കോട്ടയം: റബ്ബർ കർഷകരെ വഞ്ചിക്കുന്ന നിലപാട് സ്വീകരിക്കുന്ന റബ്ബർ ബോർഡിന്റെയും, കേന്ദ്ര സർക്കാരിന്റെയും നിലപാടിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയത്ത് റബ്ബർ ബോർഡ് ഓഫീസിലേക്ക് മാർച്ച് നടത്തുന്നു. നവംബർ 29 വെള്ളിയാഴ്ച രാവിലെ 10.30നാണ് മാർച്ച് നടത്തുക. കലക്ടറേറ്റിന് മുൻപിൽ നിന്നും ആരംഭിക്കുന്ന മാർച്ച് റബ്ബർ ബോർഡ് ഓഫീസിന്റെ മുൻവശത്തെത്തി ധർണ്ണ നടത്തും.
മാർച്ച് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്യും.
റബ്ബർ വ്യാപാരികൾ ഒത്തുകളിച്ച് റബ്ബർ വിലയിടിക്കുന്ന കാര്യത്തിൽ സർക്കാർ ഇടപെടുക, എല്ലാത്തരം റബറിന്റെയും ഇറക്കുമതി ചുങ്കം ഉയർത്തുക, റബ്ബറിന്റെ താങ്ങു വില 250 രൂപയാക്കുക, ഇതിന് കേന്ദ്ര സർക്കാർ സഹായധനം നൽകുക തുടങ്ങിയ ആവശ്യങ്ങൾ മാർച്ചിൽ ഉയർത്തും. റബ്ബർ തൈകൾ ഉൾപ്പെടെ റബ്ബർ ഉൽപ്പന്നങ്ങളും കയ്യിലേന്തി ആയിരിക്കും മാർച്ച് നടത്തുക. കേരളത്തിലെ റബ്ബർ ഉത്പാദന സംഘങ്ങൾ ശക്തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കണമെന്നും മാർച്ചിൽ ആവശ്യം ഉന്നയിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റബ്ബർ വിലയിടിവിൽ റബ്ബർ ഉത്പാദന സംഘങ്ങൾ പ്രഖ്യാപിച്ചിട്ടുള്ള സമരങ്ങൾക്ക് കേരള കോൺഗ്രസ് (എം) പിന്തുണ നൽകും. പാർട്ടി ജില്ലാ പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യുവിന്റെ അധ്യക്ഷതയിൽ നടത്തുന്ന ധർണ സമരത്തിൽ പാർട്ടി വൈസ് ചെയർമാൻമാരായ എൻ. ജയരാജ് എംഎൽഎ, തോമസ് ചാഴികാടൻ, പാർട്ടി ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് എക്സ് എംഎൽഎ, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, പ്രമോദ് നാരായണൻ എംഎൽഎ, പാർട്ടി ഭാരവാഹികളായ ജോസ് ടോം, സണ്ണി തെക്കേടം, ജോർജുകുട്ടി അഗസ്തി, സഖറിയാസ് കുതിരവേലി, ബേബി ഉഴുത്തുവാൽ, വിജി എം തോമസ്, കെ.ജെ ഫിലിപ്പ്, ജോസഫ് ചാമക്കാല, ഔസേപ്പച്ചൻ വാളിപ്ലാക്കൽ തുടങ്ങിയവർ ധർണയെ അഭിസംബോധന ചെയ്യും.