അനധികൃത സ്വത്ത് സമ്പാദനക്കേസ്: ഏഴു വർഷത്തെ ദുരിത പർവത്തിന് അറുതി; ഡിവൈഎസ്പിയെ കുറ്റവിമുക്തനാക്കി കോടതി ഉത്തരവ്

കൊച്ചി: അനധികൃതമായി സ്വത്ത് സമ്പാദിച്ചതായി ആരോപിച്ച് വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിൽ ഡിവൈഎസ്പി കുറ്റവിമുക്തൻ. വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്നാരോപിച്ച് വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിലാണ് മുൻ കോട്ടയം ഡി.വൈ.എസ്.പി ബിജു.കെ.സ്റ്റീഫനെതിരായ തുടർനടപടികൾ മൂവാറ്റുപുഴ വിജിലൻസ് കോടതി അവസാനിപ്പിച്ചത്. ഏഴു വർഷത്തോളം വിജിലൻസ് കേസ് അന്വേഷിച്ചെങ്കിലും ഇദ്ദേഹത്തിന് എതിരെ ആരോപിക്കപ്പെടുന്ന കുറ്റങ്ങളൊന്നും തെളിയിക്കാൻ പര്യാപ്തമായ വിവരങ്ങൾ ഒന്നും തന്നെ വിജിലൻസ് അന്വേഷണ സംഘത്തിന് ലഭിച്ചില്ല. തെളിവുകൾ കണ്ടെത്താൻ കഴിയാത്തതിനാൽ കേസ് അവസാനിപ്പിക്കാൻ അനുവാദം തേടി അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എറണാകുളം വിജിലൻസ് സ്‌പെഷൽ സെൽ എസ്.പി സമർപ്പിച്ച അന്വേഷണ റിപ്പോർട്ട്  സ്‌പെഷൽ ജഡ്ജി എൻ.വി രാജു അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.  

Advertisements

2016 ജൂലൈ മാസത്തിലാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്നത്തെ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ നിർദേശപ്രകാരമാണ് ബിജുവിനെതിരെ കേസ് എടുത്തത്. ഇതേ തുടർന്ന് ഒൻപത് മാസത്തോളം ഇദ്ദേഹത്തെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തിരുന്നു. കേസ് രജിസ്റ്റർ ചെയ്തതിന് ശേഷം സുപ്രധാന തസ്തികകളിൽ ഒന്നും ഇദേഹത്തെ നിയമിച്ചിട്ടുമില്ല. ഇത്തരത്തിലുള്ള ദുരിത പർവത്തിനാണ് ഇപ്പോൾ അറുതിയായിരിക്കുന്നത്. നാലുകെട്ട് മാതൃകയിൽ ആഢംബര ഭവനം പണിതു എന്നതായിരുന്നു അന്ന് ഉയർന്ന പ്രധാന ആരോപണം. ബിജുവിന്റെ വീടും ഓഫീസും ഉൾപ്പെടെ നാലിടങ്ങളിൽ പരിശോധന നടത്തിയ വിജിലൻസ് സംഘം വസ്തു, വാഹന വിൽപന സംബന്ധമായ നിരവധി രേഖകൾ പിടിച്ചെടുത്തതായി അവകാശപെട്ടിരുന്നു. തുടർന്ന് ബിജുവിനെ സർവ്വീസിൽ നിന്നും സസ്‌പെന്റ് ചെയ്തു. എന്നാൽ പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞു. പിടിച്ചെടുത്ത വസ്തു സംബന്ധമായ രേഖകൾ പിതൃ സ്വത്തുമായി ബന്ധപ്പെട്ടവയായിരുന്നുവെന്നും വാഹന സംബന്ധമായ രേഖ ബിജുവിന്റെ ഭാര്യയുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന കാറിന്റെ വിൽപന കരാർ ആയിരുന്നുവെന്നും ബോധ്യപെട്ടു. നാലുകെട്ട് മാതൃകയിൽ വീട് പണിതു എന്നത് ശരിയാണെങ്കിലും ഇതിനായി ബിജുവിന്റെയും ഭാര്യയുടേയും ഒരേക്കറോളം വരുന്ന പിതൃ സ്വത്തുക്കൾ വിൽപന നടത്തിയിരുന്നതായും 20 ലക്ഷം രൂപ ബാങ്ക് ലോൺ എടുത്തിരുന്നതായും വിദേശത്ത് ജോലി ചെയ്യുന്ന അടുത്ത ബന്ധുക്കളിൽ നിന്നും സാമ്പത്തിക സഹായം ലഭിച്ചിരുന്നതായും കണ്ടെത്തി. ഇതേ തുടർന്നാണ് അന്വേഷണം അവസാനിപ്പിക്കാൻ അനുമതി തേടി അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയെ സമീപിച്ചത്. എഫ്‌ഐ ആർ സമർപ്പിച്ച അതേ എസ്.പി തന്നെയാണ് തുടർനടപടികൾ അവസാനിപ്പിക്കാൻ അനുമതി തേടിയത് എന്നത് കേസിൽ കൗതുകമായി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.