പൊണ്ണത്തടിക്ക്  പരിഹാരമായി നൂതന ശസ്ത്രക്രിയകൾ; ഇനി ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ നോ ടെൻഷൻ

തയ്യാറാക്കിയത് : 

Advertisements

ഡോ. എം. മുഹമ്മദ്‌ ഷെരീഫ് സീനിയർ കൺസൾട്ടന്റ്, ജനറൽ & ലാപറോസ്കോപ്പി സർജറി, ആസ്റ്റർ മിംസ് കോട്ടക്കൽ, മലപ്പുറം


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇഷ്ടപ്പെട്ട വസ്ത്രമാണെങ്കിലും ശരീരത്തിന്റെ ആകാരമില്ലായ്മ മൂലം വേണ്ടെന്ന് വക്കുന്നവർ നിരവധിയാണ്. പ്രത്യേകിച്ച് സ്ത്രീകൾ. പുരുഷന്മാരെ അപേക്ഷിച്ച് പൊണ്ണത്തടി മൂലം ഏറ്റവും കൂടുതൽ മാനസിക സമ്മർദ്ദത്തിന് ഇടയാകുന്നത് സ്ത്രീകളാണ്. വണ്ണം കൂടുന്നതിനാൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ കഴിയാതെ വരുന്നതും ആത്മവിശ്വാസം നഷ്ടപ്പെടുന്നതും പൊതു ഇടങ്ങളിൽ നിന്ന് അകന്ന് നിൽക്കുന്നതുമെല്ലാം  സ്ഥിരം കാഴ്ചയാണ്. നിത്യ ജീവിതത്തിൽ പല സന്ദർഭങ്ങളിലും അമിതവണ്ണം വിനയായി മാറിയേക്കാം. ഭക്ഷണം നിയന്ത്രിച്ചിട്ടും വ്യായാമം ചെയ്തിട്ടും വണ്ണം കുറയാതെ വരുക കൂടി ചെയ്യുന്നതോടെ പലരിലും വിഷാദ രോഗം ഉൾപ്പെടെ കണ്ടുവരുന്നുണ്ട്. എന്നാൽ  ശാസ്ത്രീയമായ ചികിത്സകളിലൂടെ വളരെ ലളിതമായി പൊണ്ണത്തടി കുറക്കാനുള്ള മാർഗങ്ങൾ ഇന്ന് നിലവിലുണ്ട്. ഈ വനിത ദിനത്തിൽ പൊണ്ണത്തടിയെ കുറിച്ചും വിവിധ ചികിത്സാ മാർഗങ്ങളെ കുറിച്ചും മനസിലാക്കാം.

 # സ്ത്രീകളിലെ പൊണ്ണത്തടിയുടെ കാരണങ്ങൾ

പുരുഷന്മാരെ അപേക്ഷിച്ച് ഇന്ന് സ്ത്രീകളിൽ പൊണ്ണത്തടി കൂടുതലായി കണ്ടുവരുന്നുണ്ട്. ഐ.ടി. മേഖലയിലും ഓഫീസ് ജോലികളിലുമെല്ലാം  അധികം ആയാസമില്ലാതെ ഇരുന്നു കൊണ്ടുള്ള ജോലികളാണ് കൂടുതൽ സ്ത്രീകളും ചെയ്യുന്നത്. ഇത് മൂലം മതിയായ രീതിയിൽ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടാത്തത് കൊഴുപ്പ് അടിഞ്ഞ് കൂടാനും വണ്ണം വെക്കാനും  കാരണമാകുന്നുണ്ട്. നൂതന ഉപകരണങ്ങളുടെ കണ്ടുപിടിത്തത്തോടെ വീട്ടുജോലികൾ ആയാസരഹിതമായി മാറിക്കൊണ്ടിരിക്കുന്നതും വ്യായാമത്തിന് സമയം കണ്ടെത്താത്തതും സ്ത്രീകളിൽ അമിത വണ്ണവും പൊണ്ണത്തടിയും ഉണ്ടാകുന്നതിന്  കാരണമാകുന്നുവെന്നാണ് ചില പഠനങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ഇതോടൊപ്പം ഹോർമോൺ വ്യതിയാനങ്ങളും ജനിതക കാരണങ്ങളും ആരോഗ്യകരമല്ലാത്ത ഭക്ഷണരീതിയും മതിയായ ഉറക്കമില്ലായ്മയുമെല്ലാം പൊണ്ണത്തടിക്ക് കാരണമായേക്കാം. പൊണ്ണത്തടി മൂലം സ്ത്രീകളിൽ പി.സി.ഓ.ഡി അടക്കമുള്ള ആരോഗ്യപ്രശ്നങ്ങളും വന്ധ്യത  സാധ്യതയും കൂടുതലായി കണ്ടുവരുന്നുണ്ട്. 

# ബോഡി മാസ് ഇന്റക്സ്

ശരീരത്തിലെ കൊഴുപ്പിൻ്റെ അളവ് കണക്കാക്കുന്നതിനുള്ള മാർഗമാണ് ബോഡി മാസ് ഇൻ്റക്സ് (ബി.എം.ഐ). കിലോഗ്രാമിലുള്ള ഭാരവും മീറ്ററിലുളള ഉയരവും തമ്മിലുള്ള അനുപാതത്തെ അടിസ്ഥാനമാക്കിയാണ് ബി.എം.ഐ കണ്ടെത്തുന്നത്. ഒരു വ്യക്തിക്ക് അപകടകരമായ രീതിയിൽ അമിത വണ്ണമുണ്ടോ എന്നും മികച്ച ചികിത്സ തിരഞ്ഞെടുക്കുന്നതും ബി.എം.ഐയുടെ അടിസ്ഥാനത്തിലാണ്.  18.5 മുതൽ 24.5 ആരോഗ്യകരമായ  ബി.എം.ഐ.

# വണ്ണം കുറക്കാൻ പല വഴികൾ

ജീവിത ശൈലിയിൽ കൊണ്ടുവരുന്ന മാറ്റങ്ങൾ, മരുന്നുകൾ, ശസ്ത്രക്രിയകൾ തുടങ്ങി വിവിധ ചികിത്സാ രീതികളിലൂടെ  അമിതവണ്ണത്തിനും പൊണ്ണത്തടിക്കും പരിഹാരം കാണാനും കഴിയും. 

ബി.എം.ഐയിൽ നിയന്ത്രിക്കാൻ കഴിയുന്ന വ്യതിയാനം മാത്രമേ ഉള്ളൂ എങ്കിൽ ജീവിതശൈലീ മാറ്റങ്ങൾ, ആരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമം, നല്ല ഉറക്കം തുടങ്ങിയവയിലൂടെ മരുന്നോ ശസ്ത്രക്രിയയോ ഇല്ലാതെ തന്നെ അമിത വണ്ണം പരിഹരിക്കാം. ജീവിതശൈലിയിൽ കൊണ്ടുവരുന്ന മാറ്റങ്ങൾ വഴി   ശരീരഭാരം കുറയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ ലിപ്പോ സക്ഷൻ, ടമ്മി ടക്ക്, അബ്ഡോമിനോ പ്ലാസ്റ്റി, ബാരിയാട്രിക് ശസ്ത്രക്രിയ തുടങ്ങിയ ശസ്ത്രക്രിയ രീതികൾ വേണ്ടി വരും.

# കൊഴുപ്പ് വലിച്ചെടുക്കാൻ ലിപ്പോ സക്ഷൻ

ശരീരഭാഗങ്ങളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നത്  പരിഹരിക്കാനുള്ള ചികിത്സ മാർഗ്ഗമാണ് ലിപ്പോ സക്ഷൻ. താക്കോൽ ദ്വാര ശസ്ത്രക്രിയയിലൂടെ അമിതമായ കൊഴുപ്പ് വലിച്ചെടുക്കുകയാണ് ചെയ്യുന്നത്. രണ്ട് മില്ലിമീറ്റർ മാത്രം വ്യാസമുള്ള സുഷിരങ്ങളിലൂടെ നേർത്ത സൂചി കടത്തിവിട്ട് പ്രത്യേക ഉപകരണത്തിന്റെ സഹായത്തോടെ കൊഴുപ്പ് വലിച്ചെടുക്കുകയാണ് ചെയ്യുന്നത്. ചെറിയ സുഷിരങ്ങൾ ആയതിനാൽ  ചർമ്മത്തിൽ പാടുകളോ  മറ്റ് കലകളോ ഉണ്ടായിരിക്കില്ല. കൊഴുപ്പ് അലിയിച്ച ശേഷമാണ് സൂചി ഉപയോഗിച്ച് വലിച്ചെടുക്കുന്നത്.

# ആകാരഭംഗി വീണ്ടെടുക്കാൻ അബ്ഡോമിനോ പ്ലാസ്റ്റി

വലിയതോതിൽ കൊഴുപ്പ് അടിഞ്ഞു കൂടിയിട്ടുണ്ടെങ്കിൽ നീക്കം ചെയ്താലും ചർമ്മം പഴയ അവസ്ഥയിലേക്ക് തിരിച്ചുവരണമെന്നില്ല. ചർമ്മം അയഞ്ഞ് തൂങ്ങിയ നിലയിലായിരിക്കും. ഈ സാഹചര്യത്തിൽ അധികമുള്ള ചർമം നീക്കം ചെയ്ത് വയറിന്റെ ആകാരഭംഗി വീണ്ടെടുക്കേണ്ടി വരും. ഇത്തരം ചികിത്സാരീതിയാണ് അബ്ഡോമിനോ പ്ലാസ്റ്റി അഥവാ ടമ്മി ടക്ക് എന്ന് പറയുന്നത്. സാധാരണയായി പൊക്കിളിനെ കീഴ്ഭാഗത്തുള്ള കൊഴുപ്പ് നീക്കം ചെയ്യാനാണ് ഈ രീതി പ്രയോജനപ്പെടുത്തുന്നത്. അടിവയറ്റിൽ നേരിയ മുറിവുണ്ടാക്കിയാണ് കൊഴുപ്പ് നീക്കം ചെയ്യുക.

# ബാരിയാട്രിക് ശസ്ത്രക്രിയ 

പൊണ്ണത്തടിക്കുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയാണ് ബാരിയാട്രിക് ശസ്ത്രക്രിയകൾ.  പലതരം ശസ്ത്രക്രിയകൾ ഇന്ന് നിലവിലുണ്ട്.  ബി.എം.ഐയുടെയും മറ്റേതെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതിന്റെയും  അടിസ്ഥാനത്തിലാണ് ഏത് വേണമെന്ന് തിരഞ്ഞെടുക്കുന്നത്. ഭക്ഷണത്തിന്റെ അളവ് കുറക്കുക, ദഹനത്തിലൂടെയുള്ള ഭക്ഷണത്തിന്റെ ആഗിരണം കുറക്കുക എന്നിവയാണ്  ശസ്ത്രക്രിയയിലൂടെ ചെയ്യുന്നത്.

ബി.എം.ഐ 35നും 45നും  ഇടയിലുളളവർക്ക്  അമിത വണ്ണം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ശസ്ത്രക്രിയയാണ് ഉചിതം. 40ന് മുകളിലായാൽ ബാരിയാട്രിക് ശസ്ത്രക്രിയ കൂടാതെ പൊണ്ണത്തടി  കുറക്കാൻ സാധിക്കില്ല എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. സ്ലീവ് ഗ്യാസ്ട്രക്ടമി, ഗ്യാസ്ട്രിക് ബൈപാസ്  എന്നിവയാണ് പ്രധാനപ്പെട്ട ശസ്ത്രക്രിയകൾ. താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ ആമാശയത്തിന്റെ വലിപ്പം കുറക്കുകയാണ് ചെയ്യുന്നത്. ബി.എം.ഐ 45ന് മുകളിലെത്തിയാൽ കൂടുതൽ സങ്കീർണമായ ശസ്ത്രക്രിയകളും നിലവിലുണ്ട്. 

# വണ്ണം കുറക്കാം, ആരോഗ്യ വീണ്ടെടുക്കാം

പൊണ്ണത്തടിക്ക് ശാശ്വതമായ പരിഹാരം നേടാം എന്നതിനൊപ്പം  നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കൂടി പരിഹാരം ലഭിക്കുമെന്നതാണ് ബാരിയാട്രിക് ശസ്ത്രക്രിയകളുടെ സവിശേഷത. ശസ്ത്രക്രിയ  കഴിഞ്ഞ് ഒന്നര വർഷത്തിനുള്ളിൽ  ആരോഗ്യപരമായ വണ്ണത്തിന് (ഐഡിയൽ വെയ്റ്റ്) അടുത്തെത്താൻ കഴിയും. അതേസമയം തീരെ വണ്ണം കുറയുന്ന സ്ഥിതിയും ഉണ്ടാകില്ല. പൊണ്ണത്തടി മൂലമുള്ള അനിയന്ത്രിതമായ പ്രമേഹം, അമിത രക്തസമ്മർദ്ദം, ശാസതടസം ഉണ്ടാക്കുന്ന കൂർക്കം വലി എന്നിവക്ക് ശസ്ത്രക്രിയയുടെ ശാശ്വത പരിഹാരം ലഭിക്കും. രക്തസമ്മർദ്ദത്തിന് മരുന്ന് ഉപയോഗിക്കുന്നവർക്ക് ഇതിന്റെ അളവ് കുറയ്ക്കാനാകും. ക്യാൻസറിനുള്ള സാധ്യത കുറയുകയും വന്ധ്യത ഉള്ളവർക്ക് കുട്ടികൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കുകയും ചെയ്യും. ഇതുമൂലം ഉണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകളിൽ നിന്നും ആത്മവിശ്വാസക്കുറവിൽ നിന്നും മോചനം നേടാമെന്നതും ശസ്ത്രക്രിയയുടെ ഗുണങ്ങളാണ്. 

#ശ്രദ്ധിക്കാം, ശസ്ത്രക്രിയയ്ക്ക് ശേഷവും 

പൊണ്ണത്തടി കുറയ്ക്കുന്നതിനുള്ള ഒരു ഉപായം മാത്രമാണ് ലിപ്പോ സക്ഷനും ബാരിയാട്രിക് ശസ്ത്രക്രിയയുമെല്ലാം.  ഫലം ലഭിക്കണമെങ്കിൽ രോഗിയുടെ സഹകരണം കൂടി അത്യാവശ്യമാണ്.  ജീവിതശൈലിയിൽ മാറ്റം കൊണ്ടുവരികയും ആരോഗ്യകരമായ ഭക്ഷണ ശീലം  തുടർന്നു കൊണ്ടുപോവുകയും വേണം. കൃത്യമായ വ്യായാമം അനിവാര്യമാണ്.  വർഷത്തിലൊരിക്കലെങ്കിലും പരിശോധനകൾ നടത്തണം. ഈ ശീലങ്ങൾ പാലിക്കാതെ വന്നാൽ ഭാവിയിൽ വീണ്ടും പൊണ്ണത്തടി ഉണ്ടാകാനുള്ള സാധ്യത  കൂടുതലാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.