കോട്ടയം: പണിയുണ്ടോ.. ഉണ്ട്.. പഴിയുണ്ടോ.. അതിലേറെയുണ്ട്.. നടപടിയുണ്ടോ.. പണി പോകും വരെ മാത്രമല്ല, മരണം വരെയുണ്ട്..! ഇത് കേരള പൊലീസിലെ സാദാ പൊലീസ് മുതലുള്ള ഉദ്യോഗസ്ഥർക്ക് അനുഭവിക്കേണ്ടി വരുന്ന ഭാരത്തിന്റെ ഉത്തമ ഉദാഹരണമാണ്. കോട്ടയം ജില്ലയിലെ മിടുമിടുക്കനായ ഒരു എസ്എച്ച്ഒയും, ഒരു ഡിവൈഎസ്പിയും അടക്കം അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ ഐസിയുവില്ലാക്കിയ ഭരണപരിഷ്കാരമാണ് പല പൊലീസുകാരെയും ഇപ്പോൾ ഭയപ്പെടുത്തുന്നത്.
അമിത ജോലി ഭാരത്തെ തുടർന്നു കോട്ടയം കാഞ്ഞിരപ്പള്ളിയിൽ ഒരു ഡിവൈഎസ്പിയും എസ്ഐയും, വൈക്കം സബ് ഡിവിഷനിൽ ഒരു സ്റ്റേഷൻ ഹൗസ് ഓഫിസറുമാണ് ദിവസങ്ങൾക്കകം തന്നെ ഹൃദയം തകർന്ന് ആശുപത്രിയിലായത്. കോട്ടയം ജില്ലയിലെ ഒരു പ്രമുഖ പൊലീസ് ഉദ്യോഗസ്ഥന് പണി കിട്ടിയത് അമിത ജോലിഭാരത്തിന് ഒപ്പം ലഭിച്ച അച്ചടക്ക നടപടി നോട്ടീസ് തന്നെയാണെന്ന് സേനയിൽ അടക്കം പറച്ചിലുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒരു കൊലപാതകവും, ആത്മഹത്യയും നിരവധി കുറ്റകൃത്യങ്ങളും നടന്ന ഒരു പൊലീസ് സ്റ്റേഷൻ ലിമിറ്റിൽ അതേ ദിവസം തന്നെ മറ്റൊരു കേസ് രജിസ്റ്റർ ചെയ്യാൻ വൈകിയെന്ന പേരിലാണ് ഈ പൊലീസ് ഉദ്യോഗസ്ഥന് നടപടി നോട്ടീസ് കൈപ്പറ്റേണ്ടി വന്നത്. ഇത്തരത്തിൽ അമിത ജോലി ഭാരം നേരിടുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ഹൃദയം തകർന്നില്ലെങ്കിലേ അത്ഭുതമുള്ളു എന്നാണ് സേനയിലെ ഉദ്യോഗസ്ഥർ പറയുന്നത്.
കോട്ടയം ജില്ലയിൽ ഒരു പൊലീസ് സ്റ്റേഷനിൽ ശരാശരി നാൽപ്പതിൽ താഴെ ഉദ്യോഗസ്ഥർ മാത്രമാണ് ഡ്യൂട്ടിയുണ്ടാകുക. ഈ ഉദ്യോഗസ്ഥർ വേണം ട്രാഫിക് ഡ്യൂട്ടി മുതൽ കൊലപാതകക്കേസ് വരെ അന്വേഷിക്കാൻ. നേരത്തെ സ്റ്റേഷൻ ചുമതല എസ്ഐമാർക്കും മേൽനോട്ട ചുമതല സർക്കിൾ ഇൻസ്പെക്ടർമാർക്കുമായിരുന്നു. എന്നാൽ, സുപ്രീം കോടതി നിർദേശത്തിന്റെ പേരിൽ എസ്ഐമാരെ ഇല്ലാതാക്കി സിഐമാരെ ‘എസ്ഐമാരാക്കി’യ എസ്എച്ച്ഒ പരിഷ്കാരം പൊലീസിലെ മധ്യനിരയെയാണ് ഇല്ലാതാക്കിയത്. ഇത് തന്നെയാണ് ഇപ്പോൾ ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരുടെ ചങ്ക് തകർക്കുന്ന പരിഷ്കാരമായി മാറിയത്.
ഇതിനൊപ്പമാണ് അച്ചടക്ക നടപടിയെന്ന ഓമനപ്പേരിൽ പൊലീസുകാരെ ഓടിച്ചിട്ട് നടപടിയെടുക്കുന്നത്. ജോലി ചെയ്ത് അറ്റാക്ക് വരാത്ത പൊലീസ് ഉദ്യോഗസ്ഥരെ അച്ചടക്ക നടപടിയുടെ വാൾകാട്ടി വിരട്ടി ചങ്ക് തകർക്കുന്ന ജോലിയാണ് ഇപ്പോൾ കേരള പൊലീസിൽ നടക്കുന്നത്. ജോലിയും, നടപടിയും കഴിഞ്ഞ് ആരെങ്കിലും ജീവനോടെ ഉണ്ടെങ്കിൽ മാത്രം ഇനി ക്രമസമാധാനം പാലിക്കാം…!