കോട്ടയം : വന്യജീവി സംരക്ഷണം(കേരള ഭേദഗതി)നിയമനിർമ്മാണത്തിനുള്ള കേരള കോൺഗ്രസ് പാർട്ടിയുടെ പോരാട്ടം ഇന്ത്യയിലെ എല്ലാ പ്രാദേശിക പാർട്ടികൾക്കും മാതൃകയാണെന്ന് പാർട്ടി ചെയർമാൻ ജോസ് കെ മാണി.ജനവാസ മേഖലകളിൽ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലാനുള്ള നിയമ നിർമ്മാണത്തിനായി ഏറെ നാളുകളായി കേരള കോൺഗ്രസ് എം ശക്തമായ പോരാട്ടത്തിലായിരുന്നു.
വനാതിർത്തി പങ്കിടുന്ന ജനവാസ മേഖലകളിലെ ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകുന്നതിന് 1972 ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം തടസ്സമായി നിൽക്കുകയാണ്.ഈ നിയമം കാലോചിതമായി ഭേദഗതി ചെയ്യണമെന്ന് പാർലമെൻറിൽ പല ആവർത്തി കേരള കോൺഗ്രസ് എം ആവശ്യമുന്നയിച്ചു.കേന്ദ്രസർക്കാർ ഈ ആവശ്യത്തോട് മുഖം തിരിഞ്ഞു നിന്നു.ഈ സാഹചര്യത്തിലാണ് ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകുന്നതിനുള്ള ബാധ്യത സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന സുപ്രധാനമായ ആവശ്യം മലയോര കർഷകർക്ക് വേണ്ടി എൽഡിഎഫിലും മുഖ്യമന്ത്രിയുടെ മുമ്പാകെയും കേരള കോൺഗ്രസ് എം ഉന്നയിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ ആവശ്യമടങ്ങിയ ബില്ലിനാണ് ഈ കഴിഞ്ഞ കേരള മന്ത്രിസഭയുടെ പ്രത്യേക യോഗം അംഗീകാരം നൽകിയത്.പതിറ്റാണ്ടുകളായി കേരളത്തിലെ മലയോര കർഷകർ ഉന്നയിക്കുന്ന ജീവിതാവശ്യമാണ് കേരള കോൺഗ്രസ് (എം) എൽ ഡി എഫ് ഘടക കക്ഷിയെന്ന നിലയിൽ യാഥാർത്ഥ്യമാക്കിയെടുത്തത്.വന്യജീവി സംരക്ഷണം(കേരള ഭേദഗതി)ബിൽ കേരള നിയമസഭയിൽ എത്തുമ്പോൾ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാ രാഷ്ട്രീയ പാർട്ടികളും ചേർന്ന് ഒറ്റക്കെട്ടായി ഇത് പാസാക്കി നിയമമാക്കണം.അതി രൂക്ഷമായ തെരുവുനായ ശല്യം ആണ് കേരളം അഭിമുഖീകരിക്കുന്നത്.ഇതിന് പരിഹാരം ഉണ്ടാകാനുള്ള നിയമഭേദഗതിക്കായും പാർട്ടി അതിശക്തമായ നിലപാട് സ്വീകരിക്കുമെന്നും സമ്മർദ്ദം ചെലുത്തുമെന്നും ജോസ് കെ മാണി പറഞ്ഞു.
കേരള ലോയേഴ്സ് കോൺഗ്രസ് എം സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിൽ ജോസഫ് ജോൺ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് എം ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് , വിജി എം തോമസ് ,
അഡ്വ. ബോബി ജോൺ , എന്നിവർ പ്രസംഗിച്ചു. സംസ്ഥാന ഭാരവാഹികളായി ജോസഫ് ജോൺ (ആലപ്പുഴ , പ്രസിഡൻ്റ്) , ജസ്റ്റിൻ ജേക്കബ് ( സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി) , കെ. ഇസഡ് കുഞ്ചറിയ കുഴിവേലി (ട്രഷറർ) , പി.കെ ലാൽ , എം . എം മാത്യു , ഗീത ജോബ് , സണ്ണി മാന്തറ ( വൈസ് പ്രസിഡൻ്റുമാർ) , ഷിബു കട്ടക്കയം ( കോഴിക്കോട്) , സണ്ണി ചാത്തുകുളം ( കോട്ടയം) , സതീഷ് ബസന്ത് ( തിരുവനന്തപുരം ) , സജൂഷ് മാത്യു (തൃശൂർ) , ജിമ്മി ജോർജ് , മോൻസി കുര്യാക്കോസ് , ബിനു തോട്ടുങ്കൽ ( ജനറൽ സെക്രട്ടറിമാർ) , ടോം പടിഞാറേക്കര , അലക്സ് തോമസ് പാലാ , ചിന്ന ഷൈൻ , ദീപ ജി നായർ , സിബി വെട്ടൂർ , റോയി പീറ്റർ , ബിജു ഏലം തുരുത്തി, ജെയ്സൺ തോമസ് , അലോഷ്യസ് ജോൺ മഠത്തിനകം , എലിസബത്ത് ജോർജ് , അനിൽ ജോർജ് , ജോബിൻ ജോളി , അരുൺ തോമസ് വടക്കൻ ( സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.