തിരുവല്ല : എഐസിസി രാഷ്ട്രീയകാര്യ സമിതി അംഗവും മുൻ രാജ്യസഭ ഉപാധ്യക്ഷനുമായ പ്രൊഫസർ പിജെ കുര്യൻ പങ്കെടുത്ത മല്ലപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ പ്രവർത്തകർ തമ്മിലടിച്ചു. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെ മല്ലപ്പള്ളിയിലെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ ആയിരുന്നു സംഭവം.
യോഗം ഉദ്ഘാടനം ചെയ്യാനെത്തിയ പിജെ കുര്യന് ഗോബാക്ക് വിളിച്ച് തുടങ്ങിയ പ്രതിഷേധം പ്രവർത്തകർ തമ്മിലുള്ള തമ്മിലടിയിൽ കലാശിക്കുകയായിരുന്നു. സംഘർഷം പാർട്ടി ഓഫീസിൽ പുറത്തേക്ക് പടർന്നതോടെ കീഴ്വായ്പൂർ പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. തുടർന്ന് അരമണിക്കൂറോളം നേരം ഓഫീസിനുള്ളിൽ നിന്നും പുറത്തിറങ്ങാൻ സാധിക്കാതിരുന്ന പിജെ കുര്യനെ പോലീസ് ഇടപെട്ടാണ് യാത്രയാക്കിയത്.