കോട്ടയം:കേരള കോൺഗ്രസ് നേതാവും പാർട്ടിയുടെ സംസ്ഥാന ഉന്നത അധികാര സമിതി അംഗവുമായ അഡ്വ.പ്രിൻസ് ലൂക്കോസ് ഒറ്റത്തൈയിൽ അന്തരിച്ചു. 52 വയസ്സായിരുന്നു. വേളാങ്കണ്ണിയിൽ നിന്നും കുടുംബസമേതം ട്രെയിനിൽ മടക്കയാത്രയിൽ തെങ്കാശിയിൽ വച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. മൃതദേഹം കാരിത്താസ് ആശുപത്രി മോർച്ചറിയിൽ. കേരള കോൺഗ്രസ് സ്ഥാപക നേതാവ് പരേതനായ അഡ്വ. ഒ. വി. ലൂക്കോസിന്റെയും ആനിയമ്മയുടെയും മകനാണ്. ഭാര്യ സിന്ധു (കാനറ ബാങ്ക് മാനേജർ കോട്ടയം) കൊഴുവനാൽ മണിയങ്ങാട്ട് കുടുംബാംഗമാണ്. മക്കൾ.ഹന്ന പ്രിൻസ് (മംഗളം എൻജിനീയറിങ് കോളേജ് വിദ്യാർഥിനി). ലൂക്ക് പ്രിൻസ് (ലൂർദ് പബ്ലിക് സ്കൂൾ കോട്ടയം വിദ്യാർത്ഥി.)
കോട്ടയം ബാറിലെ അഭിഭാഷകനായ പ്രിൻസ് കേരള വിദ്യാർത്ഥി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. വിദ്യാർത്ഥി യുവജന രാഷ്ട്രീയ രംഗത്ത് സംസ്ഥാനതലത്തിൽ കഴിവ് തെളിയിച്ച പ്രിൻസ് ലൂക്കോസ് എം.ജി യൂണിവേഴ്സിറ്റി കൗൺസിലറും, യുവദീപ്തി, കെ.സി.വൈ.എം ഫൊറോന പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ദീർഘകാലം കോട്ടയം യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാനായും പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഏറ്റുമാനൂർ അസംബ്ലി മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. ചങ്ങനാശ്ശേരി പാസ്റ്റർ കൗൺസിൽ അംഗമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസിന്റെ അകാല നിര്യാണത്തിൽ ദു:ഖ സൂചകമായി അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് വരുന്ന ഒരാഴ്ച കാലത്തെ പാർട്ടിയുടെ എല്ലാ പൊതുപരിപാടികളും മാറ്റിവച്ചുകൊണ്ട് ദു:ഖാചരണം പ്രഖ്യാപിച്ചതായി കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് എം എൽ എ അറിയിച്ചു.
കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസിനോടുള്ള ആദരസൂചകമായി നാളെ ഉച്ച കഴിഞ്ഞു രണ്ടുമണിക്ക് കാരിത്താസ് ആശുപത്രിയിൽ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടുകൂടി വിലാപയാത്ര ആരംഭിച്ച് ഏറ്റുമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിനോട് ചേർന്ന് പ്രത്യേകം സജ്ജമാക്കുന്ന പന്തലിൽ പൊതുദർശനവും നടക്കുന്നതാണ്. തുടർന്ന് അതിരമ്പുഴ- യൂണിവേഴ്സിറ്റി- മെഡിക്കൽ കോളേജ് – പനമ്പാലം- ബേക്കർ ജംഗ്ഷൻ- ശാസ്ത്രി റോഡ് വഴി കേരള കോൺഗ്രസ് സംസ്ഥാന കമ്മറ്റി ഓഫീസിൽ 4 മണിക്ക് പൊതുദർശനം ഉണ്ടായിരിക്കുന്നതാണ്.
അതിനുശേഷം വിലാപയാത്രയായി ആറുമണിക്ക് പാറപുഴയിലുള്ള വസതിയിൽ ഭൗതികശരീരം എത്തിക്കുന്നതാണ്. പ്രിൻസ് ലൂക്കോസിന്റെ സംസ്കാര ചടങ്ങുകൾ സെപ്റ്റംബർ പത്താം തീയതി ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ഭവനത്തിലെ ശുശ്രൂഷകൾ ആരംഭിക്കും.
ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ. തോമസ് തറയിൽ മുഖ്യ കാർമികത്വം വഹിക്കുന്നതാണ്. തുടർന്ന് പാറമ്പുഴ ബദലഹേം പള്ളിയിൽ സമാപന പ്രാർത്ഥന ശുശ്രൂഷകൾക്ക് ശേഷം മൃതദേഹം സംസ്കരിക്കുന്നതാണ്. തെങ്കാശിയിൽ നിന്നും പ്രത്യേക വാഹനത്തിൽ മൃതദേഹം കാരി ത്താസ് ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡയറക്ടർ ഫാദർ ഡോ. ബിനു കുന്നത്ത്, പാറമ്പുഴ പള്ളി വികാരി ഫാ. മാത്യു ചൂരവടി, ഫാ. ഡോ. ജെയിംസ് മുല്ലശ്ശേരിയുടെ നേതൃത്വത്തിൽ പ്രാർത്ഥന നടത്തി. എം എൽ എ മാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ,മോൻസ് ജോസഫ്, ചാണ്ടി ഉമ്മൻ മുൻ എം പി മാരായ സുരേഷ് കുറുപ്പ്, ജോയ് എബ്രഹാം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് , യൂ ഡി എഫ് കൺവീനർ ഫിൽസൺ മാത്യു അപു ജോൺ ജോസഫ്,കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ.ജയ്സൺ ജോസഫ് , ബിനു ചെങ്ങളം എന്നിവർ കാരിത്താസ് ആശുപത്രിയിൽ എത്തി അന്തിമോപചാരം അറിയിച്ചു.