കോട്ടയം :
തകര്‍ന്നടിഞ്ഞ കേരളത്തിന്റെ കാര്‍ഷികമേഖലയെ പുനര്‍ജ്ജീവിപ്പിക്കാന്‍ പുത്തന്‍ കര്‍മ്മപരിപാടികളില്‍ ബജറ്റിന്റെ അനുബന്ധമായി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേരളാ കോണ്‍ഗ്രസ് എക്സിക്യൂട്ടീവ് ചെയര്മാന് അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. നിയമസഭയില്‍ ആവശ്യപ്പെട്ടു. ബജറ്റിന്റെ പൊതു ചര്‍ച്ചയില്‍ പങ്കെടുത്ത് നടത്തിയ നിയമസഭാ പ്രസംഗത്തിലാണ് എം.എല്‍.എ. വിവിധ കാര്‍ഷിക പ്രശ്നങ്ങള്‍ ഉന്നയിച്ചത്.
കേരളാ ബജറ്റ് നിരാശാജനകമാണെന്ന് മോന്‍സ് ജോസഫ് കുറ്റപ്പെടുത്തി. കര്‍ഷകജനത ആത്മഹത്യയുടെ ആശങ്കയിലൂടെയാണ് കടന്നുപോകുന്നത്. ഇത്തരത്തിലുള്ള ദുരവസ്ഥ എല്‍.ഡി.എഫ്. സര്‍ക്കാര്‍ കണ്ണുതുറന്ന് കാണണം.
നെല്‍കാര്‍ഷിക മേഖലയില്‍ എല്ലാ വര്‍ഷവും സംഭവിക്കുന്ന പ്രതിസന്ധികള്‍ക്ക് ശാശ്വതപരിഹാരം കണ്ടെത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. നെല്ല് സംഭരണത്തിനും സപ്ലൈകോയുടെ പ്രവര്‍ത്തനത്തിനും ഉള്‍പ്പെടെ 150 കോടി രൂപ മാത്രം അനുവദിച്ച സര്‍ക്കാര്‍ നടപടി തിരുത്തിയില്ലെങ്കില്‍ നെല്‍കൃഷി പൂര്‍ണ്ണമായും ഉപേക്ഷിക്കേണ്ടിവരുമെന്ന അവസ്ഥയാണ് ഉണ്ടാകാന്‍ പോകുന്നത്. കേന്ദ്രസര്‍ക്കാര്‍ നെല്‍കൃഷിക്കാര്‍ക്ക് നല്കിയ ആനുകൂല്യം പോലും സംസ്ഥാന സര്‍ക്കാര്‍ സമയത്ത് കൃഷിക്കാര്‍ക്ക് കൊടുക്കാന്‍ തയ്യാറായില്ലെന്ന് മോന്‍സ് ജോസഫ് കുറ്റപ്പെടുത്തി.
സംസ്ഥാനസര്‍ക്കാര്‍ ഇപ്പോഴും 28.20 രൂപയില്‍ നെല്ലിന്റെ താങ്ങുവില നിലനിര്‍ത്തിയിരിക്കുകയാണ്. നെല്കൃഷിക്കാര് ആവശ്യപ്പെടുന്നത് കണക്കിലെടുത്ത് 30 രൂപയായി താങ്ങുവില വര്‍ദ്ധിപ്പിക്കണം. വര്‍ഷങ്ങളായി മുടങ്ങികിടക്കുന്ന കൈകാര്യചെലവ് കുടിശ്ശിക തീര്‍ത്ത് കൊടുക്കാനും കാലാനുസൃതമായി വര്‍ദ്ധിപ്പിക്കാനും സര്‍ക്കാര്‍ തയ്യാറാകണം.
റബ്ബറിന്രെ വിലസ്ഥിരതാ ഫണ്ട് എല്‍.ഡി.എഫ്. സര്‍ക്കാര്‍ തെരഞ്ഞെടുപ്പില്‍ വാഗ്ദാനം നല്കിയ 250 രൂപയായി വര്‍ദ്ധിപ്പിക്കാന്‍ ഇനിയെങ്കിലും തയ്യാറാകണമെന്ന് മോന്‍സ് ജോസഫ് ആവശ്യപ്പെട്ടു.
യു.ഡി.എഫ്. റബ്ബര്‍വില സ്ഥിതാ ഫണ്ട് 300 രൂപയായി വര്‍ദ്ധിപ്പിക്കണമെന്നതാണ് അടിസ്ഥാന നിലപാട് എന്നാല്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ ഇപ്രാവശ്യത്തെ ബഡ്ജറ്റില്‍ റബ്ബര്‍ എന്ന വാക്കുപോലും ഒഴിവാക്കുകയാണ് ചെയ്തതെന്ന് എം.എല്‍.എ. കുറ്റപ്പെടുത്തി. റബ്ബറിന് സര്‍ക്കാര്‍ നല്കുന്ന വിലസ്ഥിരതാ ഫണ്ടിനേക്കാള്‍ കൂടിയ തുക പൊതുമാര്‍ക്കറ്റില്‍ കൃഷിക്കാര്‍ക്ക് ലഭിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. റബ്ബര്‍ കൃഷിക്കാരെ പരിഹരിക്കുന്ന ഈ ദുരവസ്ഥ മാറ്റിയെടുക്കാന്‍ സര്‍ക്കാര്‍ റബ്ബര്‍വില സ്ഥിരതാ ഫണ്ട് വര്‍ദ്ധിപ്പിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണം.
ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള വിവിധ സ്കോളര്‍ഷിപ്പ് ഫണ്ട് 50 ശതമാനം വെട്ടിക്കുറച്ച നടപടി സര്‍ക്കാര്‍ അടിയന്തിരമായ പുനപരിശോധിക്കണം. ഉപരിപഠന സാധ്യതകള്‍ പ്രതിസന്ധിയിലാ#്കുന്ന സാഹചര്യം കണക്കിലെടുത്ത് ക്രിസ്ത്യന്‍, മുസ്ലീം വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഇതുവരെ ലഭിച്ചിരുന്ന സ്കോളര്‍ഷിപ്പ് ആനുകൂല്യം പുനസ്ഥാപിക്കണമെന്ന് മോന്‍സ് ജോസഫ് ആവശ്യപ്പെട്ടു.
റോഡ് വികസനം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ കഴിയാത്ത അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാന്‍ പൊതുമരാമത്ത് - വാട്ടര്‍ അതോറിറ്റി വകുപ്പുകളെ ഏകോപിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ജാഗ്രത കാണിക്കണമെന്ന് മോന്‍സ് ജോസഫ് ആവശ്യപ്പെട്ടു.