എടുക്കാത്ത വായ്പയ്ക്ക് വല്ലാത്ത പൊല്ലാപ്പ് : കുടുംബശ്രീ അയൽക്കൂട്ടം അംഗങ്ങളുടെ പേരിൽ വായ്പാ തട്ടിപ്പ് 

കടുത്തുരുത്തി: എടുക്കാത്ത വായ്പക്ക് മാഞ്ഞൂർ പഞ്ചായത്തിലെ കുടുംബശ്രീ, അയൽകൂട്ടം അംഗങ്ങളുടെ പേരിൽ വിവിധ ബാങ്കുകളിൽ നിന്നും കോടികളുടെ വായ്പാ തട്ടിപ്പ്. മുൻ ഗ്രാമ പഞ്ചായത്തംഗവും, കോതനല്ലൂരിൽ പ്രവർത്തിക്കുന്ന കടുത്തുരുത്തി വനിത ബ്ലോക്ക് സഹകരണ സംഘം ഭരണ സമിതിയംഗവുമായ സൂസൻ ഗർവാസിനെതിരെയാണ് പരാതി. എടുക്കാത്ത വായ്പ തിരിച്ചടക്കാനുള്ള നോട്ടീസ് ലഭിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്. 

Advertisements

20 ഓളം വനിതകൾ ഇതു സംബന്ധിച്ച് പരാതി നൽകി. തട്ടിപ്പിനെക്കുറിച്ച് വിജിലൻസ് അന്വേഷണം വേണമെന്ന് തട്ടിപ്പിനിരയായവർ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കോതനല്ലൂരിൽ പ്രവർത്തിക്കുന്ന വനിതാ സഹകരണ ബാങ്കിന്റെയും, ഗ്രാമീൺ ബാങ്കിന്റെയും, സൗത്ത് ഇന്ത്യൻ ബാങ്കിന്റെയും ഇടപാടുകളിലൂടെയാണ് ജെ.എൽ.ജി. ഗ്രൂപ്പുകളിലൂടെ  വായ്പ തട്ടിപ്പ് നടത്തിയിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ അഞ്ചുറിലധികം കുടുംബശ്രീ അയൽക്കൂട്ടം അംഗങ്ങളുടെപേരിൽ അവരുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് വിവിധ ബാങ്കുകളിൽ നിന്നും വായ്പ എടുത്ത് . കോതനല്ലൂരിലെ നിരക്ഷരരും സാധാരണക്കാരും പാവപ്പെട്ടവരുമായ വനിതകളുടെ പേരിലാണ് വായ്പ തട്ടിപ്പ് നടത്തിയത്. വായ്പ കുടിശ്ശിക തിരികെ അടയ്ക്കണമെന്ന് കാണിച്ച് ബന്ധപ്പെട്ട ബാങ്കുകളുടെ അധികാരികളും, കൂടാതെ കോടതിയിൽ നിന്നും നോട്ടീസ് ലഭിച്ചപ്പോൾ മാത്രമാണ് പലരും വായ്പ കുടിശ്ശിക സംബന്ധിച്ച് അറിയുന്നത്. ഇതോടെയാണ് വർഷങ്ങളായി മൂടിവെച്ച തട്ടിപ്പ് പുറംലോകം അറിയുന്നത്.

വായ്പക്കാരിൽ പലരും സ്ഥലത്തില്ലാത്തവരും കുടുംബശ്രീയിലോ, അയൽക്കൂട്ടത്തിലോ പോലും അംഗങ്ങൾ അല്ലാത്തവരുമാണ്. പലരും ആധികാരിക രേഖകൾ ബാങ്കിന്  നൽകുകയോ ബാങ്ക് എവിടെയാണ് പ്രവർത്തിക്കുന്നത് അറിയാത്തവരും ആണ്. 

മാഞ്ഞൂർ  പഞ്ചായത്ത് ഭരണസമിതി മുൻ അംഗം സൂസൻ ഗർവാസീസും,  വനിതാ സഹകരണ ബാങ്ക് പ്രസിഡൻറും, മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കോമളവല്ലി രവീന്ദ്രൻ്റെയും, ബാങ്ക് സെക്രട്ടറിയുടെയും അറിവോടെയാണ് വനിത ബാങ്കിൽ നിന്നും വായ്പ തട്ടിപ്പ് നടത്തിയെതെന്നും തട്ടിപ്പിനിരയായവർ വാർത്ത സമ്മേളനത്തിൽ വിശദീകരിച്ചു. ഇത് സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിക്കും, വിജിലൻസിനും അടക്കം പരാതിയും നൽകിയതായും അവർ പറഞ്ഞു.    

തട്ടിപ്പുകാർക്ക് വേണ്ടി ചില  ഇടനിലക്കാർ രംഗത്ത് വരികയും എല്ലാം ശരിയായിക്കൊള്ളണമെന്നും സാവകാശം വേണമെന്നും പ്രശ്നം വഷളാക്കരുതെന്നും നിർദ്ദേശിച്ചു. ചിലർ തങ്ങൾ വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ മുന്നിൽ ആവലാതികൾ നിരത്തിയിട്ടും നടപടിയുണ്ടായില്ല.

ഒരു മാസക്കാലമായി ഈ പരാതിയും ആക്ഷേപവും ഉയർന്നിട്ടും രാഷ്ട്രീയപാർട്ടി പ്രവർത്തകരോ ഭരണസമിതി അംഗങ്ങളോ ജനപ്രതിനിധികളോ ഈ വിഷയത്തിൽ പ്രതികരിക്കുവാനോ പ്രതിഷേധിക്കുവാനോ തയ്യാറായിരുന്നില്ല. കടുത്തുരുത്തി പ്രസ് ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിൽ സിന്ധു ദിവാകരൻ, ഷീല സുകുമാരൻ, ദിവാകരൻ, കുരിയാച്ചൻ, വി.കെ. കൃഷ്ണൻകുട്ടി, ശ്യാമള സത്യൻ, ജെസ്സി ജോയ് തുടങ്ങിയവർ പങ്കെടുത്തു.

Hot Topics

Related Articles