കോട്ടയം : കേരള കർഷക സംഘം സംസ്ഥാന സമ്മേളനം ഒക്ടോബർ 18 മുതൽ 21 വരെ കോട്ടയത്തുവച്ച് നടക്കും. സമ്മേളനത്തിന്റെ ഭാഗമായി ജില്ലയിൽ വിവിധ അനുബന്ധ പരിപാടികൾ സംഘടിപ്പിക്കും. ഒക്ടോബർ 8 ശനിയാഴ്ച ഏറ്റുമാനൂർ ഗവ. ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ കന്നുകാലി കാർഷിക പ്രദർശനം നടക്കുന്നു. 22 ജനുസിൽപ്പെട്ട പശുക്കൾ ജമ്നപ്യാരി, ബീറ്റിൽ, മലബാറി തുടങ്ങിയ വിവിധയിനം ആടുകൾ എന്നിവ പ്രദർശനത്തിന് ഉണ്ടാവും.
കാർഷിക ഉപകരണങ്ങളുടെ പ്രദർശനം,വിവിധ സ്റ്റാളുകൾ, കാർഷിക ഉത്പന്നങ്ങളുടെ വിപണനം എന്നിവ ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഏഷ്യയിലെ തന്നെ ഭീമൻ പോത്തുകളായ കമാൻഡോ, അങ്കിത് എന്നിവ പ്രദർശനത്തിന്റെ ഏറ്റവും വലിയ ആകർഷണമായിരിക്കും.
ഏറ്റുമാനൂർ സെൻട്രൽ ജംങ്ഷനിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഇവയെ മേള നടക്കുന്ന സ്കൂൾ ഗ്രൗണ്ടിൽ എത്തിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാവിലെ 9 ന് സഹകരണ രജിസ്ട്രേഷൻ സാംസ്കാരിക വകുപ്പ് മന്ത്രി വി എൻ വാസവൻ പ്രദർശനം ഉദ്ഘാടനം ചെയ്യും. കർഷകസംഘം സംസ്ഥാന ജോയിൻ സെക്രട്ടറി വി എസ് പത്മകുമാർ അധ്യക്ഷനാകും.തോമസ് ചാഴിക്കാടൻ എം പി മുഖ്യ പ്രഭാഷണം നടത്തും. കേരള കർഷക സംഘം സംസ്ഥാന എക്സിക്യൂട്ടീവംഗം പ്രൊ. എം ടി ജോസഫ്, കോട്ടയം അർബൻ കോപറേറ്റീവ് ബാങ്ക് ചെയർമാൻ ടി ആർ രഘുനാഥൻ, കർഷകസംഘം ജില്ല സെക്രട്ടറി കെ എം രാധാകൃഷ്ണൻ, ജില്ല പ്രസിഡന്റ് അഡ്വ.ജോസഫ് ഫിലിപ്പ്, സിപിഐ എം ഏരിയ സെക്രട്ടറി ബാബു ജോർജ്ജ് എന്നിവർ സംസാരിക്കും.
സംഘാടകസമിതി സെക്രട്ടറി ഇ എസ് ബിജു സ്വാഗതവും സംസ്ഥാനകമ്മിറ്റി അംഗം ഗീത ഉണ്ണികൃഷ്ണൻ കൃതജ്ഞതയും രേഖപ്പെടുത്തും വിവിധ കലാപരിപാടികളും പ്രദർശനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്ത സമ്മേളനത്തിൽ കർഷക സംഘം ജില്ലാ സെക്രട്ടറി കെ എം രാധാകൃഷ്ണൻ , കർഷസംഘം ജില്ലാ പ്രസിഡന്റ് അഡ്വ. ജോസഫ് ഫിലിപ്പ്, സംഘാടകസമിതി സെക്രട്ടറി ഇ എസ് ബിജു, സംഘാടകസമിതി ജോയിൻസെക്രട്ടറി ജോർജുകുട്ടി എന്നിവർ പ്രസംഗിച്ചു.