കോട്ടയം: എനിക്കിപ്പമറിയണം എന്റെ റോഡ് എത്ര ദിവസത്തിനകം ടാർ ചെയ്യുമെന്ന്..! കോട്ടയം നഗരസഭ കൗൺസിൽ യോഗത്തിലായിരുന്നു നഗരസഭയിലെ ഭരണപക്ഷ അംഗം ധന്യ ഗിരീഷ് പൊട്ടിത്തെറിച്ചത്. റോഡ് തകരുകയും, അഞ്ചോളം ബൈക്ക് യാത്രക്കാർ റോഡിൽ വീണ് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് കൗൺസിലർ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. കോട്ടയം നഗരസഭ കൗണിൽ യോഗത്തിൽ പ്രതിഷേധവുമായി എത്തിയ ധന്യ ഗിരീഷ്, റോഡ് അടിയന്തിരമായി ടാർ ചെയ്തില്ലെങ്കിൽ നഗരസഭ കൗൺസിൽ ഹാളിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുമെന്നും പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചേർന്ന നഗരസഭ കൗൺസിൽ യോഗത്തിലായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാൻ വിളിച്ച കൗൺസിൽ യോഗത്തിലായിരുന്നു ഭരണപക്ഷ കൗൺസിലറുടെ പ്രതിഷേധം. കോൺഗ്രസ് പ്രതിനിധിയും പന്നിമാറ്റം വാർഡിൽ നിന്നുള്ള കൗൺസിലറുമായ ധന്യ ഗിരീഷാണ് നഗരസഭ കൗൺസിൽ യോഗത്തിൽ പ്രതിഷേധമുയർത്തിയത്. പന്നിമറ്റം വാർഡിലെ പന്നിമറ്റം – നിർമ്മിതി റോഡ്, വൈഎംസിഎ ബുക്കാന റോഡ് എന്നീ റോഡുകൾ പൂർണമായും തകർന്നു കിടക്കുകയാണ്. ഈ റോഡുകളിലൂടെ യാത്ര ചെയ്ത അഞ്ചു ബൈക്ക് യാത്രക്കാരാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി റോഡിൽ വീണത്. ഇവർക്ക് ബൈക്കിൽ നിന്ന് വീണ് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ നഗരസഭ കൗൺസിൽ യോഗത്തിൽ ധന്യ ഗിരീഷ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റോഡ് നവീകരിക്കുന്നതിനായി ഒൻപത് ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്. എന്നാൽ, ഇതിൽ നാലു ലക്ഷത്തോളം രൂപ മാത്രമാണ് ചിലവഴിച്ചിരുന്നത്. എന്നാൽ, ഇതുവരെയും റോഡ് നവീകരണത്തിനുള്ള തുക ചിലവഴിക്കാൻ അധികൃതർ തയ്യാറായില്ലെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. മഴ കുറയുമ്പോൾ റോഡ് നവീകരിക്കാം എന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, മഴ മാറി വെയിൽ വന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും അധികൃതർ ഇതുവരെയും റോഡ് നവീകരിക്കാൻ തയ്യാറായിട്ടില്ലെന്ന് ധന്യ പറുന്നു. ഈ സാഹചര്യത്തിലാണ് നഗരസഭ കൗൺസിൽ ഹാളിൽ കുത്തിയിരുന്നു പ്രതിഷേധിക്കാനായി ധന്യ ഒരുങ്ങുന്നത്.
നഗരസഭ എഞ്ചിനീയറിങ് വിഭാഗം നിഷ്‌ക്രിയമാണെന്ന് ധന്യ ആരോപിച്ചു. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കപ്പെടാത്തതിന്റെ പൂർണ്ണ ഉത്തരവാദിത്തം നഗരസഭ എഞ്ചിനീയറിങ് വിഭാഗത്തിനാണെന്നും എഞ്ചിനീയർ കൃത്യമായ മറുപടി നൽകണമെന്നും ധന്യ വാവശ്യപ്പെട്ടു
വിഷയത്തെ പ്രതിപക്ഷവും പിന്തുണച്ചു. ഇടതുപക്ഷ കൗൺസിലറായ എൻ എൻ വിനോദും എൻജിനീയറിങ് വിഭാഗത്തിന്റെ അനാസ്ഥയ്‌ക്കെതിരെ രംഗത്തെത്തി.