കോട്ടയം : തിരഞ്ഞെടുപ്പിൽ വിമത സ്വരം ഉയർത്തി മത്സരിച്ച് തീവ്ര വർഗീയ കക്ഷികളെ കൂട്ടുപിടിച്ച് പി.സി ജോർജ് ആകാൻ ശ്രമിക്കുന്ന പി.വി അൻവറിന് പിസി ജോർജിന്റെ സ്ഥിതി ഉണ്ടാകുമെന്ന് കേരള യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡൻ്റ് സിറിയക് ചാഴികാടൻ. 140 നിയോജക മണ്ഡലങ്ങളിൽ ഒറ്റക്കെട്ട് നിന്നാൽ 3920 വോട്ടു പിടിക്കാൻ ശേഷിയുള്ള എത്ര പാർട്ടികൾ കേരളത്തിൽ ഉണ്ട് എന്ന പി.വി അൻവറിന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. തീവ്ര വർഗീയ കക്ഷികളെ കൂട്ടുപിടിച്ച് തിരഞ്ഞെടുപ്പിൽ നേട്ടം ഉണ്ടാക്കാനാണ് പി.സി ജോർജിനെ പോലെ അൻവറും ശ്രമിച്ചത്.
ഇത് അപകടകരമാണ് എന്ന് അൻവർ തിരിച്ചറിയുന്നില്ല. അത് തിരിച്ചറിയുമ്പോഴേക്കും ജോർജിന്റെ ഗതി തന്നെയാവും അൻവറിനും ഉണ്ടാവുക. റിബലായി മത്സരിക്കുക റിബൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക തീവ്രവർഗീയ കക്ഷികളുടെ കൂട്ടുപിടിച്ച് എന്ത് നെറികേടിനും ഒപ്പം നിൽക്കുക എന്നിവയാണ് അൻവർ ഇത് വരെ ചെയ്തത്. തിരഞ്ഞെടുപ്പടുക്കുമ്പോൾ പ്രമുഖ രാഷ്ട്രീയപാർട്ടികളിൽ വിമത സ്വരം ഉയർത്തുന്നവരെ പിറകെ നടന്ന് സ്വന്തം കൂട്ടാളി യാക്കുക ഏന്നിട്ട് അയാൾ വ്യക്തിപരമായി പിടിക്കുന്നവോട്ടുകൾ സ്വന്തം മഹിമകൊണ്ടാണെന്ന് മേനി പറയുക ഇതൊക്കെ അൻവറിനെപ്പോലെ റിബൽ പാരമ്പര്യമുള്ളവർക്ക് മാത്രം സാധിക്കുന്നകാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.