പത്തനംതിട്ട: ഏകീകൃത തദേശവകുപ്പിലെ ആസൂത്രിത സസ്പെൻഷൻ പിൻവലിക്കണമെന്നും , ഓൺലൈൻ ട്രാൻസ്ഫറിലെ അപാകതകൾ പരിഹരിക്കണമെന്നും അവശ്യപ്പെട്ട് എൻ ജി ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി തദ്ദേശ വകുപ്പ് പത്തനംതിട്ട ജോയിൻ ഡയറക്ടറുടെ ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി. അഞ്ച് വകുപ്പുകളെ അകാരണമായി കൂട്ടിയോജിപ്പിച്ച് തദ്ദേശസ്വയം ഭരണപൊതു സർവ്വീസാക്കി മാറ്റിയത് വഴി ആ വകുപ്പിൻ്റെ തനതായ സേവനഘടന ഇല്ലാതാക്കിയിരിക്കുകയാണ്. മാലിന്യ സംസ്ക്കരണം, തെരുവ് നായ ശല്യം തുടങ്ങി ജോലിഭാരം നാൾക്ക്നാൾ ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ നിലവിലുള്ള സ്റ്റാഫ് പാറ്റേൺ അനുസരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനം നിർവ്വഹിക്കാൻ സാധിക്കാത്തതിനാൽ രാത്രി ഏറെ വൈകിയും പഞ്ചായത്ത് ജീവനക്കാർ ഓഫീസിൽ തുടരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഓൺലൈൻ സ്ഥലം മാറ്റത്തിൻ്റെ പേരിൽ ജീവനക്കാരെ വിദൂര ജില്ലകളിലേക്ക് സ്ഥലം മാറ്റുന്നത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കാര്യശേഷിയെ സാരമായി ബാധിച്ചിരിക്കുകയാണ്. രജിസ്റ്ററുകൾ മുഴുവൻ ഓൺലൈൻ ആക്കിയതിനു ശേഷവും ഫിസിക്കൽ രജിസ്റ്റർ സൂക്ഷിച്ചില്ല എന്ന പേരിൽ ജീവനക്കാരെ സസ്പെൻഡ് ചെയ്യുന്നത് തികച്ചും അനീതിയാണെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് എൻ ജീ ഒ അസോസിയേഷൻ ജില്ലാ പ്രസിഡൻറ് അജിൻ ഐപ്പ് ജോർജ്ജ് പറഞ്ഞു. ജില്ലാ സെക്രട്ടറി ഷിബു മണ്ണടി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.എസ്. വിനോദ് കുമാർ , സംസ്ഥാന കമ്മിറ്റി അംഗം ബിജു ശാമുവേൽ, ശ്രീകുമാർ , ജില്ലാ ട്രഷറർ തട്ടയിൽ ഹരികുമാർ, ജില്ലാ വൈസ് പ്രസിഡന്റ്മാരായ ജി. ജയകുമാർ , എസ് കെ സുനിൽകുമാർ .ജില്ലാ ജോയിൻറ് സെക്രട്ടറിമാരായ വിഷ്ണു സലിംകുമാർ, ഡി. ഗീത, വിനോദ് മിത്ര പുരം, അനിൽകുമാർ ജി , നൗഫൽ ഖാൻ, അനു കെ അനിൽകുമാർ ,പിക്കു വി സൈമൺ, ദിലീപ് ഖാൻ , ജയപ്രസാദ്, ഷാജൻ,രാഹുൽ കെ ആർ ,ബിജു റ്റി കെ , ദേവസ്യ, രാഗേഷ് ആർ, മഞ്ജു എസ്, സുധ എന്നിവർ പ്രസംഗിച്ചു.