ഡെങ്കിപ്പനി, എലിപ്പനി വര്‍ധിക്കാന്‍ സാധ്യത; പനി ക്ലിനിക് ശക്തിപ്പെടുത്തും, എല്ലാ ആശുപത്രികളിലും ഡോക്‌സി കോര്‍ണർ : മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനം കാരണം ഡെങ്കിപ്പനി, എലിപ്പനി വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇനിയുള്ള 4 മാസങ്ങള്‍ വളരെ ശ്രദ്ധിക്കണം. പകര്‍ച്ച വ്യാധികള്‍ക്കെതിരെ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. ആശുപത്രികളിലെ പനി ക്ലിനിക്കുകള്‍ ശക്തിപ്പെടുത്തുന്നതാണ്. എല്ലാ ആശുപത്രികളിലും എലിപ്പനി പ്രതിരോധ ഗുളികകള്‍ ലഭ്യമാക്കാന്‍ ഡോക്‌സി കോര്‍ണറുകള്‍ സ്ഥാപിക്കും. നേരത്തെയുള്ള ചികിത്സയാണ് ഈ രണ്ട് രോഗങ്ങള്‍ക്കും ആവശ്യമായി വേണ്ടത്. മസില്‍വേദന, മുതുക് വേദന എന്നിവയുണ്ടെങ്കില്‍ പോലും ചിലപ്പോള്‍ ഈ രോഗങ്ങളാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ സ്വയം ചികിത്സ പാടില്ലെന്നും മന്ത്രി വ്യക്തമാക്കി. പകര്‍ച്ചവ്യാധി പ്രതിരോധം ശക്തിപ്പെടുത്താന്‍ കൂടിയ ആരോഗ്യ വകുപ്പിന്റെ അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
വെള്ളത്തിലിറങ്ങുകയോ മണ്ണുമായി ഇടപെടുകയോ ചെയ്യുന്നവര്‍ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കണം. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഡെങ്കിപ്പനി കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളിലെ വീടുകള്‍ക്ക് ഉള്ളിലും കൊതുവിന്റെ ഉറവിടങ്ങളുണ്ടായിരുന്നു. ഫ്രിഡ്ജിനു പുറകിലെ ട്രേ, ചെടിച്ചട്ടികള്‍ക്കടിയിലെ പാത്രം, വാട്ടര്‍ കൂളറുകള്‍, ഫ്‌ളവര്‍ വേസുകള്‍ എന്നിവയില്‍ കൊതുക് വളരാതെ ശ്രദ്ധിക്കണം. ഇവയിലെ വെള്ളം ആഴ്ചയില്‍ ഒരിക്കലെങ്കിലും മാറ്റണം. ആഴ്ചയിലൊരിക്കല്‍ കൊതുകിന്റെ ഉറവിട നശീകരണം നടത്തി ഡ്രൈ ഡേ ആചരിക്കണം. ഉപയോഗശൂന്യമായ ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങള്‍, ദ്രവിക്കാത്ത മാലിന്യങ്ങള്‍, ഉപയോഗമില്ലാത്ത ടയറുകള്‍, ബക്കറ്റുകള്‍ മുതലായ പറമ്പില്‍ അലക്ഷ്യമായിക്കിടക്കുന്ന വസ്തുക്കള്‍ ആഴ്ചയിലൊരിക്കല്‍ നീക്കം ചെയ്ത് സുരക്ഷിതമായി സംസ്‌ക്കരിക്കുക. രാവിലെയും വൈകിട്ടുമാണ് കൊതുക് വീടിനുള്ളില്‍ കയറാന്‍ സാധ്യത. ആ നേരങ്ങളില്‍ വീടിന്റെ വാതിലുകളും ജനാലകളും അടച്ചിടുക. ജില്ലാ ഓഫീസര്‍മാര്‍ ഫീല്‍ഡ്തല അവലോകനം നടത്തി കൊതുകിന്റെ വ്യാപനം ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. ആരോഗ്യ ജാഗ്രത കലണ്ടറനുസരിച്ച് കൃത്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതാണ്.
സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും തുടരുന്നതാണ്. ഞായറാഴ്ച 321 കേസുകളും ശനിയാഴ്ച 428 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് ബാധിക്കാതിരിക്കാന്‍ മാസ്‌ക് ധരിക്കല്‍ തുടരേണ്ടതാണ്. ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമായി തുടരുന്നതാണ്. പരാതികള്‍ ചിത്രങ്ങള്‍ സഹിതം അറിയിക്കുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വെബ് സൈറ്റില്‍ സൗകര്യമൊരുക്കുന്നതാണ്. നല്ല ആഹാരം, വൃത്തിയുള്ള അന്തരീക്ഷം എന്നിവ ഉറപ്പ് വരുത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.