എല്ലാവര്‍ക്കും കായികക്ഷമത ഉറപ്പാക്കുന്നതിന് പഞ്ചായത്തുകളില്‍
പുതിയ കളിക്കളങ്ങള്‍ വികസിപ്പിക്കുന്നു: മന്ത്രി വി. അബ്ദുറഹിമാന്‍

സംസ്ഥാനത്ത് എല്ലാവര്‍ക്കും കായികക്ഷമത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ പുതിയ കളിക്കളങ്ങള്‍ പഞ്ചായത്തുകളില്‍ കണ്ടെത്തി വികസിപ്പിച്ചു വരുകയാണെന്ന് കായിക വകുപ്പു മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ ജണ്ടായിക്കല്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ വിവിധ പഞ്ചായത്തുകളില്‍ കണ്ടെത്തിയ 145 പുതിയ കളിക്കളങ്ങള്‍ ഉടന്‍ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യപിക്കുമെന്നും മന്ത്രി പറഞ്ഞു. ജീവിത ശൈലി രോഗങ്ങള്‍ ഇല്ലാതാക്കുന്നതിന് കുട്ടികള്‍ക്കൊപ്പം മുതിര്‍ന്നവരേയും കളിസ്ഥലങ്ങളിലേക്ക് കൊണ്ടുവരാന്‍ പൊതുപ്രവര്‍ത്തകര്‍ക്കും ആശപ്രവര്‍ത്തകര്‍ക്കും കഴിയണം. പഞ്ചായത്തുകളില്‍ സ്‌പോട്‌സ് കൗണ്‍സില്‍ ആരംഭിക്കുന്നതോടെ പരിശീലനത്തിലൂടെ കായിക പ്രതിഭകളെ വളര്‍ത്തിയെടുക്കാനും കഴിയും. ഓള്‍ ഇന്ത്യ ഫെഡറേഷനും ഫിഫയുമായി ചേര്‍ന്ന് അഞ്ച് ലക്ഷം കുട്ടികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം നല്‍കുന്ന പദ്ധതി ജൂണില്‍ ആരംഭിക്കും. ജനങ്ങളുടെ കായികക്ഷമത ഉറപ്പാക്കാന്‍ കായികരംഗത്ത് ഇത്തരം നിരവധി പദ്ധതികളാണ് നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. കായികവകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും ഒരു കോടി രൂപ വിനയോഗിച്ചാണ് സ്റ്റേഡിയം നവീകരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി വലിപ്പത്തിലുള്ള മഡ് ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ നിര്‍മാണം, ഗ്രൗണ്ടിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഡ്രെയിനേജ് സംവിധാനം, കളിക്കളത്തിന് ചുറ്റും ചെയിന്‍ ലിങ്ക് ഫെന്‍സിംഗ്, ടോയ്‌ലെറ്റ് ബ്ലോക്കിന്റെ നിര്‍മാണം, ലൈറ്റിംഗ് സംവിധാനങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ജണ്ടായിക്കല്‍ കളിസ്ഥലത്ത് നടപ്പാക്കുന്നത്.
സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ ചീഫ് എഞ്ചിനീയര്‍ കൃഷ്ണന്‍ ബിടിവി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍ എംഎല്‍എ രാജു എബ്രഹാം മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിതാ അനില്‍കുമാര്‍, ജില്ലാ പഞ്ചയത്തംഗം ജെസി അലക്‌സ്, പഞ്ചായത്ത് മെമ്പര്‍ ഷൈനി രാജീവ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.കെ. സുരേന്ദ്രന്‍, ആലിച്ചന്‍ ആറൊന്നില്‍, ബിനു സി. മാത്യു, എബ്രഹാം കുളമട, സജി ഇടിക്കുള, തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.