഇടപെടലുകളാണ് ഉണ്ടാകുന്നത്. ഇവയെല്ലാം മാറണം. വാചക കസർത്തും വാഗ്ദാനങ്ങളുംകൊണ്ടു മാത്രം കാർഷിക മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാവില്ല. വന്യമൃഗങ്ങളുടെ ശല്യങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാകുന്നില്ല. കൃഷി ആദായകരമാക്കാനുള്ള നടപടികൾ സർക്കാർ ബോധപൂർവ്വം സ്വീകരിക്കണം.അല്ലെങ്കിൽ ഉൽപാദന മേഖല പരിപൂർണ്ണമായും തകരും. നിലവിൽ കൃഷി ഭൂമിയായി നിലനിൽക്കുന്ന സ്ഥലങ്ങളും വന്യമൃഗങ്ങൾക്കു വിഹരിക്കാനുള്ള ഇടമായി മാറും. ഇത് മനുഷ്യരുടെ ജീവന് തന്നെ വെല്ലുവിളി ഉയർത്തും. നിലവിലുള്ള നിയമങ്ങൾ കൃഷി ചെയ്യുന്നതിനും ആദായമെടുക്കുന്നതിനും കർഷകർക്ക് നിയമപരിരക്ഷ ഉറപ്പാക്കുന്ന വിധത്തിൽ മാറ്റപ്പെടണം.
ത്രിതല പഞ്ചായത്ത് പുനർവിഭജന പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിലെ 71 പഞ്ചായത്തുകളിലും ആറു മുൻസിപ്പാലിറ്റികളിലും 11 ബ്ലോക്ക് പഞ്ചായത്തുകളിലും കേരള കോൺഗ്രസ് എം മത്സരിക്കാൻ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുവാൻ തീരുമാനിച്ചു. ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തുകളിൽ ഭരണ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനും യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളിൽ ഭരണ പോരായ്മകൾക്കെതിരെ ജനങ്ങളെ അണിനിരത്തി സമരം ചെയ്യുവാനും തീരുമാനിച്ചു.