കോട്ടയം: പ്രകൃതിദുരന്തത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി വീടുവയ്ക്കാൻ സ്ഥലം വാങ്ങുമ്പോൾ ഭൂമി രജിസ്ട്രേഷനുള്ള ഫീസ് ഒഴിവാക്കുന്നതിന് ഉത്തരവിറക്കുമെന്ന് സഹകരണ-സാംസ്കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ. ജില്ലയിലെ മലയോരമേഖലയിലെ മഴക്കെടുതി ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വിലയിരുത്തുന്നതിനുമായി മുണ്ടക്കയം പഞ്ചായത്ത് ഹാളിൽ കു
ടിയ യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.
കൂട്ടിക്കലിൽ കഴിഞ്ഞവർഷമുണ്ടായ പ്രകൃതി ദുരന്തത്തിൽ വീടുനഷ്ടപ്പെട്ടവർ ഭൂമി രജിസ്ട്രേഷന് നേരിടുന്ന പ്രയാസം ചൂണ്ടിക്കാട്ടിപ്പോഴായിരുന്നു ഇക്കാര്യത്തിൽ പൊതുവായ നയം രൂപീകരിച്ചുകൊണ്ട് വൈകാതെ സർക്കാർ ഉത്തരവിറക്കുമെന്നു മന്ത്രി അറിയിച്ചത്.
മുൻ വർഷങ്ങളിലെ പ്രളയ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ നദികളിലെ മണലും ചെളിയും നീക്കം ചെയ്ത സർക്കാർ നടപടി ഇക്കുറി മഴക്കെടുതിയുടെ രൂക്ഷത കുറയ്ക്കാൻ സഹായമായി. ആറ്റുതീരത്തുള്ളവരുടെ പുനരവധിവാസം ഉറപ്പാക്കുക വഴി ആൾനാശം പരമാവധി ഇല്ലാതാക്കാൻ സാധിച്ചു.
കൂട്ടിക്കൽ ചെക്ഡാം പൊളിച്ചുനീക്കും. ജലവിഭവ മന്ത്രിയുമായി ഇക്കാര്യം സംസാരിച്ചു. മൃഗങ്ങളെ നഷ്ടപ്പെട്ടവർക്കും കൃഷിനാശത്തിനും നഷ്ടപരിഹാരം നൽകും. വീടിനു ഭാഗികനാശം സംഭവിച്ചവർക്കും വീടു പൂർണമായി തകർന്നവർക്കും സർക്കാർ മാനദണ്ഡപ്രകാരമുള്ള ധനസഹായം നൽകും. നാശനഷ്ട കണക്കെടുക്കാൻ റവന്യൂ, കൃഷി, തദ്ദേശ വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുണ്ടക്കയത്ത് ഫയർ സ്റ്റേഷൻ സ്ഥാപിക്കുന്നതിനുള്ള നടപടികൾ തുടങ്ങും. ദേശീയ ദുരന്തപ്രതികരണ സേന(എൻ.ഡി.ആർ.എഫ്)യുടെ 25 അംഗ സംഘം മുണ്ടക്കയത്ത് എത്തിയിട്ടുണ്ടെന്നും മഴക്കെടുതി നേരിടാൻ സർക്കാർ സംവിധാനങ്ങൾ സുസജ്ജമാണെന്നും മന്ത്രി പറഞ്ഞു.
റോഡിലെ ഗതാഗത തടസങ്ങൾ നീക്കാൻ യുദ്ധകാലടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാൻ പൊതുമരാമത്ത് റോഡ്, പാലം വിഭാഗത്തിന് മന്ത്രി നിർദേശം നൽകി.
മലവെള്ളപ്പാച്ചിലിൽ നദികളിലും പാലങ്ങളിലും അടിയുന്ന മാലിന്യങ്ങൾ അപ്പപ്പോൾ മാറ്റാൻ ഇറിഗേഷൻ വകുപ്പിനും വെള്ളക്കെട്ടുകൾ മാറ്റാൻ പൊതുമരാമത്ത് വകുപ്പിനും നിർദ്ദേശം
നൽകി. വിവിധ വകുപ്പുകൾ സ്വീകരിച്ച നടപടികൾ യോഗം വിലയിരുത്തി.
സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്, ജില്ലാ പഞ്ചായത്തംഗം പി.കെ. അനുപമ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രജീഷ്, ഈരാറ്റുപേട്ട നഗരസഭ അധ്യക്ഷ സുഹ്റ അബ്ദുൽ ഖാദർ, ജില്ലാ ആസൂത്രണസമിതി അംഗം കെ. രാജേഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.എസ്. സജിമോൻ, കെ.എം. രേഖാദാസ്, തങ്കമ്മ ജോർജുകുട്ടി, ജെയിംസ് പി.സൈമൺ, ടി.എസ്. ശ്രീജിത്ത്, കെ.പി. സജീവൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.