കുമരകം : ജലോത്സവങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതും ആവേശകരവുമായ നെഹൃട്രോഫി വള്ളംകളിയ്ക്ക് കുമരകം ഒരുങ്ങി. ഇക്കുറി അഞ്ച് ജലരാജാക്കന്മാരാണ് കുമരകത്ത് നിന്നും പുന്നമയക്കായലില് എത്തുക. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കുമരകത്ത് നിന്നും കുമരകം ബോട്ട് ക്ലബ് എന്ന പേരില്‍ ഒരേ ഒരു ക്ലബാണ് മത്സരിച്ചിരുന്നത്. എന്നാല്‍ ഇക്കുറി അഞ്ച് ക്ലബുകള്‍ മത്സരരംഗത്ത് ഉണ്ടെന്നുള്ളത് ഏറെ ശ്രദ്ധേയമാണ്. അഞ്ചു ക്ലബുകള്‍ ഒരു കരയില്‍ നിന്നുമെത്തുന്നതിനാല്‍ തന്നെ നെഹൃട്രോഫി ആര് കരസ്ഥമാക്കും എന്നതാണ് ഗ്രാമത്തിലെ പ്രധാന ചര്‍ച്ചാ വിഷയം. 28 -ാം തീയതി മുത്തേരിമടയില്‍ അഞ്ച് ക്ലബുകളും തങ്ങളുടെ മെയ്ക്കരുത്ത് പ്രദര്‍ശിപ്പിച്ചിരുന്നു. ഓരോ ടീമുകളും ഒന്നിനൊന്നിന് മെച്ചം എന്നതല്ലാതെ ആരാണ് മികച്ചതെന്ന് വിലയിരുത്താന്‍ കഴിയാത്ത തുഴച്ചിലാണ് ജലോത്സവപ്രേമികള്‍ക്ക് കാണാനായത്. വെള്ളിച്ചുണ്ടന്‍ കുമരകത്ത് എത്തുമെന്ന പ്രതീക്ഷയിലാണ് ജലോത്സവപ്രേമികള്‍.
കുമരകം ബോട്ട് ക്ലബ് (ആയാപറമ്പ് പാണ്ടി)
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
50 വര്‍ഷത്തെ പാരമ്പര്യമാണ് കുമരകം ബോട്ട് ക്ലബിനുള്ളത്. ഗ്രാമത്തിന്റെ വള്ളമായി നെഹൃട്രോഫിയില്‍ മുത്തമിട്ടതെന്ന് അവകാശപ്പെടുന്ന ക്ലബാണിത്. 1975 , 76 വര്‍ഷങ്ങളില്‍ കല്ലൂപ്പറമ്പന്‍ ചുണ്നില് നെഹൃട്രോഫി കരസ്ഥമാക്കി, 1977 ല്‍ കല്ലൂപ്പറമ്പില്‍ തന്നെ മത്സരിച്ച് സമക്കൊടി നേടിയ മത്സരവീര്യം. 1982 ,83,84 ല്‍ ഹാട്രിക്ക് കരസ്ഥമാക്കി. 2002 ല്‍ സുവര്‍ണ്ണജൂബിലി കപ്പ് നേടിയെടുത്തു. ഇടക്കാലത്ത് ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ നിശ്ചമായിരുന്നെങ്കിലും ശക്തമായ തിരിച്ചു വരവ് നടത്തി. അപ്പര്‍കുട്ടനാട്ടില്‍ നിന്നുള്ള തുഴച്ചില്‍ക്കാരെ മാത്രം ഉള്‍പ്പെടുത്തിയാണ് ഇക്കുറി പോരാട്ടതിന് എത്തുന്നതെന്ന പ്രത്യേകത ഈ മത്സരത്തിനുണ്ട്.
ആയാപറമ്പ് പാണ്ടി ചുണ്ടനിലാണ് കുമരകം ബോട്ട് ക്ലബ് പുന്നമടയിലെത്തുന്നത്. കുമരകം ഗ്രാമപ്പഞ്ചായത്ത് മെമ്പര്‍ പി.ഐ ഏബ്രഹാമാണ് ക്യാപ്റ്റന്‍ , ലീഡീംഗ് ക്യാപ്റ്റന്‍ സുരേഷ് ശാന്തി.
കുമരകം ടൗണ്‍ ബോട്ട് ക്ലബ് ( സെന്റ് പയസ് ചുണ്ടന് )
കുമരകം ബോട്ട് ക്ലബില്‍ നിന്നും വേറിട്ട് രൂപീകൃതമായതാണ് കുമരകം ടൗണ്‍ബോട്ട് ക്ലബ്. 1998 ല്‍ രൂപീകൃതമായി. 1999 ല്‍ ആലപ്പാട് ചുണ്ടനില്‍ ആദ്യ വിജയം കരസ്ഥമാക്കി. നിലവിലെ ഹാട്രിക്ക് ജേതാക്കളാണ് കുമരകം ടൗണ്‍ ബോട്ട് ക്ലബ്. 2004 ല്‍ ചെറുതന ചുണ്ടനിലും 2005,2006,2007 വര്‍ഷങ്ങളില്‍ പായിപ്പാട് ചുണ്ടനിലും നെഹൃട്രോഫി കരസ്ഥമാക്കി ഹാട്രിക്ക് സ്വന്തമാക്കി. 25 വര്‍ഷങ്ങള്‍ക്ക് ശേഷം ജവഹര്‍ തായങ്കരി ചുണ്ടന് വിജയകിരീടമണിയച്ച പാരമ്പര്യവും ഇവര്‍ക്ക് സ്വന്തം.
സെന്റ് പയസ് ചുണ്ടനിലാണ് ഇത്തവണ ഇവര്‍ അങ്കത്തിനെത്തുന്നത്. പ്രവാസി മലയാളിയായ ജോണി കുരുവിളയാണ് ക്യാപ്റ്റന്‍ , ഒന്നാം തുഴക്കാരനായി ജലോത്സവ ലോകത്ത് താരമായി മാറിയ അനില്‍ കളപ്പുരയാണ് ലീഡിംഗ് ക്യാപ്റ്റന്‍.
വേമ്പനാട് ബോട്ട് ക്ലബ് ( പായിപ്പാട് )
കുമരകത്തിന്റെ തെക്കന്‍ പ്രദേശമായ ആശാരിശ്ശേരി ഭാഗത്ത് 2013ല്‍ രൂപീകൃതമായ ക്ലബാണിത്. കുമരകം സ്വദേശിയുടെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന ഇല്ലിക്കളം ചുണ്ടനെ ആദ്യമായി ഫൈനലില്‍ എത്തിച്ച് ജലോത്സവലോകത്ത് ശ്രദ്ധനേടി. 2014 ല്‍ ആനാരി ചുണ്ടനിലും , 2015 ല്‍ ജവഹര്‍ തായങ്കരിയിലും ,2016 ല്‍ കാരിച്ചാലിലും മത്സരിച്ച് നെഹൃട്രോഫി കരസ്ഥമാക്കി.
2017 ല്‍ പായിപ്പാടിലും , 2018 ല്‍ ദേവസ് , 2019 ല്‍ ദേവസ് ചുണ്ടനിലും മിന്നുന്ന പ്രകടനം കാഴ്ചവെച്ചു.
പായിപ്പാട് ചുണ്ടനിലാണ് ഇക്കുറി വേമ്പനാട് ബോട്ട് ക്ലബ് നെഹൃട്രോഫിക്കായി മത്സരിക്കുക, ബെഞ്ചമിന്‍.കെ.റോയി ക്യാപ്റ്റന്‍ , ബൈജു കുട്ടനാട് ലീഡിംഗ് ക്യാപ്റ്റന്‍.
എന്‍.സി.ഡി.സി ബോട്ട് ക്ലബ് ( നടുഭാഗം ചുണ്ടന്)
കുമരകം കൈപ്പുഴമുട്ട് കേന്ദ്രീകരിച്ച് 2018 ല്‍ രൂപീകൃതമായ ക്ലബാണിത്. നെഹൃട്രോഫിയില്‍ മുത്തമിടാന്‍ സാധിച്ചിട്ടില്ലങ്കിലും ജലോത്സവപ്രേമികള്‍ വലിയ പ്രതീക്ഷയാണ് ഈ ടീമില്‍ കാണുന്നത്. 2018 ല്‍ ചമ്പക്കുളം ചുണ്ടനില്‍ ഫൈനലില്‍ നാലാംസ്ഥാനം , 2019 ല്‍ ദേവസ് ചുണ്ടനില്‍ സി.ബി.എല്ലില്‍ മൂന്നാംസ്ഥാനം കരസ്ഥമാക്കി മെയ്ക്കരുത്ത് തെളിയിച്ച് പുന്നമടയെ ആവേശത്തിലാക്കിയ ചരിത്രമാണ് ഇവര്‍ക്കുള്ളത്.
നടുഭാഗം ചുണ്ടനിലാണ് ഇക്കുറി എന്‍.സി.ഡി.സി അങ്കത്തിനെത്തുന്നത്. ജിന്റോ ജോമി , നാരായണന്‍കുട്ടി ഉദയന്‍ എന്നിവരാണ് ക്യാപ്റ്റന്മാര്. ലീഡിംഗ് ക്യാപ്റ്റന്‍ ബിജു ഏബ്രഹാം
സമുദ്ര ബോട്ട് ക്ലബ് ( ജവഹര്‍ തായങ്കരി)
കുമരകത്തിന്റെ തെക്കന്‍ പ്രദേശമായ ആശാരിശ്ശേരി കേന്ദ്രീകരിച്ച് ചെറു കളിവള്ളത്തില്‍ തുഴഞ്ഞ് തുടങ്ങിയ ക്ലബാണിത്. 2015 ല്‍ രൂപീകൃതമായ ക്ലബ് വെപ്പ് ഏ ഗ്രേഡ് ചുണ്ടനിലാണ് ആദ്യമായി പുന്നമടയില്‍ മത്സരിക്കുന്നത്.ഇത്തവണ ജവഹര്‍ തായങ്കരി ചുണ്ടനില്‍ കന്നിയങ്കത്തിന് എത്തുമ്പോള്‍ പ്രശസ്തമായ പാരമ്പര്യങ്ങള്‍ അവകാശപ്പെടാനില്ലങ്കിലും യുവത്വത്തിന്റെ കൂട്ടായ്മയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ക്യാപ്റ്റന്‍ ആരെന്നത് തീരുമാനം ആയിട്ടില്ല.