കോട്ടയം : കേരള സമൂഹത്തിൽ കുറ്റകൃത്യവാസന വർദ്ധിച്ചുവരുന്നതായി ഗോവ ഗവർണർ അഡ്വ. പി.എസ് ശ്രീധരൻ പിള്ള. യുവതലമുറയിൽ പോലും തിരുത്താൻ ആവാത്ത രീതിയിൽ കുറ്റകൃത്യവാസന ഇടം പിടിച്ചിട്ടുണ്ട്. ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം പബ്ലിക് ലൈബ്രറിയുടെ 140 ആം വാർഷികാഘോഷങ്ങളുടെ ഭാഗമായി , പബ്ലിക് ലൈബ്രറി പ്രസിഡൻറ് എബ്രഹാം ഇട്ടിച്ചെറിയയുടെ ശതാഭിഷേക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ കുറ്റകൃത്യ വാസനയിൽ ലൈബ്രറികൾക്കും വ്യക്തികൾക്കും ഇത്തരം പ്രശ്നങ്ങളിൽ ഇടപെട്ട് പഠന കേന്ദ്രങ്ങളായി മാറാൻ സാധിക്കണം. രാഷ്ട്രീയപാർട്ടികൾ വൈരുദ്ധ്യങ്ങൾക്ക് പുറകെ പോകാതെ വൈവിധ്യങ്ങൾ തേടി പോകണമെന്നും അദ്ദേഹം പറഞ്ഞു. അക്ഷരനഗരിയുടെ ആദരവും എബ്രഹാം ഇട്ടിച്ചെറിയായ്ക്ക് ഗവർണർ സമ്മാനിച്ചു.
യോഗത്തിൽ മാർത്തോമ സഭ മലേഷ്യ , സിംഗപൂർ , ഓസ്ട്രേലിയ , ന്യൂസിലൻഡ് ഭദ്രാസനാധിപൻ ഗ്രീഗോറിയോസ് മാർ സ്തേഫാനോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. ക്നാനായ സഭ മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ സേവേറിയോസ് അനുഗ്രഹ പ്രഭാഷണം നടത്തി. മുൻ സുപ്രീം കോടതി ജഡ്ജി ചീഫ് ജസ്റ്റിസ് കെ.ടി തോമസ് മുഖ്യ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡന്റായി നാൽപ്പത് വർഷം പൂർത്തിയാക്കിയ ശതാഭിഷിക്തനായ എബ്രഹാം ഇട്ടിച്ചെറിയ കോട്ടയം പൗരാവലിയുടെ ഉപഹാരം ഏറ്റുവാങ്ങി. മാർ സ്തേഫാനോസ് എപ്പിസ്കോപ്പ സുവനീർ ഏറ്റുവാങ്ങി. ലൈബ്രറിയുടെ 40 വർഷത്തെ ചരിത്ര പ്രകാശനം തോമസ് ചാഴികാടൻ എം.പി പ്രകാശനം ചെയ്തു. കുര്യാക്കോസ് മാർ സേവേറിയോസ് എറ്റുവാങ്ങും. ഡോക്യുമെന്ററി മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ റിലീസ് ചെയ്യും. പൗരാവലിയുടെ മംഗള പത്രം കെ.സി വിജയകുമാർ വായിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മംഗള പത്രം സമർപ്പിക്കും. പ്രോഗ്രാം കമ്മിറ്റി ഇനറൽ കൺവീനർ ഫാ.ഡോ.എം.പി ജോർജ് സ്വാഗതവും , കൺവീനർ വി.ജയകുമാർ നന്ദിയും പറയും.